തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഡൺകിർക് പിൻവാങ്ങൽ

"പിൻ മാറ്റം കൊണ്ട് ഒരു യുദ്ധവും ജയിക്കാൻ കഴിയുകയില്ല"
മഹത്തായ ഡൺകിർക്ക് പിൻ മാറ്റത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, പാർളമെന്റിനെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞ വാചകങ്ങളാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ യുദ്ധ തന്ത്രങ്ങളിലെ രണ്ട് വലിയ വീഴ്ച്ചകളിൽ ഒന്നായിരുന്നു ഡൺകിർക്ക്. (മറ്റൊരു വീഴ്ച്ച, കമ്യൂണിസത്തോടുള്ള കഠിനമായ വെറുപ്പു കാരണം, സ്റ്റാലിൻഗ്രാഡ് എന്ത് വില കൊടുത്തും പിടിച്ചടക്കണം എന്ന മോഹമായിരുന്നു. ഇവ രണ്ടും ജർമൻ സാമ്രാജ്യത്വ മോഹത്തിന് വലിയ പരാജയങ്ങൾ നൽകുകയുണ്ടായി)
1940 മെയ് 27 ന് ആരംഭിച്ച്, ജൂൺ നാലിന് അവസാനിച്ചഒരു യുദ്ധവും, അതിജീവനവുമായിരുന്നു ഡൺകിർക്ക് പിൻവാങ്ങൽ (Dunkirk Evacuation).
ബെൽജിയം അതിർത്തിയോട് ചേർന്ന ഫ്രെഞ്ച് തുറമുഖ ഭാഗമായിരുന്നു ഡൺകിർക്ക് (Dunkirk). ജർമൻ - സെവൻത് പാൻസർ ഡിവിഷന്റെ സർവ്വ സൈന്യാധിപനായ ജെനറൽ ഫീൽഡ് മാർഷൽ: എർവിൻ റോമ്മലിന്റെ (Erwin Rommel) ടാങ്ക് ഡിവിഷൻ, ഡൺകിർക്കിനു നേരേ ഇരമ്പിയെത്തിക്കൊണ്ടിരുന്നു. ഈ സൈനീക ഡിവിഷന്റെ നീക്കങ്ങൾ വിസ്മയവേഗത്തിലായിരുന്നു. മിക്കപ്പോഴും റോമ്മലിന്റെ ഭടൻമ്മാർ ശത്രുസൈന്യത്തിന്റെ നേരേ പിൻ ഭാഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ ഗോസ്റ്റ് (Ghost) ഡിവിഷൻ എന്ന പേര് അവർ സമ്പാദിക്കുകയുണ്ടായി.
ഡൺകിർക്കിൽ നിന്ന് 20 മൈൽ അകലെയുള്ള ഒരു പുഴയിലെ നാലു പാലങ്ങൾ ജർമ്മൻ സേന കൈവശപ്പെടുത്തി. ആംഗ്ലോ-ഫ്രെഞ്ച് സൈന്യത്തിന് മേൽ നിർണായക പ്രഹരം ഏൽപ്പിക്കുവാൻ ജർമൻ സൈന്യം ഒരുങ്ങവേ 1940 മെയ് 24 ആം തീയതി വൈകുന്നേരം ഫ്യൂററുടെ ഒരുത്തരവ് വന്നു. ആക്രമണം നിർത്തി വെക്കുക എന്നതായിരുന്നു അത്. ഫ്യൂററുടെ ഉത്തരവ് കേട്ട് ജർമൻ കരസൈന്യാധിപൻമ്മാർ ഞെട്ടി. കാരണം വിജയത്തിന്റെ വക്കിലായിരുന്നു അവരപ്പോൾ.
സുനിശ്ചിതമായ വിജയം വേണ്ടന്ന് വെക്കുവാൻ ഹിറ്റ്ലറെ പ്രേരിപ്പിച്ച കാരണങ്ങളേ പറ്റി പിന്നീട് വളരെയേറെ വാദപ്രതിവാദങ്ങളുണ്ടായിട്ടുണ്ട്.
അതിലൊന്ന്, ആർമി ജനറൽ" റൂൺഡ് സ്റ്റേറ്റിനെ ഹിറ്റ്ലർ സന്ദർശിക്കുകയുണ്ടായി. റൂൺഡ് സ്റ്റേറ്റ് ഫ്യൂററോട് , രണ്ടാഴ്ച്ചത്തെ നിരന്തര യുദ്ധം കൊണ്ട് ഒരുപാട് ജർമൻ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അവയുടെ തകരാറുകൾ പരിഹരിക്കാൻ ഒരു താൽക്കാലിക ഇടവേള ലഭിക്കണമെന്നും അഭ്യർത്ഥിച്ചു. ഇത് ഫ്യൂറർക്ക് സ്വീകാര്യമായിരുന്നു. കാരണം ഈ സമയത്ത് ബെൽജിയത്തിൽ ഘോര യുദ്ധം നടക്കുകയാണ്. അവിടെയുള്ള ചതുപ്പ് പ്രദേശങ്ങൾ ടാങ്കുകൾക്ക് പറ്റിയതല്ല. ഫ്രെഞ്ചുകാർക്കെതിരേയുള്ള യുദ്ധത്തിലാണ് സർവ്വ ശക്തിയും കൈവരിക്കേണ്ടത്. അതിനാൽ ടാങ്കുകൾ ബെൽജിയത്തിൽ കുടുങ്ങിപ്പോയാൽ, അപകടമായേക്കും. തന്മൂലം ബെൽജിയത്തിലെ യുദ്ധത്തിൽ പരിപൂർണ്ണ ശ്രദ്ധ പുലർത്തുന്നത് അബദ്ധമായേക്കും. ഈ പരിഗണനകളാണ് ആ യുദ്ധം നിർത്തി വെക്കാൻ ഫ്യൂററെ പ്രേരിപ്പിച്ചത്.
വേറൊന്ന് രാഷ്ട്രീയമായ പരിഗണനകളായിരുന്നു. ബെൽജിയത്തിലും ഹോളണ്ടിലുമുള്ള ഫ്ലെമിഷ് വംശജരെ ചേർത്ത് ഒരു പുതിയ രാഷ്ട്രം രൂപവത്കരിക്കണമെന്ന് ഫ്യൂറർക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്നും വിശാല ജർമനിയോട് സഖ്യമായിരിക്കുന്നതാവണം എന്നും ഫ്യൂറർ മനസ്സിൽ കണ്ടു. അതുകൊണ്ട് അന്നാട്ടുകാരെ പിന്നീട് വിരോധികളാക്കുന്ന ഇപ്പോഴത്തെ യുധം അദ്ദേഹം വേണ്ട എന്ന് വെക്കുകയായിരുന്നു.
മറ്റൊരു കാരണം അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഒന്നായിരുന്നു. ഹിറ്റ്ലർ തന്നെ തന്റെ സംഭാഷണങ്ങളിലൂടെ ഇക്കാര്യം പിന്നീട് വിശദീകരിക്കുകയുണ്ടായി. അത്; ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ലായിരുന്നു എന്നതായിരുന്നു. ഫ്രാൻസ് വീഴുന്നതോടെ യൂറോപ്പിലെ ജർമൻ മേധാവിത്വം അംഗീകരിച്ച് കൊണ്ട് ബ്രിട്ടൺ പിന്മാറിയേക്കും എന്ന് അദ്ധേഹം കണക്കു കൂട്ടി. ആ നിലയ്ക്ക് ബ്രിട്ടണുമായി ഒരു വലിയ സംഘട്ടനം വേണ്ട. അഭിമാന ഭംഗം കൂടാതെ പിന്മാറാൻ ബ്രിട്ടന് അവസരം കൊടുക്കുന്നതായിരുന്നു ഫ്യൂററുടെ മനസ്സിലുണ്ടായിരുന്നത്.
പിന്നൊരുകാരണമായി ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നത്, ഗോറിങ്ങിന്റെ ഉപദേശത്തെയാണ്. ഇപ്പോൾ തന്നെ ജർമൻ കര സൈന്യത്തിന്റെ അദ്ഭുത വിജയങ്ങൾ കര സൈന്യാധിപൻമ്മാരുടെ പ്രശസ്തി വളരെ വർധിപ്പിച്ചിരിക്കുന്നു. അതു കൊണ്ട് ഉടനേ ഒരു നിർണായകമായ വിജയം കൂടി കരസേന നേടിയാൽ അവർ ഫ്യൂററെ പോലും നിഷ്പ്രഭനാക്കും. ഫ്യൂററെ അധികാര ഭ്രഷ്ടനാക്കാൻ കൂടി കരസേന മടിച്ചില്ലെന്ന് വരാം. അതു കൊണ്ട് കരയുദ്ധം നിർത്തി വെച്ചിട്ട് ആംഗ്ലോ-ഫ്രെഞ്ച് സൈന്യത്തെ തകർക്കുക എന്നത് വിമാന സേനയ്ക്ക് വിട്ടുകൊടുക്കാം എന്ന് ഗോറിങ്ങ് ഹിറ്റ്ലറെ ഉപദേശിക്കുകയുണ്ടായി.
ഇത്തരം പല കാരണങ്ങൾക്കൊപ്പം, ബ്രിട്ടീഷ് നാവിക ശക്തിയേപ്പറ്റിയുള്ള അറിവില്ലായ്മ്മയും ഹിറ്റ്ലറെ സ്വാധീനിച്ചു കാണണം. മൂന്നു വശവും ജർമൻ സൈന്യത്താൽ വളയപ്പെട്ടും, ആകാശ ആക്രമണത്താൽ പരിക്ഷീണിതരായും കഴിയുന്ന ബ്രിട്ടീഷ് - ഫ്രെഞ്ച് സൈനികർക്ക്, ഇനി കീഴടങ്ങലേ നിവൃത്തിയുള്ളു എന്ന് ഫ്യൂറർ കണക്കു കൂട്ടി. ഇക്കാര്യങ്ങളാൽ 15 ദിവസത്തെ നിരന്തര യുദ്ധം കൊണ്ട് ക്ഷീണിച്ച തന്റെ സൈനികർ ഒരു താൽക്കാലിക ഇടവേള എടുത്തു കൊള്ളട്ടെ എന്ന് ഫ്യൂറരും വിചാരിച്ചു. ലോക മഹായുദ്ധത്തിന്റെ ആരംഭമായത് കാരണം പിന്നീട് നാലു വർഷത്തേക്ക് യുദ്ധം നീളുമെന്ന് അന്ന് ഹിറ്റ്ലറോ ജർമൻ സൈന്യമോ ഒരിക്കലും ചിന്തിച്ച് കൂടി കാണില്ല.
പിന്നിലുള്ള കാരണം എന്തായാലും, ഈ തീരുമാനം രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു. അനന്തര ഫലങ്ങൾ അത് പിന്നീട് തെളിയിക്കുകയുണ്ടായി.
ഈ അപ്രതീക്ഷിത ഇടവേളയോടെ, പോരാട്ട മേഖലയിൽ വലയുകയായിരുന്ന തങ്ങളുടെ സൈനീകരെ രക്ഷിക്കാൻ ബ്രിട്ടീഷ് റോയൽ നേവി ഒരുങ്ങിയിറങ്ങി. ഈ ഘട്ടത്തിൽ പത്മവ്യൂഹത്തിൽ പെട്ട തങ്ങളുടെ സഹോദരൻമ്മാരെ / മക്കളെ രക്ഷിക്കാനായി ബ്രിട്ടണിലെ ആബാലവൃദ്ധം ജനങ്ങളും ബ്രിട്ടീഷ് ണേവിയ്ക്കൊപ്പം കടലിലിറങ്ങി. അനേകം ചെറു കപ്പലുകൾ, ചരക്ക് കപ്പലുകൾ, ബോട്ടുകൾ ഒക്കെയായി ഇംഗ്ലീഷ് ചാനലിലേക്ക് ബ്രിട്ടീഷ് ജനത ഇറങ്ങി.
24 ആം തീയതി 887 ബ്രിട്ടീഷ് കപ്പലുകൾ ഇംഗ്ലീഷ് ചാനൽ കുറുകേ കടന്നു. അഡ്മിറൽ റാസേ മ്യൂർ ഈ സന്നദ്ധ സേവനത്തിനു നേതൃത്വം വഹിച്ചു. ഇതേ അവസരത്തിൽ ആംഗ്ലോ-ഫ്രെഞ്ച് സൈനീകർ ഡൺ കിർക്കിലേക്ക് പിന്മാറ്റം ആരംഭിച്ചു. ഹിറ്റ്ലറുടെ ഉത്തരവ് ജർമൻ ആക്രമണത്തെ മന്ദീഭവിപ്പിച്ചു. ഈ സമയം കൊണ്ട് രക്ഷപെടാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇംഗ്ലീഷ് - ഫ്രെഞ്ച് സൈനികർക്ക് സാധിച്ചു.
ഡൺകിർക്കിലെ കപ്പൽ ഡോക്കുകൾക്ക് ജർമൻ വിമാന സേന മാരകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇതുമൂലം വലിയ പടക്കപ്പലുകൾക്ക് തീരത്തടുക്കുവാൻ കഴിഞ്ഞില്ല. കഴുത്തറ്റം വരെ വെള്ളത്തിൽ നടന്നും നീന്തിയുമെത്തിയ അവശരായ ഭടൻമ്മാരെ ബോട്ടുകളിൽ കയറ്റി അകലെ നിന്നിരുന്ന കപ്പലുകളിലേക്ക് മാറ്റുകയും അവ ഇംഗ്ലീഷ് തീരത്തേക്ക് പോയി തങ്ങളുടെ ഭടൻമ്മാരെ അവിടിറക്കിയിട്ട് തിരികെ വന്ന് വീണ്ടും ആളുകളെ കയറ്റുകയും ചെയ്തു. രക്ഷപെടാനും, രക്ഷപെടുത്താനുമുള്ള വ്യഗ്രതയിൽ ഈ സമയത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചും, വലിയ കപ്പലുകളുടെ ഓഅലത്തിൽ പെട്ട് ചെറിയ കപ്പലുകൾ മറിഞ്ഞും വളരെ അപകടങ്ങളും ഇതിനിടയിലുണ്ടായി. അതോടൊപ്പം ദിനം പ്രതി ഉഗ്രമായിക്കൊണ്ടിരിക്കുന്ന വിനാശകരമായ ജർമ്മൻ വിമാനാക്രമണവും ഈ പദ്ധതിയ്ക്ക് വിഘ്നം വരുത്തി.
അതേ സമയം ഡൺകിർക്കിലെ കര ആക്രമണം നിർത്തി വെക്കാനുള്ള ഫ്യൂറരുടെ ഉത്തരവ് സൈന്യാധിപൻമ്മാരെ അദ്ഭുതസ്തബ്ദരാക്കി. കൈക്കുള്ളിലായ വിജയം വഴുതിപ്പോകുന്നത് നിസ്സഹായതയോടെ അവർ അറിഞ്ഞു. സൈനീക നീക്കങ്ങൾ വിദഗ്ദമായി നിയൻബ്ത്രിച്ചു കൊണ്ടിരുന്ന ബ്രൗക്കിറ്റ്ഷും, ഹാൽഡറും ഫ്യൂററുടെ തീരുമാനം തെറ്റാണെന്ന് വാദിച്ചു.ഹിറ്റ്ലർ അത് വക വെച്ചില്ല. രാഷ്ട്രീയ പരിഗണനകൾ സൈന്യാധിപൻമ്മാർക്ക് മനസ്സിലാവുകയില്ലെന്നായിരുന്നു അദ്ധേഹത്തിന്റെ നിലപാട്.
കര ആക്രമണം നിർത്തിയിരിക്കുന്നത് മൂലം ഡൺകിർക്കിൽ എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ജർമൻ ഹൈക്കമാൻഡിന് ശരിക്കും മനസ്സിലായില്ല. ഇത്ര വലിയ സൈന്യത്തെ ശത്രുവിന് കരയിൽ നിന്ന് രക്ഷിച്ച് കൊണ്ടു പോകാനാവുമെന്ന് ജർമൻ സൈനീകോന്നതൻമ്മാർ സങ്കൽപ്പിക്കുകയുണ്ടായില്ല. 26 ആം തീയതി ബ്രിട്ടീഷുകാർ പിന്വാങ്ങാൻ തുടങ്ങിയതോടെയാണ് ഹിറ്റ്ലർ അബദ്ധം മനസ്സിലാക്കിയത്. അതോടെ ആക്രമണം പുനരാരംഭിക്കാൻ ഫ്യൂറർ ഉത്തരവിട്ടു.
പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഈ സമയം കൊണ്ട് പിൻവാങ്ങലിനുള്ള സകല ഒരുക്കവും ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് റോയൽ നേവി പൂർത്തീകരിച്ചിരുന്നു. ആക്രമണത്തെ എതിർത്ത് കൊണ്ട് തന്നെ ആംഗ്ലോ-ഫ്രെഞ്ച് സൈനീകർ രക്ഷപെട്ടുകൊണ്ടിരുന്നു. ഇതിനിടയിൽ ബെൽജിയം രാജാവ് കീഴടങ്ങി. ഡൺകിർക്കിനു നേരേ മാരകമായ അക്രമണം നടത്തിയവരിൽ പ്രശസ്ഥനായ റോമ്മലും, പിൻവാങ്ങിയ ബ്രിട്ടീഷ് സേനയിൽ മറ്റൊരു പ്രശസ്ഥനായ മോണ്ട് ഗോമറിയും ഉണ്ടായിരുന്നു.
9 ദിവസം കൊണ്ട് ബ്രിട്ടീഷുകാർ ഡൺ കിർക്കിൽ നിന്നുമുള്ള പിൻ വാങ്ങൽ പൂർത്തിയാക്കി. അവസാനത്തെ ബ്രിട്ടീഷ് കര സൈനീകനായ അലക്സാണ്ടറും കപ്പൽ കയറി.
അപ്പോഴേക്കും ആക്രമണം പുനരാരംഭിച്ച ജർമൻ സേന, ജൂൺ 4 ആം തീയതി ഡൺ കിർക്ക് കൈവശപ്പെടുത്തി. 40,000 പേരെ തടവുകാരാക്കിയതായി ജർമനി അവകാശപ്പെട്ടു. എന്നാൽ 3,38,226 സൈനികരെ ഡൺ കിർക്കിൽ നിന്നും ബ്രിട്ടീഷുകാർക്ക് രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ 1,39,911 പേർ ഫ്രെഞ്ചുകാരും ബെൽജിയംകാരുമായിരുന്നു. പ്രതീക്ഷയ്ക്കും ഉപരിയായ ഒരു വൻ രക്ഷപെടുത്തലായി ഇത് ചരിത്രത്തിൽ എഴുതപ്പെട്ടു.
യുദ്ധം തുടങ്ങിയ സമയത്ത് ഡൺകിർക്കിലും, ഫ്രാൻസിന്റെ സമീപ ഭാഗങ്ങളിലുമായി ബ്രിട്ടീഷ് സേന 704 ടാങ്കുകളാണ് പോരാട്ടത്തിനു വിന്യസിച്ചിരുന്നത്. ഇവയിൽ വെറും 25 എണ്ണം മാത്രമാണ് ഈ രക്ഷപെടുത്തലിൽ തിരികെ ബ്രിട്ടണിലെത്തിയത്. അത്രയ്ക്കായിരുന്നു ജർമനിയുടെ സംഹാര ശക്തി.
തോൽവിയടഞ്ഞ് ചിന്നഭിന്നമായി തിരിച്ചെത്തിയ ഈ സേനയെ വികസിപ്പിച്ചാണ് 4 വർഷത്തിനു ശേഷം ഫ്രാൻസിൽ വീണ്ടും ജർമനിയ്ക്കെതിരേ ആക്രമണം നടത്താൻ ബ്രിട്ടീഷുകാർക്ക് സാധിച്ചത്. 1940 കയ്യെത്തും ദൂരത്ത് അവസരം ലഭിച്ചിട്ടും അവരെ നശിപ്പിക്കാതെ പോയത് വലിയ അബദ്ധമായെന്ന് അന്ന് ഫ്യൂറർക്ക് തോന്നുകയുണ്ടായി.

.

അനുബന്ധ പോസ്റ്റ്
https://padaarblog.blogspot.in/2018/04/blog-post_2.html
____________________________________________
കട: രണ്ടാം ലോകമഹായുദ്ധത്തേക്കുറിച്ചുള്ള പുസ്തകങ്ങൾ, വിക്കി, ഗൂഗിൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ