പറയൂ, നമുക്ക് എന്തിനും പരിഹാരമുണ്ടാക്കാം.
ഇവിടെ റിസപ്ഷനിൽ ഒരു ലേഡി ഉണ്ടായിരുന്നല്ലോ? അവർ ലീവാണോ?
അതാണോ താങ്കളുടെ പ്രശ്നം?
അല്ല ഞാൻ വെറുതേ ചോദിച്ചെന്നേയുള്ളു...
അവരിപ്പോ ഇവിടില്ല.. വന്ന കാര്യം പറയൂ...
സാർ, കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് എന്റെ ജീവിതം ആകെ തകിടം മറിയുന്നത്. ആക്സ്മികതകളുടെ ഒരു കൂമ്പാരം എന്നെ പിന്തുടരാൻ തുടങ്ങുന്നത് അന്ന് മുതലാണ്.
വ്യക്തമായില്ല..?
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഞങ്ങൾ - ഞാനും ഭാര്യയും മൂന്നു മക്കളും, പിന്നെ അടിച്ച് തളിക്കാരി ജാനുവും - പുതിയ ബംഗ്ലാവിലേക്ക് താമസം മാറിയത്. അതൊരു ഒഴിഞ്ഞ കോണിലെ ഒറ്റപ്പെട്ട ബംഗ്ലാവായിരുന്നു.
അത് നല്ല കാര്യമല്ലേ?!!!
അവിടം വരെ നല്ല കാര്യമാണ്. ബാക്കിയാണ് പ്രശ്നം. അന്ന് രാത്രി എകദേശം 12 മണിയോടടുത്ത് ഞാൻ സിറ്റൗട്ടിൽ ഒരു സിഗരറ്റും വലിച്ചോണ്ട് നിൽക്കുമ്പോഴാണ് അവിചാരിത സംഭവങ്ങൾ ആരംഭിക്കുന്നത്.
എന്ത് സംഭവം?
നല്ല കുളിരുള്ള രാത്രിയായിരുന്നു അത്. പെട്ടന്ന് - സിറ്റൗട്ടിലെ ലൈറ്റ്, കിർ കിർ എന്നൊരു ശബ്ദത്തോടെ ചിമ്മി ചിമ്മി ഓഫായി. ഒട്ടൊരു നിമിഷം കഴിഞ്ഞ് ലൈറ്റ് വീണ്ടും ഓൺ ആയി. പക്ഷേ തൊട്ടടുത്ത നിമിഷത്തിൽ അത് വീണ്ടും ചിമ്മി ചിമ്മി അണഞ്ഞു. ഇങ്ങനെ അണഞ്ഞും തെളിഞ്ഞും കുറേ നേരം...
അതിനെന്താണ്. പുതിയ സർക്കാര് കേറിയപ്പോ തൊട്ട് ഇവിടെ ലോഡ് ഷെഡ്ഡിങ്ങും, പവർ കട്ടും തുടങ്ങീട്ടുണ്ട്. എല്ലാം വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ കുഴപ്പമാണ്.
അതല്ല സാർ... ഒരു രൂപം... ലൈറ്റ് ഓഫ് ആകുന്ന വേളയിൽ ഇരുളിൽ ഒരു അവ്യക്തമായ രൂപം... അതിങ്ങനെ തറയിലിരുന്ന്...
തറയിലിരിക്കുന്ന രൂപമോ? അതാരാണ്?
ഞാനാദ്യം കരുതിയത് അടിച്ച് തളിക്കാരി ജാനു തറ തുടയ്ക്കുന്നതായിരിക്കുമെന്നാണ്. അവൾ ചിലപ്പോ ഉറക്കം വന്നില്ലെങ്കിൽ, രാത്രി പന്ത്രണ്ട് മണിക്കൊക്കെ ചുമ്മാ എഴുനേറ്റിരുന്ന് തറ തുടയ്ക്കാറുണ്ട്. ഒരിക്കൽ എന്തിനാണ് രാത്രീൽ തറ തുടയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, "ഒരു അടിച്ച് തളിക്കാരിയായി ജനിച്ച് പോയില്ലേ, വേറെന്താണ് ഞാൻ ചെയ്യേണ്ട"തെന്നാണ്. ഇതും അതുപോലെയാവും എന്ന് കരുതി, ജാനൂ എന്ന് വിളിച്ച് ഞാൻ വികാര ഭരിതമായി അവൾക്കടുത്തേക്ക് ചെന്നു. പെട്ടന്ന് ലൈറ്റ് തെളിഞ്ഞു. രൂപം അപ്രത്യക്ഷം!!!
ഓഹ്...
സാറിനറിയാമോ, എന്റെ ഹൃദയം നിലച്ചത് പോലെയായിപ്പോയി. ഒരു കുളിർന്ന തണുപ്പ് എന്നെ വന്ന് പൊതിഞ്ഞു. എന്റെ രോമ കൂപങ്ങൾ, ദേ എന്റെ കയ്യിൽ സാറിന് കാണാമോ - ഇതേ പോലെ - അന്ന് എഴുന്ന് നിന്നു. ആ സിറ്റൗട്ടിന്റെ ഏകാന്തതയിൽ വെച്ച് അകാരണമായൊരു ഭയം എനിക്ക് ഉൾക്കിടിലമുണ്ടാക്കി...
അതൊക്കെ വെറും തോന്നലായിരിക്കും. ഇരുളിൽ നാം അങ്ങനെ പല മിഥ്യാ ഭ്രമകൽപ്പനകൾക്കും വിധേയമായിപ്പോകാറുണ്ട്...
എന്തായാലും ഞാനുടനേ റൂമിലേക്ക് പോയി. ബെഡ്ഡിൽ പുതച്ച് കിടന്നു. ജനാലയിലെ ഗ്ലാസ് ഡോർ തുറന്നിട്ടിരിക്കുകയായിരുന്നു. വെള്ളയിൽ നീല പൂക്കളുള്ള ജനൽ കർട്ടൻ കാറ്റിൽ വല്ലാതെ ഉലഞ്ഞു കൊണ്ടിരുന്നു...
ഭാര്യയോട് താങ്കൾ ഇത് പറഞ്ഞില്ലേ?
ഇല്ല. ഭാര്യ വേറേ മുറിയിലാണ് കിടക്കുന്നത്.
അപ്പോൾ മക്കളോ?, മൂന്നു മക്കളുണ്ടെന്നല്ലേ പറഞ്ഞത്?
മൂന്നിനേം മൂന്നു റൂമിൽ മുമ്മൂന്നായിട്ടാണ് കിടത്തിയിരിക്കുന്നത്.
ജാനു എവിടെയാണ് കിടക്കാറ്?
ചിലപ്പോൾ എന്റെ കൂടെ കിടക്കും. മറ്റു ചിലപ്പോൾ ചായ്പ്പിന്റെ കോണിൽ ഒറ്റയ്ക്കും.
ഹൈ! നിങ്ങൾ ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് കിടന്നാൽ എന്താണ് കുഴപ്പം? അതേ പോലെ കുട്ടികൾ മൂന്നും ചെറിയ പ്രായമല്ലേ. അവരെ മൂന്നുപേരേയും ഒരു മുറിയിലല്ലേ കിടത്തേണ്ടത്..?
ഞങ്ങൾ ഇങ്ങനെയാണ് സാർ... ഒഴിഞ്ഞ ബംഗ്ലാവ് വാങ്ങുക, അവിടെ ഒറ്റയ്ക്കൊറ്റയ്ക് കിടക്കുക, രാത്രിയിൽ ഇറങ്ങി നടക്കുക, അത് ഞങ്ങളുടെ ഒരു ശീലമാണ്. എങ്കിലേ ദുർശക്തികൾക്ക് ഞങ്ങളെ എളുപ്പം വേട്ടയാടാൻ പറ്റൂ...
ഓക്കെ, എന്നിട്ട്... അതായത് താങ്കൾ കിടന്നതിനു ശേഷം?
കിടന്നതിനു ശേഷം അങ്ങകലെ നിന്നും നായ്ക്കളുടെ ഓരിയിടീൽ കേൾക്കുന്നുണ്ടായിരുന്നു. ആ ശബ്ദം മലമടക്കുകളിൽ നിന്ന് ഒരു പ്രത്യേക സംഘഗാനം പോലെ ഒഴുകി വന്നു. മൂങ്ങായും നത്തും മൂളുന്നുണ്ടായിരുന്നു... പെട്ടന്ന് കരണ്ട് പോയി...
എന്ന്...ന്നി...ട്ട്...
പൊടുന്നനെ ഒരു സത്വം, എന്റെ തൊട്ടടുത്ത്... ഓഹ് ഗോഡ്... കറുത്തിട്ട്.... എന്റെ തല പമ്പരം കറങ്ങുന്നത് പോലെ കറങ്ങിപ്പോയി. എന്റെ ഞരമ്പിൽ നിന്നും ഒരു വെള്ളിടി തലച്ചോറിലേക്ക് ഇരമ്പിയെത്തി...
ഊഹ്ഹ്..
ഇപ്പോ സാറിനും ഒരു ചെറിയ ഭയം വരുന്നില്ലേ സാർ ?
ചെറുതായിട്ട്...
അപ്പോ അന്ന് എന്റെ അവസ്ഥ എന്തായിരിക്കും?!!!
തുടർന്നോളൂ...
പെട്ടന്ന് ഡ്രോയിങ്ങ് റൂമിൽ ഒരു പതുങ്ങിയ ശബ്ദം കേട്ടു. ഞാൻ ചെവി കൂർപ്പിച്ചു. അത് ആരോ പാട്ട് പാടുന്നതാണെന്ന് എനിക്ക് ബോദ്ധ്യമായി. . ഒരു ചെറിയ കുട്ടിയുടെ നേഴ്സറി പാട്ട് പോലുണ്ട്. ആരാണീ പാതിരാത്രിയ്ക്ക് നേഴ്സറി പാട്ട് പാടുന്നത്???
ആരാണ്? താങ്കളുടെ കുട്ടികളിലാരെങ്കിലും ആയിരിക്കും.
എന്റെ കുട്ടികൾക്ക് ആകെക്കൂടി അറിയാവുന്നൊരു പാട്ട് "പ്രേമമെന്നാൽ എന്താണ് പെണ്ണേ... അത് കരളിനുള്ളിലെ തീയാണ് കണ്ണേ" എന്ന പാട്ടാണ്. അവരിന്ന് വരെ ഒരു നേഴ്സറി പാട്ടോ, സ്കൂളിലെ പോയമോ ചൊല്ലുന്നത് ഞാൻ കേട്ടിട്ടു പോലുമില്ല.
നല്ല കുട്ടികൾ.
എനിക്കൊരു കാര്യം ഉറപ്പായി സാർ. ഈ വലിയ ബംഗ്ലാവിൽ ഞങ്ങളല്ലാതെ മറ്റാരുടെയോ സാന്നിദ്ധ്യം കൂടിയുണ്ട്. വളരെ ക്രൗര്യവും ബാഭത്സവുമായ എന്തോ ഒന്ന്. വെളിച്ചത്തിൽ മറഞ്ഞിരിക്കുകയും, ഇരുളിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു... ഒരാൾ...
രാമൻ രാഘവൻ ആയിക്കൂടേ?
ഇത് രാമൻ രാഘവനല്ല സാർ. കാരണം കയ്യിൽ ചുറ്റികയോ കമ്പിപ്പാരയോ ഒന്നും കണ്ടില്ല...
തുടർന്നോളൂ...
ഞാൻ കോറിഡോറിലൂടെ നേഴ്സറി ഗാനം കേൾക്കുന്നിടം ലക്ഷ്യമാക്കി പതുക്കെ ചുവടുകൾ വെച്ചു. ലൈറ്റ് വീണ്ടും കിർ കിറാന്ന് ചിമ്മി ചിമ്മി ഓഫ് ആകുകയും തെളിയുകയും ചെയ്ത് കൊണ്ടിരുന്നു. കോറിഡോറിന്റെ തെക്കേയറ്റം, സ്റ്റോർ റൂമാണ്. അത് അടഞ്ഞ് കിടക്കുന്നു. ഞാൻ പതിയെ അതിന്റെ വാതിൽ തുറന്നു. നിശബ്ദതയിൽ അരണ്ട ശബ്ദം ചിലമ്പിച്ചു. കിർർർർർർർ... അപ്പോൾ...
അപ്പോൾ...???
സ്റ്റോർ റൂമിൽ പഴയ ഒരു ബ്ലാക് ആന്റ് വൈറ്റ് ടീവി ഓൺ ചെയ്ത് വച്ചിരിക്കുന്നു. ആരാണത് ഓണാക്കിയതെന്ന് ഇപ്പോഴും അറിയില്ല...
ബ്ലാക് ആന്റ് വൈറ്റ് ടീവിയൊക്കെ ഇപ്പോഴുമുണ്ടോ? ഇനിയെങ്കിലും ഒരു എൽ ഇ ഡി ടീവി വാങ്ങിക്കൂടേ?
ഒഴിഞ്ഞ ബംഗ്ലാവിൽ പഴയ ടീവിയൊക്കെയേ കാണൂ സാർ.
ഓക്കെ. എന്നിട്ട്?
ടീവിയിൽ ദൂരദർശന്റെ കൃഷിദർശൻ ഓടുന്നു. അതോ, വയലും വീടുമാണോ??? എന്തായാലും അതിൽ ഒരു കൊച്ച് കുട്ടി തല കുനിച്ചിരുന്ന് "തെയ്യാ തിനാരോ തെയ്യാ തിനാരോ തെയ്തകം താരോ" എന്ന വയലും വീടും ഈരടികൾ പാടുകയാണ്...
നല്ല പാട്ടാണ്. കേബിൾ ചാനലുകൾ വന്നതോടെ അതൊക്കെ കേൾക്കാതെയായി.
ഞാൻ ടീവി ഓഫാക്കാൻ അതിന്റെ ബട്ടണിൽ തൊട്ട ഉടനേ പൊടുന്നനെ പാട്ട് നിന്നു. ആ കുട്ടി.. ആ കുട്ടി തല ഉയർത്തി എന്നെ ഒരു നോട്ടം. എന്റെ ചങ്ക് നിലച്ചു പോയി സാർ... അതിന്റെ മുഖം പഴയ മൊസൈക്ക് തറ പോലെ വെളുത്ത് വിളറിയിരുന്നു. കണ്ണുകൾ കടും നീല നിറത്തിൽ തിളങ്ങുന്നു. ഞാൻ ബാലൻസ് തെറ്റി വീഴാൻ പോയി.
ഓഹ്....
പൊടുന്നനെ ലൈറ്റ് ഓഫ് ആയി. അതേ നിമിഷത്തിൽ തന്നെ അന്ധകാരത്തെ കീറി മുറിച്ച് കൊണ്ട് ബംഗ്ലാവിന്റെ നിശബ്ദതയ്ക്ക് മേലേ ഇടിത്തീ പോലെ ഒരു നിലവിളി ശബ്ദം ഉയർന്നു...
ജീസസ്...
നോക്കുമ്പോൾ പേടിച്ച് വിരണ്ട് എന്റെ വൈഫും, രണ്ട് കുട്ടികളും, അടിച്ചു തളിക്കാരി ജാനുവും ഡ്രോയിങ്ങ് റൂമിലേക്ക് ഓടി വരുന്നതാണ് കാണുന്നത്. എന്റെ ഒരു കുട്ടിയെ കാണാനുണ്ടായിരുന്നില്ല...
അതെവിടെ പോയി?
അവളുടെ മുറിയിലേക്ക് ഞങ്ങൾ പാഞ്ഞു... നോക്കുമ്പോ..
നോക്കുമ്പോ???
നോക്കുമ്പോ, അവൾ തറയിലിരുന്ന് ഒരു കളിപ്പാട്ട ജീപ്പ് അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് കളിക്കുന്നു...
പാതിരാത്രിക്ക് ഇതുങ്ങൾക്കൊന്നും ഉറക്കമില്ലേ..?
വേറൊരു കളിപ്പാട്ടം അവൾക്ക് ചുറ്റും വട്ടമിട്ട് ഓടിക്കൊണ്ടിരിക്കുന്നു സാർ... വട്ടമിട്ട് ഓടുന്ന കളിപ്പാട്ടം ഒരു ഓട്ടോമാറ്റിക് കളിപ്പാട്ടമല്ല. എന്നിട്ടും അതങ്ങനെ ഒരു പ്രേരണാ ശക്തിയിലെന്നത് പോലെ തനിയെ ഓടിക്കൊണ്ടിരിക്കുകയാണ്...
ഓഹ്. തല പെരുക്കുന്നു...
അപ്പോൾ മറ്റൊരു ഗാനം ബംഗ്ലാവിനു പുറത്തെ ഉദ്യാനത്തിൽ നിന്നും പതിഞ്ഞ താളത്തിൽ കേട്ടു തുടങ്ങി. അതൊരു നേഴ്സറി ഗാനമായിരുന്നു. ജനാല വഴി ഞങ്ങൾ പതുക്കെ ചെന്ന് പുറത്തേക്ക് നോക്കുമ്പോൾ, മുറ്റത്തെ ഊഞ്ഞാലിലിരുന്ന്, ഒരു ചെറിയ പെൺ കുട്ടി പാട്ട് പാടുകയാണ്...
ഏത് പാട്ട്?
"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ... ഹൗ ഐ വണ്ടർ വാട്ട് യൂ ആർ"
ആഹാ. നല്ല പാട്ടല്ലേ അത്... "അപ്പ് എബോവ് ദി വേൾഡ് സോ ഹൈ... ലൈക്ക് എ ഡയമണ്ട് ഇൻ ദി സ്കൈ..."
പാട്ടൊക്കെ നല്ലത് തന്നെ . പക്ഷേ ഞാൻ ഉദ്യാനത്തിലെ ലൈറ്റ് ഓൺ ചെയ്തതോടെ, ആ പെൺകുട്ടി അപ്രത്യക്ഷയായി. പകരം അവൾ അവിടെ ഇരുന്നിരുന്നു എന്നതിനു തെളിവെന്നോണം ആടിക്കൊണ്ടിരുന്ന ഊഞ്ഞാൽ മാത്രം അവശേഷിച്ചു....
വല്ലാത്ത അനുഭവങ്ങൾ തന്നെ...
അന്ന് പിന്നെ മറ്റൊന്നും ഉണ്ടായില്ല. രാത്രി ഞങ്ങൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ വാറൻ ദമ്പതികളെ അന്വേഷിച്ച് ഫോൺ ചെയ്തു...
വാറൻ ദമ്പതികളോ? ആരാ അവര്?
അറിയപ്പെടുന്ന പാരാ നോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് ആണ് അവർ.
ഓക്കെ.
വാറൻ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഓണർ മിസിസ്സ് കാതറിനാണ് എന്റെ കോൾ അറ്റൻഡ് ചെയ്തത്.
ഞാൻ ചോദിച്ചു:- മേഡം അവിടെ ഇപ്പോ വാറൻ ദമ്പതികൾ ഉണ്ടോ?
അപ്പോൾ അവര് പറഞ്ഞു:- വാറൻ ദമ്പതികൾ വീടു മാറിപ്പോയിരിക്കുന്നു. ഇപ്പോൾ ഒരു ബോറൻ ദമ്പതികളാണ് ഇവിടെ താമസിക്കുന്നത്. അവരെ മതിയോ?
മതി. ആരായാലും കുഴപ്പമില്ല. അവരെ ഒന്ന് ഞങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിടുമോ? എത്രയും പെട്ടന്ന് വേണം.
ഞാൻ ഫോൺ കട്ട് ചെയ്തു.
അപ്പോൾ അവര് പറഞ്ഞു:- വാറൻ ദമ്പതികൾ വീടു മാറിപ്പോയിരിക്കുന്നു. ഇപ്പോൾ ഒരു ബോറൻ ദമ്പതികളാണ് ഇവിടെ താമസിക്കുന്നത്. അവരെ മതിയോ?
മതി. ആരായാലും കുഴപ്പമില്ല. അവരെ ഒന്ന് ഞങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിടുമോ? എത്രയും പെട്ടന്ന് വേണം.
ഞാൻ ഫോൺ കട്ട് ചെയ്തു.
എന്നിട്ട് ബോറൻ ദമ്പതികൾ വന്നോ?
വന്നു. ഏകദേശം ഒരു സന്ധ്യ, സന്ധ്യരയോടെ അവർ ഞങ്ങളുടെ ബംഗ്ലാവിലെത്തി. അവറാൻ ദമ്പതികൾ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. മിസ്റ്റർ അവറാനും, മിസിസ് അവറാനും.
അവറാൻസ് വന്നിട്ട് എന്ത് ചെയ്തു?
ഇനി പറയാൻ പോകുന്നത് ഒരുപക്ഷേ സാർ വിശ്വസിക്കില്ല. പക്ഷേ ഞങ്ങൾ നേരിട്ട് കണ്ടതാണ്. അത്ര ഭീകര സംഭവങ്ങളാണ് തുടർന്ന് അരങ്ങേറിയത്... ഇത് പറയുമ്പോൾ പോലും എന്നെ വിയർക്കുന്നു.
സോറീ ഞാൻ ഫാൻ ഇടാൻ മറന്നു പോയി. ഇപ്പോ ഇടാം... [ടിക്]
അവറാൻ ദമ്പതികളുടെ കയ്യിൽ മൂന്നു മെഷീനുകൾ ഉണ്ടായിരുന്നു. ഒന്നൊരു ഹോണ്ടാ ആക്ടീവേടെ മീറ്റർ സൂചി പോലൊരെണ്ണം, പിന്നെ ഉയർത്തി വെച്ച ആന്റിനയുള്ള ഒരു പാനാസോണിക് ടേപ്പ് റെക്കോർഡർ, പിന്നെ ഒരു ക്യാമറ ഇതൊക്കെയായിരുന്നു ഉണ്ടായിരുന്നത്.
അത് കൊള്ളാമല്ലോ...
ഈ മീറ്റർ സൂചി, മുറിയുടെ ഒരോ മൂലയിലേക്കും അവർ കൊണ്ടുപോകും. എവിടെയെങ്കിലും പ്രേതമോ പിശാചോ ഉണ്ടെങ്കിൽ മീറ്റർ സൂചി വൈബ്രേറ്റ് ചെയ്യും. 100 കി മി സ്പീഡിൽ വരെ അത് ഓടും. നല്ല മൈലേജുമുണ്ട്.
അവ്യക്തമായതും മനുഷ്യന് കേൾക്കാൻ സാധിക്കാത്തതുമായ ശബ്ദ വീചികൾ പിടിച്ചെടുക്കുകയും, അത് നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ആന്റിനയുള്ള ടേപ്പ് റെക്കോർഡർ. ക്യാമറ ആകട്ടെ, ഇരുളിൽ പിശാചിനെ വരെ ക്യാപ്ചർ ചെയ്യും.
അവ്യക്തമായതും മനുഷ്യന് കേൾക്കാൻ സാധിക്കാത്തതുമായ ശബ്ദ വീചികൾ പിടിച്ചെടുക്കുകയും, അത് നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ആന്റിനയുള്ള ടേപ്പ് റെക്കോർഡർ. ക്യാമറ ആകട്ടെ, ഇരുളിൽ പിശാചിനെ വരെ ക്യാപ്ചർ ചെയ്യും.
തുടർന്ന് എന്ത് സംഭവിച്ചു?
സാർ.... എനിക്കൽപ്പം വെള്ളം തരാമോ?
ഇതാ കുടിച്ചോളൂ.
[ഗ്ലക്ക് ഗ്ലക്ക് ഗ്ലക്ക്]
എന്നിട്ട് സാർ, ഞങ്ങൾ നോക്കി നിൽക്കെ സ്റ്റോർ റൂമിനരികിൽ വെച്ച് മീറ്റർ സൂചി വട്ടത്തിൽ ഓടാൻ തുടങ്ങി. ആന്റിന ഉയർത്തി വെച്ച ടേപ്പ് റെക്കോർഡറിലൂടെ, കുറേ അവ്യക്തമായ ആക്രോശങ്ങളും, ഭത്സനങ്ങളും കേൾക്കാനും തുടങ്ങി. മിസിസ്സ് അവറാനാകട്ടെ, ഒരു കല്യാണ ഫോട്ടോഗ്രാഫറേപ്പോലെ തുരുതുരാ ഫോട്ടോ എടുത്തു കൊണ്ടിരുന്നു...
എന്നിട്ട് സാർ, ഞങ്ങൾ നോക്കി നിൽക്കെ സ്റ്റോർ റൂമിനരികിൽ വെച്ച് മീറ്റർ സൂചി വട്ടത്തിൽ ഓടാൻ തുടങ്ങി. ആന്റിന ഉയർത്തി വെച്ച ടേപ്പ് റെക്കോർഡറിലൂടെ, കുറേ അവ്യക്തമായ ആക്രോശങ്ങളും, ഭത്സനങ്ങളും കേൾക്കാനും തുടങ്ങി. മിസിസ്സ് അവറാനാകട്ടെ, ഒരു കല്യാണ ഫോട്ടോഗ്രാഫറേപ്പോലെ തുരുതുരാ ഫോട്ടോ എടുത്തു കൊണ്ടിരുന്നു...
എന്നിട്ട്?
അതെല്ലാം ഭീകര രൂപമുള്ള ആ കൊച്ചു കുട്ടിയുടേതായിരുന്നു സാർ... ഞങ്ങളുടെ ബംഗ്ലാവിൽ അധിവസിച്ചിരുന്ന ആ പൈശാചിക ശക്തിയുടേത്... അതെല്ലാം കണ്ട് ഞങ്ങൾ ഞെട്ടി നിൽക്കവേയുണ്ട്, പൊടുന്നനെ ആ രൂപം ഞങ്ങളുടെ മുൻപിൽ നെടു നീളത്തിൽ പ്രത്യക്ഷപ്പെടുന്നു.
നെടുനീഅലത്തിലെന്ന് പറഞ്ഞാൽ?
നൊടിയിടയിൽ അതൊരു മുതിർന്ന സ്ത്രീയായി മാറി. വെറും സ്ത്രീ ആയിരുന്നെങ്കിൽ പോട്ടേന്ന് വെക്കാമായിരുന്നു. ഇതൊരു കന്യാസ്ത്രീയായി മാറുകയാണ്...
കന്യാസ്ത്രീയായോ??? പ്രേതമെങ്ങനെ കന്യാസ്ത്രീയാകും???
അതേ സാർ, പ്രേതം കന്യാസ്ത്രീ ആകും. ഞങ്ങൾ നേരിട്ട് കണ്ടതാണ്.
എന്നിട്ട് കന്യാസ്ത്രീ പ്രേതം എന്ത് പറഞ്ഞു?
അവരുടെ പേര് ബ്രെസ്റ്റില്ലയാണെന്ന്. സിസ്റ്റർ ബ്രെസ്റ്റില്ല?
സിസ്റ്റർക്ക് ബ്രെസ്റ്റ് ഉണ്ടോ, ബ്രെസ്റ്റ് ഇല്ലയോ എന്നുള്ളത് ഇവിടൊരു വിഷയമല്ല...
അതവരുടെ പേരാണ് സാർ. അങ്ങനെയാണവർ പറഞ്ഞത്.
സിസ്റ്റർ പ്രേതമാകാനുള്ള കാരണം എന്താണെന്ന് അവർ പറഞ്ഞോ?
പറഞ്ഞു സാർ. ഒരു കദന കഥയായിരുന്നു അവൾ പറഞ്ഞത്. എന്നും കുട്ടിയായിരിക്കണം എന്നായിരുന്നു ബ്രെസ്റ്റില്ലയുടെ ആഗ്രഹം. പക്ഷേ കാലം പോകുന്തോറും അവൾ വളർന്നു. വളർന്നപ്പോൾ, കെട്ടിക്കാൻ കാശില്ലെന്ന് പറഞ്ഞ് അവളുടെ അപ്പൻ അവളെ കന്യാസ്ത്രീ മഠത്തിൽ ചേർത്തു.
കഷ്ടം.
ഇവളുടെ മനസ്സിൽ മഠത്തിലെ നിയമങ്ങളോട് വെറുപ്പായിരുന്നു. ഒരു റിബൽ മനോഭാവമായിരുന്നു സിസ്റ്റർക്കുണ്ടായിരുന്നത്. അങ്ങനെയിരിക്കെ ഒരു പവർ കട്ട് സമയത്ത്, ഈ കന്യാസ്ത്രീ, കോൺ വെന്റിലെ കപ്യാരു പയ്യനെ വിളിച്ച് മുറിയിൽ കയറ്റി...
ഇമ്പോസിബിൾ...
ഇമ്പോസിബിളല്ല സാർ. ഇത് ഫോർ ജി...
ഓക്കെ, എന്നിട്ട്?
ഈ വാർത്ത ലീക്കായി. കുറ്റാന്വേഷണ മാസികയിൽ ഈ സംഭവം എക്സ് ക്ലുസീവ് സ്റ്റോറിയായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏത് മാസികയിൽ? ഞാനത് വായിച്ചില്ലല്ലോ...
"കന്യാസ്ത്രീ മഠത്തിൽ കപ്യാരുടെ വാക്കാ വാക്കാ" എന്നും പറഞ്ഞ് അന്നത്തെ ക്രൈമിലും, ഫയറിലും ഈ വാർത്ത അച്ചടിച്ച് വന്നു. ഇതോടെ സിസ്റ്റർ ബ്രെസ്റ്റില്ലയെ സഭ വിലക്കി. ഒടുവിൽ ഒരു വെള്ളിയാഴ്ച്ച രാത്രി സിസ്റ്റർ ആത്മഹത്യ ചെയ്തു..!
ഹോ...!!!
സിസ്റ്റർ ബ്രെസ്റ്റില്ല പിന്നീട് പ്രേതമായി. തന്നെ ആഭാസകരമായി സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ച ക്രൈം ലേഖകനോട് അവൾക്ക് ഒടുങ്ങാത്ത പകയുണ്ടായി. എന്ത് വില കൊടുത്തും ക്രൈം ലേഖകനേയും ഫാമിലിയേയും നശിപ്പിക്കുമെന്ന് അവൾ പ്രതിജ്ഞ ചെയ്തു.
സിസ്റ്റർക്ക് ക്രൈം ലേഖകനെ വേട്ടയാടിയാൽ പോരേ? പാവം പിടിച്ച താങ്കളേയും ഫാമിലിയേയും എന്തിനാണ് ഉപദ്രവിക്കുന്നത്?
സാർ..... അന്നത്തെ...
അന്നത്തെ???
അന്നത്തെ, അത് റിപ്പോർട്ട് ചെയ്ത, ആ ക്രൈം ലേഖകനായ, ക്രൈം വേന്ദ്രകുമാർ ഞാനാണ്...
എന്ത്??? നീയായിരുന്നോ ക്രം വേന്ദ്രകുമാർ???. എടാ മഹാ പാപീ, എടാ പന്നീടെ മോനേ, നിന്നെ ഞാൻ തപ്പിക്കൊണ്ടിരിക്കുവാരുന്നു...
ങേ? എന്താണ് സാർ? എന്ത് പറ്റി? സാറെന്തിനാ ചൂടാകുന്നെ???
എടാ മരപ്പട്ടീടെ മോനേ, കഴിഞ്ഞാഴ്ച്ചത്തെ ക്രൈമിൽ നീ എന്നേക്കുറിച്ചും എന്റെ റിസപ്ഷനിസ്റ്റിനേക്കുറിച്ചും, "കൗൺസലിങ്ങ് സെന്ററിലെ കണസാ കുണസാ" എന്ന കവർ സ്റ്റോറി എഴുതിയില്ലേ. എടാ പുല്ലേ, നിനക്കറിയാമോ അതു കാരണം എന്തൊക്കെ ഇവിടുണ്ടായെന്ന്? അന്നത്തടം എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി, റിസപ്ഷനിസ്റ്റിന്റെ ഭർത്താവ് എന്നെ ഇവിടെ കേറി വന്ന് അറഞ്ചം പുറഞ്ചം തല്ലി. അന്ന് രാത്രി ആ പാവം പെങ്കൊച്ചിനെ അവൻ ഉപേക്ഷിച്ചു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുടുംബങ്ങളെ നീ തകർത്തല്ലോടാ ചെറ്റേ...
അയ്യോ സാർ... അത് ഞാൻ അറിയാതെ... സർക്കുലേഷൻ കൂട്ടാൻ... ഒരബദ്ധം...
ഒരബദ്ധം!!! നിന്നെ സിസ്റ്റർ ബ്രെസ്റ്റില്ല കൊല്ലുന്നതിനു മുന്നേ ഞാൻ തന്നെ കൊല്ലും. അവന്റെയൊരു ക്രൈമും, ഫയറും കണസാ കുണസായും... നിക്കെടാ അവിടെ...
[ആ ഡിഷ്ക്കൂം... ഹാ പിഷ്ക്കൂം... ഹാ ബിഷ്ക്കൂം..]
[ആ ഡിഷ്ക്കൂം... ഹാ പിഷ്ക്കൂം... ഹാ ബിഷ്ക്കൂം..]
അയ്യോ.... എന്നെ കൊല്ലുന്നേ...
______________________________________________
ഈ കൗൺസലിങ്ങ് സെന്ററിൽ വെച്ച് കൊല്ലപ്പെടുന്ന ലേഖകൻ ഒരു പ്രേതമായി വന്ന് കൗൺസിലറെ കൊല്ലുന്നതാണ് അടുത്ത പാർട്ടിന്റെ ത്രെഡ്ഡ്.
ഈ കൗൺസലിങ്ങ് സെന്ററിൽ വെച്ച് കൊല്ലപ്പെടുന്ന ലേഖകൻ ഒരു പ്രേതമായി വന്ന് കൗൺസിലറെ കൊല്ലുന്നതാണ് അടുത്ത പാർട്ടിന്റെ ത്രെഡ്ഡ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ