തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മൂന്നാം ലോക മഹായുദ്ധം: ഭാഗം മൂന്ന്

ഈ ലിങ്കിൽ ക്ലിക്കി രണ്ടാം ഭാഗം വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റ് വായിക്കുക:-
https://padaarblog.blogspot.in/2018/04/blog-post_54.html

.
വീഴ്ച്ചകൾ
____________________
2026 ജനുവരി 05 ന് പോളണ്ട് വീണു.
പോളണ്ടിന്റെ പതനം ഉറപ്പായതോടെ പോളണ്ടിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന അവശേഷിക്കുന്ന ബ്രിട്ടീഷ്-അമേരിക്കൻ സേന സ്വന്തം രാജ്യങ്ങളിലേക്ക് പിൻവലിക്കപ്പെട്ടു.
അമേരിക്കയിലേയും ബ്രിട്ടണിലേയും സമുദ്രാതിർത്തികളിൽ ഈ സമയം ഘോര യുദ്ധം നടക്കുകയായിരുന്നു.
.
ഇതിനകം, ഇറാൻ-ഇറാഖ്-ഇസ്രായേൽ-സിറിയ-ഖത്തർ എന്നിവരും, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നിവരും ചേർന്ന റഷ്യൻ പക്ഷം തുർക്കിയെ വീഴ്ത്തിക്കഴിഞ്ഞിരുന്നു. നാലുപാടു നിന്നുമുള്ള എതിരാളികളുടെ ആക്രമണം തുർക്കിയ്ക്ക് ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയാവുന്നതിനും അപ്പുറമായിരുന്നു.
തങ്ങൾക്ക് താങ്ങാകേണ്ടുന്ന ഫ്രെഞ്ച്-സ്പാനിഷ് സേനയുടെ
പതനവും, ബ്രിട്ടന്റെ അതിജീവന പോരാട്ടവും, അമേരിക്കയ്ക്ക് ചുറ്റും നടക്കുന്ന ഘോരയുദ്ധവും അറിഞ്ഞതോടെ, തങ്ങൾക്ക് ഇനി രക്ഷയില്ല എന്ന് തുർക്കി മനസ്സിലാക്കിയിരുന്നു. ഉപാധികളില്ലാത്ത ഒരു കീഴടങ്ങൽ മാത്രമേ ഇനി തുർക്കിയ്ക്ക് മുൻപിലുണ്ടായിരുന്നുള്ളൂ. അവർ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും, തങ്ങൾ കീഴടങ്ങിയതായി ശത്രുക്കളെ അറിയിക്കുകയും ചെയ്തു.
ടർക്കിഷ് തലസ്ഥാനമായ അൻകാരയിൽ വെച്ച് നടന്ന റഷ്യൻ ശാക്തിക സഖ്യത്തിന്റെ മീറ്റിങ്ങിൽ വെച്ച്, തുർക്കിയെ പങ്കിട്ടെടുക്കുന്നതിൽ തീരുമാനമായി. ഇതിനേത്തുടർന്ന് തുർക്കിയുടെ അവകാശം ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നിവർക്കായി വീതിച്ച് നൽകി.
.
ഇനി യൂറോപ്പിൽ ബ്രിട്ടണും-ഫ്രാൻസും-സ്പെയിനും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിൽ തന്നെ ഫ്രെഞ്ച്-സ്പാനിഷ് സഖ്യം പരാജയത്തിന്റെ വക്കിലാണ്. ഇനി വേണ്ടത് ബ്രിട്ടന്റെ പതനം ഉറപ്പാക്കുകയാണ്. പോളണ്ടുൾപ്പെടെ ജർമൻ അതിരു വരെയുള്ള രാജ്യങ്ങൾ ഇനി റഷ്യൻ ഭരണകൂടത്തിൻ കീഴിലായിരിക്കും. തകരാൻ പോകുന്ന ഫ്രാൻസ്-സ്പെയിൻ-ബ്രിട്ടൺ എന്നിവ ജർമനി സ്വന്തമാക്കട്ടെ. ഇതായിരുന്നു തീരുമാനം.
.
____________________
ബേ ഓഫ് ബിസ്കേയിൽ (Bay of Biscay) ഫ്രെഞ്ച് കപ്പൽ പടയും എയർഫോഴ്സും ചേർന്ന് അവസാന വട്ടമായി റഷ്യൻ-ജർമൻ-സഖ്യത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. റഷ്യൻ സഖ്യത്തിന്റേയും ഫ്രെഞ്ച് സേനയുടേയും മുന്നൂറോളം പടക്കപ്പലുകളും+അഞ്ഞൂറോളം ആക്രമണ വിമാനങ്ങളും പരസ്പരം ഉഗ്ര പോരാട്ടത്തിലായിരുന്നു.
യുദ്ധഗതിയിൽ, ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങളുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുകയായിരുന്നു ഈ കടൽഭാഗം. റഷ്യൻ സഖ്യത്തിന്റെ കരസേന ഏതു നിമിഷവും ഫ്രെഞ്ച് ഭൂമിയിൽ കാലുകുത്തും എന്നുള്ള നിലയിലേക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നു...
ഇതേ സമയം മെഡിറ്ററേനിയൻ കടലിനോട് കൂടിച്ചേരുന്ന അൽബറൻ ബേസിൻ കടലിലും (Alboran Basin Sea) ബലാറിക് കടലിടുക്കിലും (Balaric Sea), അൽജീരിയൻ ബേസിൻ കടലിലും (Algerian Basin Sea) നങ്കൂരമിട്ടിരുന്ന റഷ്യൻ എയർക്രാഫ്ട് കാരിയറുകളിൽ നിന്ന് അഞ്ചാം തലമുറ സുഖോയ് വിമാനങ്ങൾ സ്പെയിനിനു മേലേ മാരകമായ വ്യോമാക്രമണം അഴിച്ച് വിടുകയായിരുന്നു. സെവില്ലെ, സരഗോസ എന്നീ സ്പാനിഷ് നഗരങ്ങളിലേക്ക് റഷ്യൻ സൈനികർ പാരച്യൂട്ടുകളിൽ ഇറങ്ങി. ഉഗ്ര കരയുദ്ധം സ്പാനിഷ് മണ്ണിൽ അരങ്ങേറി. മാഡ്രിഡ് നഗരത്തിന്റെ പതനം ഉറപ്പായി...
.
സ്പെയിനും-ഫ്രാൻസും പരാജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കെ മറുഭാഗത്ത് ബ്രിട്ടൺ ഘോരമായ ആക്രമണ പ്രത്യാക്രമണങ്ങളായിരുന്നു ശത്രുക്കൾക്ക് നേരേ നടത്തിക്കൊണ്ടിരുന്നത്.
ലോകത്തെ ഏറ്റവും ശക്തമായ വ്യോമ-നാവീക സേനയായിരുന്നു ബ്രിട്ടന്റേത്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും റഷ്യൻ-ചൈനീസ്-ഇസ്രായേലീ സൈനികർ ബ്രിട്ടനോട് പിടിച്ച് നിൽക്കാൻ പാടു പെട്ടു. അതേ സമയം ഇംഗ്ലീഷ് ചാനലിൽ നഷ്ടപ്പെട്ടുപോയ മേധാവിത്വം ജർമനി പിടിച്ചു തുടങ്ങിയിരുന്നു. മുൻപ് രണ്ട് ലോക മഹായുദ്ധങ്ങളിൽ തോറ്റു പോയതിനാൽ, ഇനിയൊരു തോൽവി പാടില്ല എന്ന ജർമൻ മനോവീര്യം, ബ്രിട്ടണെതിരേ അവരെ വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കൊണ്ടിരുത്തി...
ജർമൻ നേവിയും-ബ്രിട്ടീഷ് റോയൽ നേവിയും തമ്മിൽ തരിമ്പും വിട്ടു കൊടുക്കാത്ത ഒരു പോരാട്ടത്തിന് ഇംഗ്ലീഷ് ചാനൽ കളിക്കളമായി മാറി...
.
ഫ്രെഞ്ച് സ്പാനിഷ് കീഴടങ്ങൽ
____________________
2025 ജനുവരി 20 ന് സ്പെയിനും ഫ്രാൻസും സമ്പൂർണമായി കീഴടങ്ങി. ഇരു രാജ്യങ്ങളും അപഹാസ്യമായ വ്യവസ്ഥകളിൻമ്മേൽ ഒത്തുതീർപ്പ് കരാർ ഒപ്പിട്ടു.
.
ഇതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന് ഒരു കാര്യം മനസ്സിലായി. തങ്ങളും കീഴടക്കപ്പെടാൻ പോകുന്നു.
ബ്രിട്ടന്റെ ചരിത്രം ചാരമാകാൻ പോകുന്നു.
എന്തു ചെയ്യും?
ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദശാസന്ധിയിലായി ഒരു കാലത്തെ സൂര്യനസ്തമിക്കാത്ത ആ രാജ്യം...
.
ഈസ്റ്റ് ചൈനാക്കടലിൽ ചൈനീസ് വാഴ്ച്ച
____________________
2026 ജനുവരി 27.
ഈസ്റ്റ് ചൈനാക്കടലിന്റെ സമ്പൂർണ്ണ നിയന്ത്രണം ചൈനയുടെ കീഴിലായി. പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് മുൻപിൽ ജപ്പാൻ-തായ്വാൻ-തെക്കൻ കൊറിയ എന്നീ രാജ്യങ്ങൾ മുട്ടു കുത്തി.
ഈ മൂന്നു രാജ്യങ്ങൾ ഇന്നു മുതൽ ചൈനീസ് വ്യാളി ഭരിക്കും.
വിശാല ചൈനീസ് റിപ്പബ്ലിക്ക്...
.
ഈ പതനത്തോടെ ആസ്ട്രേലിയ ചൈനയുമായി ഏകപക്ഷീയമായ വെടി നിർത്തൽ പ്രഖ്യാപിച്ചു. തങ്ങൾക്ക് യാതൊരു നേട്ടവുമില്ലാത്ത ഈ യുദ്ധത്തിൽ പരാജയം കാത്തിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു ഈ ആസ്ട്രേലിയൻ തീരുമാനത്തിനു കാരണം. തങ്ങൾ യുദ്ധത്തിൽ നിന്ന് എന്നത്തേയ്ക്കുമായി പിൻമാറുന്നു എന്ന് ആസ്ട്രേലിയ, ചൈനയോടും അമേരിക്കയോടും അറിയിച്ചു.
അമേരിക്ക എക്കാര്യത്തിൽ എന്ത് അഭിപ്രായം പറയാനാണ്?
അവർ പ്രതികരിച്ചില്ല. എന്നാൽ ചൈന ഈ ഒത്തു തീർപ്പിൽ തൃപ്തരായിരുന്നു. ഇൻഡ്യൻ മഹാ സമുദ്രം, പസഫിക് സമുദ്രം, ഈസ്റ്റ് ചൈനാക്കടൽ എന്നിവിടങ്ങളിൽ ചൈനീസ് വ്യവസ്ഥകൾ അംഗീകരിച്ച്, അവശേഷിക്കുന്ന ആസ്ട്രേലിയൻ സൈന്യം സ്വന്ത രാജ്യത്തേക്ക് പിൻവാങ്ങി...
.
പാക്കിസ്ഥാൻ പരാജയപ്പെടുന്നു
____________________
പാക്കിസ്ഥാനെ ഇൻഡ്യ സമ്പൂർണമായി പരാജയപ്പെടുത്തി.
ആറ്റം ബോംബ് ഭീക്ഷണി ഒഴിവാക്കാൻ ഇൻഡ്യ, പാക്കിസ്ഥാനിൽ സർവ സംഹാരിയായ വ്യോമാക്രമണങ്ങളാണ് നടത്തിയത്. കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ നിലത്തിറങ്ങിയ ഇൻഡ്യൻ കരസേന, പാക്ക് പാർളമെന്റ് പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ സർവ ഭൂമിയും ഇൻഡ്യൻ സൈന്യത്തിനു കീഴിലായി...
പാക്ക് പാർളമെന്റിനു മേലേ ഇൻഡ്യൻ പതാക പാറിക്കളിച്ചു...
2026 ഫെബ്രുവരി 05-നായിരുന്നു ഈ മഹദ് വിജയം.
____________________
ഇതേ സമയം ഇൻഡോ ചൈനാ ബോർഡറിലെ ചൈനീസ് പരാജയങ്ങളേത്തുടർന്ന് ബീജിങ്ങിൽ ചൈന ഒരു രഹസ്യമീറ്റിങ്ങ് വിളിച്ചു കൂട്ടി. ലോകം മുഴുവനും തങ്ങളുൾപ്പെടുന്ന സഖ്യം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇൻഡ്യക്കെതിരേയുള്ള തോൽവി വലിയൊരു ക്ഷീണമാകും.
12 മണിക്കൂറോളം നീണ്ട ആലോചനാ യോഗങ്ങൾക്ക് ശേഷം അവർ ഒരു തീരുമാനത്തിലെത്തി
ഇൻഡ്യയെ തകർക്കാൻ അറ്റ കൈ പ്രയോഗിക്കുക...
ബീജിങ്ങിൽ ഒരു ഓപ്പറേഷന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കപ്പെട്ടു. ഇൻഡ്യൻ നഗരങ്ങളിലേക്ക് ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുക!
"ചുവന്ന തീ" എന്നർത്ഥമുള്ള ഒരു ചൈനീസ് പദമായിരുന്നു ഈ ഓപ്പറേഷന്റെ കോഡ് നെയിം...
മുംബൈ, മഡ്രാസ്, ഡെൽഹി, കൊച്ചി, കൽക്കട്ട, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്ക് അവരുടെ ബാലിസ്റ്റിക് മിസൈലുകൾ ടാർഗറ്റ് ചെയ്യപ്പെട്ടു വെച്ചിരുന്നു.
എന്നാൽ അതി നിഗൂഡമായ ഈ വിവരം ഇൻഡ്യൻ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞു.
ഇതോടെ ചൈനീസ് നഗരങ്ങൾ ലക്ഷ്യമാക്കി പൊഖ്രാൻ മരുഭൂമിയിലെ അതിരഹസ്യവും, നിഗൂഡവുമായ ഭൂഗർഭ അറകളിൽ നിന്ന് ഇൻഡ്യൻ ആണവ പോർമുനകൾ സജ്ജമാക്കപ്പെട്ടു...
.
അമേരിക്ക തകർന്നു തുടങ്ങുന്നു
____________________
2026 ഫെബ്രുവരി 07.
റഷ്യ അലാസ്ക പിടിച്ചെടുത്തു.
അലാസ്കയിൽ റഷ്യൻ കരസേന അവരുടെ പതാക ഉയർത്തി.
ഇതിനകം തന്നെ കാനഡയും മെക്സിക്കോയും റഷ്യൻ-ചൈനീസ് ആക്രമണത്തിനു മുൻപിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയായിരുന്നു. ആസ്ട്രേലിയ യുദ്ധത്തിൽ നിന്ന് പിന്മാറിയത് മെക്സിക്കൻ-കാനഡ ഭരണ കർത്താക്കൾ അറിയുകയുമുണ്ടായി. ഒരു കീഴടങ്ങലല്ലാതെ മറ്റൊന്നും തങ്ങളെ ഇനി രക്ഷിക്കില്ല എന്ന് ഈ രാജ്യങ്ങൾക്ക്
വളരെ വൈകിയ വേളയിൽ തിരിച്ചറിവുണ്ടായി...
അവർ, അമേരിക്ക-ബ്രിട്ടൺ എന്നിവരുമായി ആലോചന നടത്തി. എന്നാൽ മരണം വരെ യുദ്ധം തുടരാനാണ് അവിടങ്ങളിൽ നിന്ന് നിർദേശം ലഭിച്ചത്. ഇത് കാനഡയേയും മെക്സിക്കോയേയും സന്ധിഗ്ദ ഘട്ടത്തിലാക്കി. യുദ്ധം തുടരാൻ തങ്ങളേക്കൊണ്ട് ഇനി കഴിയില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു...
ഒടുവിൽ കാനഡയും മെക്സിക്കോയും അന്തിമമായി ഒരു തീരുമാനത്തിലെത്തി.
കീഴടങ്ങുക.
.
2026 ഫെബ്രുവരി 09, രാത്രി 08 മണിയ്ക്ക് ഇരു രാജ്യങ്ങളും ഔദ്യോഗികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു.എതു തരം ഒത്തു തീർപ്പ് വ്യവസ്ഥകൾക്കും തങ്ങൾ സന്നദ്ദരാണെന്ന് അവർ പ്രഖ്യാപിച്ചു. ഇത് റഷ്യ-ജർമനി-ഇസ്രായേൽ-ചൈന-സിറിയ-ഇറാൻ- ഇറാഖ്-ആസ്ട്രിയ-സ്വിറ്റ്സർലൻഡ്-ബോസ്നിയ-സെർബിയ എന്നിവരടങ്ങിയ റഷ്യൻ സഖ്യത്തിന് സർവാത്മനാ സ്വീകാര്യമായിരുന്നു.
____________________
ഇതോടെ യുദ്ധം മൂന്നു മേഖലകളിലേക്ക് മാത്രമായി ചുരുങ്ങി.
A - ബ്രിട്ടണും X റഷ്യൻ പക്ഷവും തമ്മിൽ ഇംഗ്ലീഷ് ചാനലിൽ.
B - അമേരിക്ക X റഷ്യൻ പക്ഷവും തമ്മിൽ റഷ്യൻ അമേരിക്കൻ ബോർഡറായ ബെറിങ് കടൽ, ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും അലാസ്കൻ മണ്ണിലും.
C - ടിബറ്റ് പിടിച്ചടക്കി സിങ് ജിയാങ്ങിനെ വീഴ്ത്താൻ പോകുന്ന ഇൻഡ്യയും X വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇൻഡ്യയിൽ നിന്ന് വേർപെടുത്തിയ ചൈനയും തമ്മിൽ സൗത് ഏഷ്യയിൽ...
.
സ്റ്റാര് വാർസ്
____________________
2025 സെപ്ടംബർ 1-ന് ഭൂമുഖത്ത് യുദ്ധ കാഹളം മുഴങ്ങിയപ്പോൾ തന്നെ, ബഹിരാകാശ സ്പേസ് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് അമേരിക്കൻ+രണ്ട് റഷ്യൻ ആസ്ട്രോണട്ടുകളെ ദൗത്യം അവസാനിപ്പിച്ച് ഭൂമുഖത്തേക്ക് ഇരു രാജ്യങ്ങളും മടക്കി വിളിച്ചിരുന്നു...
.
ഭൂമിയെ ചുറ്റി മാരകായുധങ്ങൾ ഒഴുകി നടക്കുന്നു എന്ന്, 2010 മുതൽ വാർ തീയറിസ്റ്റുകൾ ലോകത്തിനു മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ്, ഇൻഡ്യ തുടങ്ങിയ മഹദ് ശക്തികളുടെ ഉപഗ്രഹങ്ങളും, സ്പേസ് ഷട്ടിലുകളും
സ്പേസ് കീഴടക്കിയിരുന്നു. ഭൂമുഖത്തെ പത്ര-മാധ്യമങ്ങൾക്ക് കവർസ്റ്റോറി എഴുതാൻ പറ്റാത്തത്ര അചിന്ത്യവും ബീഭത്സവുമായ ഒരു യുദ്ധ മുഖം ഇതോടെ ബഹിരാകാശ ശൂന്യതയിൽ തുറക്കപ്പെട്ടു...
അമേരിക്ക തങ്ങളുടെ എതിർ സാറ്റലൈറ്റുകൾ തകർക്കാനുള്ള ഉഗ്ര പദ്ദതി രൂപകൽപ്പന ചെയ്തു. സ്പേസിലെ ആധിപത്യം ഭൂമിയിലേയും കൂടി ആധിപത്യമാണെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു.
.
2013 ൽ ചൈന വിക്ഷേപിച്ച, നാവിഗേഷൻ സിസ്റ്റവും+സ്പൈ സാറ്റലൈറ്റും അടങ്ങിയ 2F കാരിയർ റോക്കറ്റ്, ഈ അപകട ഘട്ടം നൊടിയിടയിൽ തിരിച്ചറിയുകയുണ്ടായി.
മിലിട്ടറി കമ്യൂണിക്കേഷനു വേണ്ടി റഷ്യ വിക്ഷേപിച്ച, ടർക്ക് സാറ്റ് (TURKSAT-4A) ഇതോടെ അവരുടെ സഹ ഉപഗ്രഹങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മനുഷ്യനെ കൂടാതെ സഞ്ചരിക്കുന്ന, ശൂന്യാകാശത്തെ എയർ ക്രാഫ്റ്റ് കരിയർ ആയിരുന്നു യു.എസിന്റെ X-37 സ്പേസ് പ്ലെയിൻ. കടലിൽ ഒഴുകി നടക്കുന്ന എയർ ക്രാഫ്റ്റ് കരിയറുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇതിന്റെ പ്രവർത്തനം. ശത്രു സാറ്റലൈറ്റുകൾ തകർക്കാനായി, റോക്കറ്റുകളും+ബഹിരാകാശ മിസൈലുകളും വഹിച്ച് കൊണ്ട് പോകുന്ന സ്പേസ് ഷട്ടിലുകൾക്ക്
പറന്നുയരാനും + തിരികെ വന്ന് ലാൻഡ് ചെയ്യാനും + ഇന്ധനം നിറയ്ക്കാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. ഒരു മനുഷ്യജീവിയുടെ സാന്നിദ്ധ്യം പോലുമില്ലാത്ത ഇത്, പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത് പെന്റഗണിന്റെ അതീവ രഹസ്യമായ ഭൂഗർഭ ഓഫീസ് സമുച്ചയത്തിൽ നിന്നായിരുന്നു.
2011 ൽ സ്പേസിലേക്ക് വിക്ഷേപിക്കപ്പെട്ട ചൈനയുടെ, SHENZHOU-8
ബഹിരാകാശത്തെ ഏത് മത്സരവും നേരിടാനും, അതിവേഗ ആക്രമണം നയിക്കാനും പാകത്തിലുള്ള ക്രാഫ്റ്റ് ഡോക്ക് ആയിരുന്നു.
റഷ്യയുടെ, SOYUS TMA-16M സ്പേസ് ക്രാഫ്റ്റ്, ബഹിരാകാശ ശത്രു സാറ്റലൈറ്റുകളെ തകർക്കാനായി രൂപം നൽകപ്പെട്ടതായിരുന്നു. 2017-ൽ സ്കോട്ട് കെല്ലി(U.S.A), ഗെന്നഡി പഡൽക്കാ, മിഖായേൽ കോർണിയെൻകോ (RUSSIA) എന്നീ കോസ്മോനട്ടുകൾ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന (അവരും ദൗത്യമുപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങിപ്പോയിരുന്നു) ഈ സാറ്റലൈറ്റ് മൂന്നാം ലോകമഹായുദ്ധത്തിന്റെ ഈ അവസാന നാളുകളിൽ ശത്രു സംഹാരം ലക്ഷ്യമിട്ട് ഭൂമിയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
.
2026 ജനുവരി 01-ന് തന്നെ സാറ്റലൈറ്റ് വാർ അഥവാ സ്റ്റാർ വാർസ് ആരംഭിക്കുകയുണ്ടായി.
2012-ൽ യു. എസ്. എയർ ഫോഴ്സ്, സ്പേസിലേക്ക് വിക്ഷേപിച്ച, X-37B ഓർബിറ്റ് ടെസ്റ്റ് ഉപഗ്രഹം, വാഷിങ്ടണ്‍ ഡി.സി.യിലെ കണ്ട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പേസിലെ തന്നെ ടാർഗറ്റുകൾ തകർക്കുന്ന ആക്രമണം ആരംഭിച്ചു.
കൊള്ളിമീൻ പോലുള്ള മിസൈലുകൾ ശൂന്യാകാശത്തു കൂടെ ഇടിമിന്നലുകൾ പോലെ പാഞ്ഞു...
ബഹിരാകാശം ഇതോടെ ഉൽക്കാ വിസ്ഫോടനങ്ങളെ അനുസ്മരിപ്പിക്കും വിധം ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞു. ഇടിമിന്നലുകൾ പോലെ മാരകങ്ങളായ നശീകരണ റോക്കറ്റുകൾ ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ പരസ്പരം കൂട്ടിമുട്ടാൻ കുതിച്ചു...
ആക്രമണത്തിനിരയായ സ്പേസ് സ്റ്റേഷനുകൾ ശൂന്യാകാശത്ത് ചിതറിത്തെറിക്കപ്പെട്ടു.
താഴെ നീല നിറത്തിൽ കാണപ്പെടുന്ന ഭൂമിയിൽ ജി.പി.എസ്. സംവിധാനം അപ്രത്യക്ഷമായി. ഭൂമുഖത്ത് നിന്നും ഇന്റർ നെറ്റ് എന്നത്തേയ്ക്കുമായി ഇല്ലാതെയായി. ടെലഫോൺ, ടെലിവിഷൻ എന്നിവ നിശ്ചലമായി. സാധാരണക്കാരന്റേതു മുതൽ, ഭരണ കർത്താക്കളുടേതു വരെയുള്ള ആശയ വിനിമയം അസാദ്ധ്യമായി...
ഈ മൂന്നു രാജ്യങ്ങളും മില്യൺ കണക്കിനു ഡോളറുകൾ ചിലവാക്കി, കാലങ്ങൾ കഷ്ടപ്പെട്ട്, വിജയകരമായി ബഹിരാകാശത്ത് വിക്ഷേപിച്ച സാറ്റലൈറ്റുകൾ - സ്പേസ് റോക്കറ്റ് ആക്രമണങ്ങളിൽ കത്തിയെരിഞ്ഞ് ചാമ്പലായി.
.
സ്പേസിലെ മാരക യുദ്ധത്തേ തുടർന്ന് ഭൂമുഖം ഒറ്റയടിയ്ക്ക് 100 കൊല്ലങ്ങൾ പിന്നിലേക്കായി...
.
ബ്രിട്ടന്റെ തകർച്ച
____________________
ഇതേ സന്ദർഭത്തിൽ ഭൂമുഖം അതിന്റെ അന്ത്യ അത്താഴത്തിനുള്ള ഇല വിരിച്ചു കഴിഞ്ഞിരുന്നു.
2026 ഫെബ്രുവരി 20.
ഗ്രേറ്റ് ബ്രിട്ടണിലേക്ക് ജർമൻ സൈന്യം പ്രവെശിച്ചു.. !!!
ലണ്ടൻ നഗരത്തെ, ജർമൻ ടാങ്കുകൾ ഏതോ മൊസൊപ്പൊട്ടോമിയൻ നഗരാവശിഷ്ടങ്ങളെ ഓർമ്മിപ്പിക്കും വിധം തകർത്തു തരിപ്പണമാക്കി.
എന്നാൽ ഇതിനകം തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭരണ സിരാകേന്ദ്രവും മറ്റൊരു രഹസ്യ താവളത്തിലേക്ക് മാറ്റി പ്രതിഷ്ടിക്കപ്പെട്ടിരുന്നു..
ബ്രിട്ടൺ ചിന്തകളിൽ മുഴുകി...
ഒരിക്കലും മറക്കാത്ത ഒരു പാഠം ജർമനിയെ പഠിപ്പിക്കണം...
____________________
ഈ സമയത്ത് ഫ്രെഞ്ച്-സ്പാനിഷ് സഖ്യത്തിന്റെ പതനം ഇതിനകം പൂർണമായിരുന്നു. ഇരു രാജ്യങ്ങളൂടേയും അധികാര ഗോപുരങ്ങളിൽ ജർമൻ പതാകകൾ പാറിക്കളിച്ചു.
ജർമൻ ഭരണ കർത്താക്കൾ അഭിമാനം പൂണ്ടു.
രണ്ടാം ലോക മഹായുദ്ധത്തിലെ ഹിറ്റ്ലറുടെ പരാജയങ്ങൾക്ക് ജർമനി ഇതാ പകരം ചോദിച്ചിരിക്കുന്നു.!
____________________
ഈ വഴിത്തിരിവോടെ ഇസ്രായേൽ+സിറിയ+ഇറാൻ+ഇറാഖ് സഖ്യം യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി. ഇനി അമേരിക്ക മാത്രമാണ് എതിർ പക്ഷത്തുള്ളത്. സംഘം ചേർന്നുള്ള ആക്രമണം ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. ലോക ഭൂപടത്തിലെ ഈ ശത്രുക്കളുടെയെല്ലാം ഭൂമുഖത്തേക്ക് അമേരിക്ക, ന്യൂക്ലിയർ+ഹൈഡ്രജൻ ബോംബുകൾ വഹിക്കുന്ന ബ്രഹ്മാസ്ത്രങ്ങൾ ഒരുമിച്ച് പ്രയോഗിക്കും. അങ്ങനെ സംഭവിച്ചാൽ യുദ്ധ വിജയികളും പരാജിതരും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടും. ആർക്കുമാർക്കും ഉപകാരമില്ലാത്തൊരു യുദ്ധമായി ഇത് അവസാനിക്കും.
സഖ്യ കക്ഷികളുടെ ഈ പിൻ മാറ്റം റഷ്യൻ ബുദ്ധി കേന്ദ്രങ്ങൾക്കും സ്വീകാര്യമായിരുന്നു. അമേരിക്കയെ കീഴ്പ്പെടുത്തുന്നത് തങ്ങൾ ഒറ്റയ്ക്കായിരിക്കണം.
അത് റഷ്യയുടെ വാശിയായിരുന്നു.
____________________
.
അർമാഗഡോൺ!!! ( Armageddon!!! )
____________________
റഷ്യയും അമേരിക്കയും തമ്മിലുള്ള ഭൂമുഖത്തെ അന്തിമ യുദ്ധം (Armageddon = നന്മതിന്മകൾ തമ്മിലുള്ള യുദ്ധം) ആരംഭിക്കുകയായി...
പക്ഷേ ഇവിടെ ആരാണ് നന്മയുടെ പക്ഷം, ആരാണ് തിന്മയുടെ പക്ഷം എന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു...
ലോകമപ്പോൾ തിന്മയുടെ നീർച്ചുഴികളിൽ പെട്ട് ഉഴലുകയായിരുന്നു...
എന്നാൽ കാത്തിരുന്നതെന്താണ്???
____________________
ബ്രിട്ടൺ ഒട്ടുമുക്കാലും തകർക്കപ്പെട്ടിരുന്നല്ലോ...
ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് യുദ്ധ മേഖലകൾ മാത്രം.
A- സൗത് ഏഷ്യയിലെ രണ്ട് ഭീമൻമ്മാർ തമ്മിൽ, ഇതുവരെ ആർക്കും മുൻതൂക്കം ഇല്ലാതിരുന്ന മാരക യുദ്ധത്തിന്റെ ക്ലൈമാക്സിലേക്ക് പ്രവേശിച്ചിരിക്കുന്നു.
B - അലാസ്ക വീണു. കാനഡയും, മെക്സിക്കോയും കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക മാത്രം ഏകനായി ആർട്ടിക്+പസഫിക്+ബെറിങ് കടലിടുക്കുകളിൽ, റഷ്യ+ചൈന എന്നിവർക്കെതിരേ പോരാടിക്കൊണ്ടിരിക്കുകയാണ്.
.
ഹൈഡ്രജൻ ന്യൂക്ലിയർ ബോംബുകൾ.
____________________
2026 ഫെബ്രുവരി 25.
സമയം പുലർച്ചെ: 05. 25
ഇൻഡ്യൻ തിരിച്ചടിയിൽ പതറി തുടങ്ങിയ ചൈന രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനു മേൽ അമേരിക്ക നടത്തിയതിനു തുല്യമായ ഒരാക്രമണം ഇൻഡ്യയ്ക്ക് മേൽ നടത്തി. മനുഷ്യ ചരിത്രത്തിലെ ഹീനമായ രണ്ടാമത്തെ വലിയ ആക്രമണം.
"ചുവന്ന തീ" എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ട, ന്യൂക്ലിയർ-ഹൈഡ്രജൻ ബോംബുകൾ, ഇൻഡ്യാ മഹാരാജ്യത്തിലെ മൂന്നിടങ്ങളിൽ - ഡെൽഹി, മഡ്രാസ്, കൽക്കട്ട - വർഷിക്കപ്പെട്ട നടുക്കുന്ന സംഭവമായിരുന്നു അത്. സെക്കൻഡുകളുടെ ഇടവേളകളിൽ പതിച്ച മൂന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ഈ മൂന്നു നഗരങ്ങളെ ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റി. മറ്റ് മഹാ നഗരങ്ങളിലേക്കുള്ള മിസൈലുകൾ തൊട്ടു പിന്നാലെ സജ്ജമാക്കപ്പെട്ടിരുന്നു...
ഹെക്ട്ര്രുകൾ ചാമ്പലായി.
അര മണിക്കൂറിനകം ഇൻഡ്യ തിരിച്ചടിച്ചു.
പൊഖ്രാനിലെ ഭൂഗർഭ ആണവ പ്ലാന്റിൽ നിന്നും അഞ്ചോളം ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ചൈന ലക്ഷ്യമാക്കി കുതിച്ചു...
ഇൻഡ്യയിൽ ബോംബു വീണ് കഴിഞ്ഞ്, 06. 05 ആയപ്പോൾ, അനന്തമായ ആകാശത്തേക്ക് അഗ്നികുണ്ഠങ്ങൾ ആളിക്കത്തിച്ചു കൊണ്ട്, ഇൻഡ്യയുടെ അഞ്ചോളം "അഗ്നി-5" മിസൈലുകൾ ചൈനയ്ക്ക് മേലേക്ക് നിരനിരയായി പതിച്ചു.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷെൻസെൻ എന്നീ മഹാനഗരങ്ങളും, ലോകത്തെ ഏറ്റവും വലിയ മിലിട്ടറി ബേസുകളിലൊന്നായ സൂറിങ്ഹ് (Zhurihe training base), യൂലിൻ നേവൽബേസ് എന്നീ സൈനീക ആസ്ഥാനങ്ങളും - ഒരു ഓർമ്മ പോലും അവശേഷിപ്പിക്കാതെ - ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.
ഇൻഡ്യയിലും ചൈനയിലുമായി പതിച്ച ഈ ആണവ സ്ഫോടനങ്ങളിൽ 70 കോടി ജനങ്ങൾ സെക്കൻഡിനുള്ളിൽ ചാരമായിത്തീർന്നു...
____________________
ഇൻഡ്യയിലും ചൈനയിലും ഹൈഡ്രജൻ-ന്യൂക്ലിയർ ബോംബുകൾ വീണതോടെ ഇരുവരും തമ്മിലുള്ള യുദ്ധത്തിന് ഫുൾ സ്റ്റോപ് വീണു.
ആണവ ആക്രമണ ഭീതിയിൽ, ഡെൽഹിയിലേയും, ബീജിങ്ങിലേയും ഭരണാധിപൻമ്മാരും, രാഷ്ട്ര തന്ത്രജ്ഞൻമ്മാരും പുറം ലോകത്തിനു നിഗൂഡമായ ഉള്ളറകളീലേക്ക്
മുൻപേ തന്നെ മാറിക്കഴിഞ്ഞിരുന്നു അവിടെയിരുന്നാണ് അവർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഫലത്തിൽ ഈ ഇടങ്ങളായിരുന്നു ആറ്റം ബോംബു വീഴുമ്പോഴും, ശേഷവുമുള്ള രാജ്യ തലസ്ഥാനങ്ങൾ...
യുദ്ധം നിർത്തുന്നു എന്നു പോലും ഇരു കൂട്ടർക്കും പരസ്പരം പറയേണ്ടി വന്നില്ല. പിടിച്ചു കെട്ടപ്പെട്ടതുപോലെ യുദ്ധം ഒരു ദിവസം കൊണ്ട് നിന്നു പോയി...
അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഇൻഡ്യയും ചൈനയും ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഇനിയെന്ത് യുദ്ധം?!
.
വൻ ശക്തികൾ എരിഞ്ഞടങ്ങുന്നു
____________________
അലാസ്കയ്ക്ക് ശേഷം റഷ്യയ്ക്ക് പിന്നീട് നേട്ടങ്ങളൊന്നുമുണ്ടായില്ല. ഇരു കൂട്ടരും ഘോര യുദ്ധത്തിൽ തളർന്നു തുടങ്ങിയിരുന്നു...
ഇൻഡ്യ ചൈന എന്നിവിടങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കപ്പെട്ടതറിഞ്ഞതോടെ റഷ്യയും അമേരിക്കയും സമ്മർദ്ദത്തിലായി.തങ്ങൾക്ക് മേൽ അപരൻ ആണവായുധം പ്രയോഗിച്ചേക്കും എന്ന് ഇരു കൂട്ടരും ഭയപ്പെടാൻ തുടങ്ങി.
എന്നാൽ ഇതേ സമയം അമേരിക്കൻ പ്രസിഡന്റ് കടുത്ത മാനസികാസ്വസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. കിറുക്കനായ ആ ഭരണാധികാരി ഉറക്കമില്ലാതെ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അയാൾ ആ ഉത്തരവ് പുറത്തിറക്കി. റഷ്യയെ എന്നത്തേയ്ക്കുമായി നശിപ്പിക്കുക...
.
2026 ഫെബ്രുവരി 28.
സമയം രാത്രി: 08. 30
റഷ്യൻ ഭൂപ്രദേശത്തേക്ക് ടാർഗറ്റ് ചെയ്യപ്പെട്ട ബാലിസ്റ്റിക് മിസൈലുകൾ കുതിച്ചു തുടങ്ങി. ഇന്നോളം കണ്ടു പിടിയ്ക്കപ്പെട്ട ഒരു മിസൈൽവേധ കവചത്തിനും തടുക്കാൻ പറ്റാത്ത ബ്രഹ്മാസ്ത്രം ആയിരുന്നു അത്.
യു.എസിൽ നിന്നും ന്യൂക്ലിയർ മിസൈലുകൾ പുറപ്പെട്ടതോടെ, റഷ്യൻ പ്രധിരോധ അലാം സംവിധാനങ്ങൾ വാണിങ്ങ് നൽകി. മോസ്കോയിലെ ഉന്നത സൈനീകോദ്ധ്യോഗസ്ഥർ വിറയാർന്ന കൈവിരലുകൾ കൊണ്ട് കണ്ട്രോൾ ബട്ടണുകൾ അമർത്തി.
.തൊട്ടടുത്ത നിമിഷം യു. എസ് ലക്ഷ്യമാക്കി റഷ്യൻ പോർമുനകൾ കുതിച്ചു...
റഷ്യ എരിഞ്ഞടങ്ങുമ്പോൾ യു എസിനുമേലേക്ക് വിനാശം ഉൽക്ക പോലെ പതിച്ചു. ആർട്ടിക് മഹാസമുദ്രത്തിനപ്പുറവും ഇപ്പുറവും അന്നോളം ലോകമഹാശക്തികളായിരുന്ന രണ്ട് അയൽ രാജ്യങ്ങൾ അഗ്നി വിഴുങ്ങി എരിഞ്ഞില്ലാതെയായി...
____________________
പക്ഷേ കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.
ബ്രിട്ടൺ, ജർമനിയ്ക്കും+ഇസ്രായേലിനും+മിഡിൽ ഈസ്റ്റിനും മേൽ ആറ്റം ബോംബ് വർഷിച്ചു. ഇല്ലാതെയാവുന്നതിനു തൊട്ടു മുൻപ് ജർമനിയും-ഇസ്രായേലും-ഇറാനും തിരിച്ചടിച്ചു.
ജർമനിയും യൂറോപ്യൻ സഖ്യ രാജ്യങ്ങളും ബ്രിട്ടീഷ് ആണവാക്രമണത്തിൽ തരിശു ഭൂമിയായി മാറി.
മിഡിൽ ഈസ്റ്റ് വെറും അവശിഷ്ടങ്ങളുടെ കൂമ്പാര പാത്രമായി.
മറുപടി ആക്രമണത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ എന്നത്തേയ്ക്കുമായി ഇല്ലാതെയായി. ഫ്രാൻസ്, സ്പെയിൻ ഉൾപ്പെടെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും മണ്ണോട് മണ്ണായിത്തീർന്നു...
റഷ്യൻ കരയും, കാനഡ+മെക്സിക്കോ ഉൾപ്പെടുന്ന അമേരിക്കൻ വൻകരയും പ്രേതഭൂമിയായി മാറി.
.
ആഫ്രിക്ക+ലാറ്റിൻ അമേരിക്ക+അന്റാർട്ടിക്ക ഒഴികെയുള്ള സകല ഭൂമുഖവുംകത്തിച്ചാമ്പലായി...
പക്ഷേ ഈ ഭൂഖണ്ടങ്ങൾക്ക് മേലേക്ക് ആണവ വികിരണം തീരാ ശാപമായി പടരുകയുണ്ടായി. യുദ്ധത്തിൽ പങ്കെടുക്കുക പോലും ചെയ്യാത്തവരുടെ ദുര്യോഗം...
.
____________________
2025-സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് അഞ്ച് മാസങ്ങൾ നീണ്ട മൂന്നാം ലോക മഹായുദ്ധം അങ്ങനെ ജേതാക്കൾ ആരുമില്ലാതെ പരാജിതരുടെ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട്, 2026-ഫെബ്രുവരി 28 ന് അവസാനിച്ചു.
.
യുദ്ധം ബാക്കി വെച്ചത്
____________________
യുദ്ധാരംഭത്തിൽ എട്ട് ബില്യൺ ജനങ്ങൾ അധിവസിച്ചിരുന്ന ഭൂമിയിൽ, മൂന്നിൽ രണ്ട് മനുഷ്യർ തുടച്ചു നീക്കപ്പെട്ടു.
ശേഷിച്ചവർ 2 ബില്യൺ മനുഷ്യർ മാത്രം.
പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറായി
മൂന്നിൽ രണ്ട് വനം ഇല്ലാതെയായി.
വന്യ മൃഗങ്ങളും, പക്ഷികളും, മത്സ്യങ്ങളും രണ്ട് ദിവസം കൊണ്ട് എവിടേക്കെന്നില്ലാതെ അപ്രത്യക്ഷമായി.
കടൽ വിഷമയമായി. കരയായ കരയും കടലായ കടലും ജലാശയങ്ങളും ഉപയോഗ ശൂന്യമായി.
ഭൂമിയ്ക്ക് മേലേ കറുത്ത പുക പടലം വ്യാപിച്ചു. സൂര്യപ്രകാശം മുൻപത്തെ തോതിൽ ലഭിക്കാതെയായി. ഭൂമുഖത്തെ വായു, വെള്ളം തുടങ്ങി പ്രകൃത്യാലുള്ളതും, മനുഷ്യനിർമ്മിതവും അല്ലാതത്തുമായ സകലമാന വസ്തുക്കളും അണുപ്രസരണമേറ്റ നിലയിലായി.
ബോംബിങ്ങിനു ശേഷം ജീവിച്ചിരിക്കുന്നവർ ഹതഭാഗ്യവാൻമ്മാർ.
എന്തെന്നാൽ അവർ മരിച്ചവരോട് അസൂയപ്പെട്ടു. തങ്ങളെ മരണം പുൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് വിലപിച്ചു.
മഹാൻമ്മാരും ശക്തരുമായി വിരാജിച്ചിരുന്ന രാഷ്ട്ര നേതാക്കൻമ്മാർ തുടർക്കാലത്ത്, ലോകത്തിന്റെ ശാപങ്ങൾക്ക് പാത്രീഭൂതരായി.
നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ എങ്ങിനെ ആയിരുന്നോ, ആ അവസ്ഥയിലേക്ക് അവൻ ചുരുങ്ങിപ്പോയി. വട്ടപ്പൂജ്യത്തിൽ നിന്ന്
സകലതും തുടങ്ങേണ്ടുന്ന ദൈന്യമായ ഭാവി, അവനെ തുറിച്ചു നോക്കി. അഞ്ച് മാസങ്ങൾക്ക് മുൻപ് സമ്പന്നതയുടേയും സാങ്കേതികതയുടേയും തിളക്കത്തിൽ കഴിഞ്ഞിരുന്ന മനുഷ്യൻ പ്രാകൃതയുഗ മനുഷ്യനേപ്പോലെ ആയിത്തീർന്നു.
ഭൂമുഖത്ത് പിന്നീട് ഇന്റർനെറ്റ് ഇല്ലാതെയായി. ഫോൺ, സിനിമ, ടീവി, റേഡിയോ തുടങ്ങി വിനോദങ്ങൾ അവനെ വിട്ട് ഇല്ലാതായിപ്പോയി...
ഭൂമുഖം, ലാറ്റിനമേരിക്ക+ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി. ഏഷ്യയും, യൂറോപ്പും, വടക്കേ അമേരിക്കയും ഉപേക്ഷിക്കപ്പെട്ട ചെർണോബിൽ നഗരത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭീമാകാര സ്തൂപമായി ഇന്നും നില നിൽക്കുന്നു.
ആണവാക്രമണങ്ങൾക്ക് ശേഷം നിത്യ രോഗവും, നിത്യ ശാപവും മനുഷ്യനെ പിന്തുടർന്നു കൊണ്ടിരിക്കുന്നു. ജീവിക്കുന്ന രക്തസാക്ഷികളായി അവൻ പ്രാഞ്ചിപ്രാഞ്ചി നടക്കുന്നു...
യുദ്ധമില്ലാത്ത ഒരു കാലം നാം ഇപ്പോൾ സ്വപ്നം കാണുന്നത്, ഈ ജീവിക്കുന്ന പ്രേതങ്ങൾക്ക് മുന്നിൽ അന്ധാളിച്ച് നിന്നു കൊണ്ടാണ്..
.

അവസാനിച്ചു.

.
____________________
* മൂന്നാം ലോക മഹായുദ്ധം എന്ന ഈ പോസ്റ്റ് വെറും ഭാവന മാത്രമാണ്.
* 2017 വരെയുള്ള ലോക രാജ്യങ്ങളുടെ സൗഹൃദത്തെയും ശത്രുതയേയും അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ടതാണിത്.
* ഇതിലെ സംഭവഗതികൾക്ക് ആധാരമായി റഫർ ചെയ്യപ്പെട്ടത്, 1945 മുതൽ 2017 ജൂലൈ വരെയുള്ള ലോക ചരിത്രത്തിന്റെ ചില പ്രസക്തമായ ഏടുകളായിരുന്നു.
* ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ 2017 വരെയുള്ള പ്രഖ്യാപനങ്ങൾ സംഭവങ്ങൾ എല്ലാം വാസ്തവമാണ്.
* സ്പേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, യുദ്ധോപകരണങ്ങളുടെ പേരുകൾ എന്നിവയും 2017 വരെരേഖപ്പെടുത്തപ്പെട്ടതാണ്.
* ജൈവായുധങ്ങൾ, ഐക്യരാഷ്ട്ര സഭ എന്നിവയേപ്പറ്റി മന:പ്പൂർവ്വം പരാമർശിക്കാതിരുന്നതാണ്.
* സർവോപരി ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
^^^-----------------^^^-----------------^^^

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ