ചേട്ടാ..., ഫെസ്റ്റിവലിനു വന്നപ്പോൾ മുതൽ ചേട്ടനെ ഞാൻ ശ്രദ്ദിക്കുന്നു. ലോക സിനിമകളേക്കുറിച്ചൊക്കെ ചേട്ടനു നല്ല അറിവുണ്ടെന്ന് തോന്നുന്നു. ഞാനും ചേട്ടന്റെ കൂടെ കൂടിക്കോട്ടെ...? എനിക്ക് ലോക സിനിമകളേക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്...
തീർച്ചയായും. നിങ്ങളേപ്പോലെ നിങ്ങൾ മറ്റ് ഡെലിഗേറ്റുകളേയും സ്നേഹിക്കണമെന്ന് ഗൊദാർദ് പറഞ്ഞിട്ടുണ്ട് . അനിയൻ എന്റെ കൂടെ കൂടിക്കോളൂ.
ഞാൻ ആദ്യമായിട്ടാണ് IFFK യ്ക്ക് വരുന്നത്. എനിക്കാണെങ്കിൽ ഈ റാഫി മെക്കാർട്ടിന്റെ പടമൊക്കെയാ ചേട്ടാ ഇഷ്ട്ടം. പിന്നെ പറക്കും തളിക, തെങ്കാശിപ്പട്ടണം, രാംജി റാവൂ സ്പീക്കിങ്ങ്... പക്ഷേ ഇപ്പോ എനിക്ക് മനസ്സിലായി. അതൊന്നും ഒരു സിനിമയേ അല്ലെന്ന്.
തെങ്കാശിപ്പട്ടണം, പറക്കും തളികയൊക്കെ ഒരു പടമാണോ? അനിയന്റെ ആസ്വാദന നിലവാരം തിരശ്ചീനമായ ഒരു ലംബോദ്യുക്തിയുടെ നിർലജ്ജീകരണപരമായ അപകൽപ്പതാ നിർമിതിയുടെ സ്വരൂപത്തിലൂടെയാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഉത്തമ കലാസൃഷ്ട്ടികളെ വേണം നാം എല്ലായ്പ്പോഴും ആസ്വദിക്കാൻ. ആട്ടെ, അനിയൻ എങ്ങനെയാണ് ഫെസ്റ്റിവലിനേക്കുറിച്ച് അറിഞ്ഞത്?
ഫേസ്ബുക്കിൽ പലരും അവരുടെ പ്രൊഫൈലുകളിൽ ഡെലിഗേറ്റഡ് പാസുകൾ പോസ്റ്റ് ചെയ്തിട്ടുണ്ടായിന്നല്ലോ. എനിക്കത് എന്താണെന്ന് ആദ്യം മനസ്സിലായില്ല. ഞാൻ കരുതിയത്, എല്ലാവർക്കും ഇൻഫോസിസിൽ ജോലി കിട്ടിയെന്നാണ്. അവരുടെ സ്റ്റാഫ് ഐഡി കാർഡ് പോസ്റ്റുചെയ്തതാരിക്കുമെന്നാണ് കരുതിയത്. അത് കണ്ട് എന്റെ അമ്മ പറഞ്ഞത്, "കണ്ടോ ഫേസ്ബുക്കിൽ കളിച്ചിരുന്ന അവർക്കൊക്കെ നല്ല കമ്പനീൽ ജോലി കിട്ടി നിനക്ക് ഒരുമൂട് ചേന പോലും കിട്ടിയില്ലല്ലോ" എന്നാണ്.
വാട്ട് എ പുവർ അമ്മ?!!!
പിന്നീടാണ് ഇതൊക്കെ ഡെലിഗേറ്റഡ് പാസുകളാണെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നൊട്ടും വൈകിയില്ല. എന്താ ഏതാന്നൊന്നും തിരക്കാതെ ഞാനും ഒരെണ്ണമങ്ങ് സംഘടിപ്പിച്ചു.
എന്തായാലും തെങ്കാശി പട്ടണം പോലുള്ള അഗ്ലീ കൊമേഴ്സ്യൽ ഫിലിംസ് ആസ്വദിച്ച അനിയൻ, ഇന്ന് ഈ IFFK വേദിയിൽ ലോകസിനിമകൾ കാണാൻ വന്നു എന്നത് എന്നെപ്പോലൊരു മഹാനായ കലാ ആസ്വാദകനെ അപഭ്രമനത്തിന്റെ മുഗ്ദമായ പരികൽപ്പനകൾക്കൊണ്ട് രോമഹർഷം ചെയ്യുന്നു. കൺഗ്രാറ്റ്സ് ബ്രോ. വരൂ നമുക്ക് ലോക സിനിമകളേക്കുറിച്ച് അൽപ്പ നേരം ചർച്ച ചെയ്യാം.
എന്നാ ഒരു ചായേം ബർഗറും ഓർഡർ ചെയ്യട്ടെ ചേട്ടാ...?
ചായ ഓർഡർ ചെയ്തോളൂ. ബർഗർ വേണ്ട. ബർഗറിനു പകരം ബർഗ് മാനേക്കുറിച്ച് സംസാരിക്കാം.
ബർഗറ് ഓർഡർ ചെയ്യാം ചേട്ടാ. ബെർഗറ് കഴിച്ചാൽ വിശപ്പ് മാറും. ബർഗ് മാനേ നേക്കുറിച്ച് പറഞ്ഞാൽ വിശപ്പ് മാറില്ലല്ലോ.
എന്നാപ്പിന്നെ അങ്ങനെ...
ഇവിടെങ്ങനാ, നല്ല ഇടിവെട്ട് സിനിമകളൊക്കെ കാണാൻ പറ്റുവോ ചേട്ടാ? ഈ അവഞ്ചേഴ്സ് ഒക്കെപ്പോലെ?
ഇല്ല. സാംസ്കാരിക അവബോധനത്തിനുള്ള മാധ്യമ ശ്രോതസ്സായ ചില ലക്ഷ്യങ്ങളെ ജാഗരൂഗരായി പിന്തുടരുന്ന ലാവണ്യ ശൃംഘലകളുടെ മ്ലേച്ചോൽപ്പത്തിയാണ് മൂന്നാം ലോക സിനിമകൾ. ആഗോളവ്യാപ്തിയേയും ദേശീയോദ്ഗ്രഥനത്തേയും പ്രതിഭാപരമായ കീഴ്വഴക്കങ്ങൾ കൊണ്ട് ലംഘിക്കുന്ന അക്രമ രാഷ്ട്രീയമാണ് ഫിലിം ഫെസ്റ്റിവലുകൾ. ഇവ സംവേദിക്കപ്പെടുന്ന സിനിമകളുടെ ഉദ്ധേശ ശുദ്ധി, കീഴാള പരിവർത്തനവും ഫ്രോയിഡിയൻ ബ്ലിംബ്ലോബ്ലാബ്ലൂയൂമാണ്. മനസ്സിലായോ?
മനസ്സിലായി. ചേട്ടാ, ദേ ചായേം ബർഗറുമെത്തി.
അനിയൻ തർക്കോവിസ്കിയെ അനുഭവിച്ചിട്ടുണ്ടോ?
വൈറ്റ് റമ്മും ബ്രാൻഡിയുമൊക്കെ അനുഭവിച്ചിട്ടുണ്ട്. വിസ്കി ഇതുവരെ അനുഭവിച്ചിട്ടില്ല...
ഫെല്ലിനിയെ അറിയാമോ?
ഇല്ല. ഇറ്റാലിയൻ ഫുട്ബോളർ ചെല്ലിനിയെ അറിയാം. വേൾഡ് കപ്പിൽ അവരുടെ സെന്റർ ബാക്ക് ആരുന്നു.
റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ട്രൂട്ടോവിസ്കിയുടെ പൊറോട്ടാവിക്സി എന്ന ക്ലാസിക്ക് ഇന്ന് ഓടുന്നുണ്ട്. നമുക്കത് കാണണം. അനിയന്റെ സിനിമാ ആസ്വാദന ജീവിതത്തിൽ അഭയാർഥിത്വത്തിന്റേയും ജന്മദേശ വ്യക്തിത്വത്തിന്റേയും ആദിമാന്ത്യമുള്ള സാംബ്രദായിക കലാ സങ്കൽപ്പത്തെ അത് സ്ഫോടനാത്മകമായ ഒരു തുലനത്തിന്റെ സങ്കീർണതയിൽ വിലയം ചെയ്യിക്കുന്ന വിധമുള്ള ഒരു ബ്ലിംബ്ലോബ്ലാബ്ലൂ ആയിത്തീരും. മനസ്സിലായോ?
മനസ്സിലായി. ചേട്ടൻ ഇത്രേം പറഞ്ഞതിന്റേം, ഞാനിത്രേം മനസ്സിലാക്കിയതിന്റേം ക്ഷീണത്തിൽ, ഒരോ ബർഗ് മാനൂടെ ഓർഡർ ചെയ്യട്ടെ ചേട്ടാ?! സപ്ലയർ, രണ്ട് ബർഗ് മാൻ... സോറി രണ്ട് ബർഗർ...
അയിക്കോട്ടെ. അനിയൻ സത്യജിത് റായുടെ സിനിമ കണ്ടിട്ടുണ്ടോ?
ഐശ്വര്യാ റായിയുടെ ധൂം കണ്ടിട്ടുണ്ട്. പിന്നെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മൊഹബത്തേൻ ഒക്കെ. കൂടുതൽ കണ്ടിട്ടില്ല.
പാഥേർ പാഞ്ചാലി കണ്ടിട്ടുണ്ടോ?
ഇല്ല. പ്യാർ ഇഷ്ഖ് ഔർ മുഹബത് കണ്ടിട്ടുണ്ട്.
എലിപ്പത്തായം?
എലിയെ പിടിക്കുന്നതാണോ? കാർട്ടൂൺ നെറ്റ്വർക്കിൽ ടോം ആന്റ് ജെറി കണ്ട് ചിരിച്ച് ചിരിച്ച് ചത്തിട്ടിണ്ട്... പിന്നെ പുലിയെ പിടിക്കുന്ന മൃഗയ...
ഫിലിം ഫെസ്റ്റിവലുകളിലൂടെ - ലറ്റിനമേരിക്ക, ഇറാൻ, കൊറിയ, ഫിലിപ്പിയൻസ്, തായ്വാൻ, തായ് ലാന്റ്, തായ്ക്കൊണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മഹത്തായ ചിത്രങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്.
ഇപ്പഴാ വെശപ്പ് മാറിയത്... ഗ്വേം... (ഏമ്പക്കം)
പിന്നെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, രാജസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്തമ കലാസൃഷ്ട്ടികളും ഇത്തവണത്തെ മേളയിലുണ്ട്.
ഫക്ക് ബെക്കിസ്ഥാനീന്ന് പടങ്ങളൊന്നുമില്ലേ ചേട്ടാ?
ഇല്ലെന്നാണ് തോന്നുന്നത്. സിമ്പിളായി പറയുകയാണെങ്കിൽ, ചില രാജ്യങ്ങളിലെ രാഷ്ട്രീയവും വലതുപക്ഷ സമഭാവനകളുടെ ബോൾഷെവിക് തന്ത്രങ്ങളുമൊക്കെ കൂടിച്ചേരുമ്പോൾ, ഡിജിറ്റൽ സമാനതകളിലെ അനുരൂപകൽപ്പനകളിൽ ചക്രവാളത്തിന്റെ ഉത്തുംഗത വിഹരിക്കുന്നതു കൊണ്ട്, സാങ്കേതികമായ തടസ്സങ്ങളാൽ അത്തരം പ്രതിക്രീയാ വാദികളുടെ വിഘടന സിനിമകൾക്ക് ഇവിടെ പ്രവേശനം ലഭിക്കാറില്ല എന്നതൊരു ബ്ലിംബ്ലോബ്ലാബ്ലൂയാണ്. അതാണ് ഫക് ബെക്കിസ്ഥാനിൽ നിന്നും ഇത്തവണ സിനിമയൊന്നും ഇല്ലാത്തത്. അനിയന് മനസ്സിലായെന്ന് വിശ്വസിക്കുന്നു...?!
മനസ്സിലായി. മനസ്സിലായി.
ഇപ്രാവശ്യം ആരാധകപ്രതീക്ഷയുടെ വാനര വീര്യം ഉത്തുംഗലിക്കാൻ പോകുന്നത് അന്തർഗതങ്ങളും ബഹിർസ്ഫുരണങ്ങളും ആഖ്യാനം ചെയ്യുന്ന അർധ നാടോടിത്തം കലർന്ന മ്ലേശ്ചാഭാസപക്രിയാവിളുമ്പിതബ്ലിംബിതമായ, ഫെസ്റ്റിവൽ സ്റ്റാർ കിം കി ഡൂക്കിന്റെ പടത്തിനായിരിക്കും. അനിയൻ കിം കി ഡൂക്കിനെ അനുഭവിക്കാതെ പോകരുത്.
അനുഭവിക്കുക എന്നു പറഞ്ഞാൽ...???
അദ്ദേഹത്തിന്റെ സിനിമയെ അടുത്തറിയുക. അതാണ് വ്യംഗ്യം. ബൗദ്ധീക തലത്തിൽ ഊന്നിയുള്ള എന്റെ സംസാര പ്രഹേളികയിൽ കൂടെക്കൂടെ കടന്നു വരുന്ന സൈധാന്തികമായ ഒരു വാക്കാണ് അനുഭവം എന്നത്. ഇൻഡ്യയിലെ ഫാസിസത്തിനെതിരേ കിം കി ഡൂക് പ്രതിഷേധിക്കുന്ന അഭ്ര കാവ്യമാണ് ഇത്തവണത്തെ അദ്ദേഹത്തിന്റെ സിനിമയായ ബ്ലിംബ്ലോബ്ലാബ്ലൂ.
ഓഹോ?!!!
നമ്മൾ, രാഷ്ട്രത്തിലെ എല്ലാ പൗരൻമ്മാരും ഈ സിനിമ കണ്ട് ഫാസിസത്തിനെതിരേ പ്രതികരിക്കണം.
എങ്ങനെ പ്രതികരിക്കും?
ഇപ്പോൾ ഷാരൂഖ് ഖാൻ, അമീർഖാൻ എന്നിവർ ഫാസിസത്തിനെതിരേ പ്രതികരിച്ചില്ലേ. പക്ഷേ നമുക്ക് നേരിട്ട് ചിലപ്പോൾ പ്രതികരിക്കാൻ പറ്റിയെന്ന് വരില്ല. അപ്പോൾ നാം, എല്ലാ സഹിഷ്ണുതയ്ക്കും എതിരേ അമീർ ഖാൻ, സല്മാൻ ഖാൻ, ജാക്കീ ചാൻ എന്നിവരുടെ സിനിമകൾ കുത്തിയിരുന്നു കണ്ട് അസഹിഷ്ണുതയ്ക്കും, ഫാസിസത്തിനുമെതിരേ ശക്തമായി പ്രതികരിക്കും. എങ്ങനെയുണ്ട്?
കൊള്ളാം ചേട്ടാ. അന്യായം.
സംസാരിച്ചിരുന്ന് നേരം പോയി. വരൂ ഇപ്പോൾ ത്രൂഫോയുടെ സിനിമാ തുടങ്ങും. നമുക്കത് കാണാം.
ആരാ ചേട്ടാ ഈ ത്രൂഫോ?
അതാരാന്ന് എനിക്കും അറിയില്ല. വേറൊരുത്തൻ രാവിലെ പറയുന്നത് കേട്ടു ഇന്ന് ത്രൂഫോയുടെ ഒരു ക്ലാസിക്ക് പ്രദർശിപ്പിക്കുന്നുണ്ടെന്ന്. വരൂ നമുക്ക് ത്രൂഫോയെ അനുഭവിക്കാം....
ചേട്ടാ ഓഫ് ടോപ്പിക്കായ ഒരു കാര്യം ചോദിച്ചോട്ടെ. ഇന്ന് കിസ്സ് ഓഫ് ലവ് നടക്കുന്നുണ്ടോ ഇവിടെ?
കിസ് ഓഫ് ലവ്വോ? എന്തിന്? ഇല്ലെന്നാണ് തോന്നുന്നത്.
അല്ല കഴിഞ്ഞ പ്രാവശ്യം ഇതേ പോലെ ഫെസ്റ്റിവൽ വേദിയിൽ കിസ്സ് ഓഫ് ലവ് നടന്നു എന്ന് കേട്ടാരുന്നു.
ഇല്ല. എന്റെ അറിവിൽ ഇപ്രാവശ്യം അത് ഇല്ല. വേണമെങ്കിൽ നമുക്കൊന്ന് പോയി നോക്കാം...
അതെന്തിനാ ചേട്ടാ?
അല്ല. ചിലപ്പോ കിസ്സ് ഓഫ് ലവ്വ് നടക്കുന്നുണ്ടെങ്കിലോ?!!!
കിസ്സ് ഓഫ് ലവ് നടക്കുകയാണെങ്കിൽ, അത് കാണുന്ന തിരക്കിനിടയ്ക്ക് നമുക്ക് ലോക സിനിമകളേക്കുറിച്ച് സംസാരിക്കാൻ പറ്റുവോ ചേട്ടാ?
പിന്നെന്താ?! നമുക്ക് പെഡ്രോ ആൽമഡോവാർനേക്കുറിച്ച് സംസാരിക്കാം. അടൂരിന്റെ പൊന്തൻ മാടയേക്കുറിച്ച് സംസാരിക്കാം. എന്തിനധികം, മൃണാൾ സെന്നിനേക്കുറിച്ച് പോലും സംസാരിക്കാം.
ഇവിടെ സുസ്മിതാ സെന്നിനേക്കുറിച്ച് സംസാരിച്ചാൽ കുഴപ്പമാകുമോ ചേട്ടാ?
നിബിഡവും ശബ്ദസ്ഥായിയുടെ ഉച്ചസ്ഥായിയിലുള്ളതുമായ ഒരു ലാവണ്യ പരകായ പ്രവേശത്തിന്റെ, ലിബറൽ ആശയങ്ങളിലൂടെ ഉരുത്തിരിയുന്ന സ്വതന്ത്രചിന്തകളുടെ ജുഗുപ്സാവഹമായ പ്രയോക്തിയാണ് കിസ് ഓഫ് ലവ്വും, മേളയിലെ സിനിമകളും. രണ്ടും ഒരേ സമയം നമുക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ നാം ഇവിടുത്തെ കൾച്ചർലെസ്സ് പീപ്പിളുകളേക്കാളും ഒക്കെ ബുദ്ധിജീവിപരതയുടെ ഉന്നതിയിലെത്തും. നാം മഹാൻമ്മാരായ കലാ സ്നേഹികളായി പരിണമിക്കും. അതാണ് ഉത്പ്രേക്ഷാപരതയുടെ അന്തസത്തയാർന്ന ഒരു ബ്ലിംബ്ലോബ്ലാബ്ലൂ മനസ്സിലായോ?
മനസ്സിലായി. ചേട്ടനോട് സംസാരിച്ചതോടെ ഞാനും ഇപ്പോഴൊരു ബുദ്ധിജീവിയായി മാറിയിരിക്കുന്നു. ഡെലിഗേറ്റഡ് പാസിനെ ഇൻഫോസിസിലെ ഐഡികാർഡായി തെറ്റിദ്ധരിച്ച എന്റെ കേവല വിവരത്തെ ഞാനിപ്പോ പുശ്ചിക്കുക്കുന്നു. ഫിലിം ഫെസ്റ്റിവലിനേക്കുറിച്ച് ഒന്നുമറിയാത്ത എന്റെ അമ്മയെ ഞാനിപ്പോ വെറുക്കുന്നു. എന്റെ ജീവിതം ഇപ്പോൾ മുതൽ, സമൂഹിക സാംസ്കാരിക വിവേചനപരതയുടെ പ്രഖ്യാപിത ഉൻമൂലനങ്ങൾക്കെതിരേ, ചെറുക്കപ്പെടുന്ന ഒരു അന്തർപ്രചണ്ടമായ ബാഹ്യ സ്വരൂപാർഥകളങ്കിതമായ മറ്റൊരു ബ്ലിംബ്ലോബ്ലാബ്ലൂയൂ ആയി മാറിത്തീർന്നിരിക്കുന്നു. താങ്ക്സ് ചേട്ടാ.
വെൽഡൺ ബോയ്. നീ ഇപ്പോഴാണൊരു യഥാർഥ കലാ ആസ്വാദകനായത്.
എന്നാ നമുക്ക് പോയി കുർക്കോ വിസ്ക്കീടെ പടം കണ്ടാലോ ചേട്ടാ? ഞാനിതു വരെ ആകെക്കൂടി കണ്ടിട്ടുള്ളത് എന്റെ അമ്മ, ചേച്ചീടെ കുഞ്ഞിന് കുറുക്ക് കുറുക്കിക്കൊടുക്കുന്നത് മാത്രമാണ്. കുർക്കോവിസ്കിയെക്കുർച്ച് കേട്ടിട്ടു പോലുമില്ലായിരുന്നു. എന്നാൽ ഇന്നു മുതൽ, ദാ ഇപ്പോൾ മുതൽ ഞാൻ കുറ്ക്കുറോവിസ്ക്കീടെ വലിയ ഫാൻ ആയി സ്വയം പ്രഖ്യാപിക്കുന്നു. അയാം ദി സ്റ്റേറ്റ്!!!
തർക്കോ വിസ്കിയെ ഇഷ്ട്ടപ്പെടുന്നതിനൊപ്പം, ഇനി പറക്കും തളികയും, തെങ്കാശി പട്ടണവും ഒരിക്കൽ പോലും കാണില്ല എന്നു കൂടി അനിയൻ പ്രതിജ്ഞ എടുക്കണം.
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഇരുളും വെളിച്ചവും മാറി മാറി വരുന്ന ആർട്ട് ഫിലിമുകളേ ഞാനിനി കാണൂ. ഇതു സത്യം സത്യം സത്യം!!!
എങ്കിൽ എന്റെ ഒപ്പം IFFK നഗരിയിൽ നിൽക്കുന്ന ഒരു സെൽഫി വേഗമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തോളൂ.
അതെന്തിനാ?
എങ്കിലേ എഫ്.ബിയിലെ കണ്ട്രീ ഫെലോസ് അനിയനെ ബഹുമാനിയ്ക്കൂ...
എങ്കിൽ ദേ ഈ സെൽഫിയ്ക്ക് ഒന്നു പോസ് ചെയ്തേ ചേട്ടാ.
അടിക്കുറിപ്പിൽ എന്റെ പേരെഴുതി ടാഗ് ചെയ്തിട്ട്, "ഫെസ്റ്റിവൽ വേദിയിൽ എന്നോടൊപ്പം" എന്ന് പ്രത്യേകം എഴുതുകയും വേണം കേട്ടോ?
അതെന്തിനാ?
അല്ല, അനിയന്റെ ഫ്രെണ്ട് ലിസ്റ്റിലുള്ള വിവരം കെട്ട പീപ്പിൾസ് വിചാരിക്കും ഞാനെന്തോ വലിയ സംഭവമാണെന്നും നിനക്ക് എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പറ്റിയല്ലോ എന്നും. ഈ ഫോട്ടോ എന്റെ പ്രൊഫൈലിലേക്ക് ടാഗ് ചെയ്യുമ്പോൾ, അതു കാണുന്ന എന്റെ ഫ്രെണ്ട് ലിസ്റ്റിലുള്ളവർ കരുതും ഞാൻ ഏതോ വല്യ പുള്ളീടെ ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തേക്കുന്നു എന്ന്. ചുളുവിൽ നമ്മൾക്ക് രണ്ടു പേർക്കും ഒരു ബുദ്ധിജീവി പരിവേഷം കിട്ടുന്നു. എങ്ങനെയുണ്ട്?
ഹ്ഹ്... അതു കൊള്ളാം. നമ്മൾ രണ്ടുപേരും എന്തോ വല്യ സംഭവമാണെന്ന് FB യിലുള്ളവൻമ്മാര് കരുതും. ഹ്ഹ് കിടു. ചേട്ടൻ വാ. ഇതാ IFFK 2015 സെൽഫി റെഡി.
ക്ലിക്ക്!!!
ശുഭം.
നന്ദി
നന്ദി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ