തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മൂന്നാം ലോക മഹായുദ്ധം: ഭാഗം രണ്ട്

ഈ ലിങ്കിൽ ക്ലിക്കി ആദ്യ ഭാഗം വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റ് വായിക്കുക:-
https://padaarblog.blogspot.in/2018/04/blog-post_84.html

.
2025 സെപ്ടംബർ 01.
രാത്രി 12.45.
മെഡിറ്ററേനിയൻ കടൽ...
മേഖലയ്ക്ക് മേലേ യുദ്ധഭീതി നിഴൽ വിരിച്ച് കിടന്ന ഗൂഡമായ കാലമായിരുന്നു അത്.
അഗാധവും വിശാലവുമായ കടൽ പരപ്പിനു മേലേ, തണുത്ത ശാന്തതയിൽ, മൂന്ന് റഷ്യൻ പടക്കപ്പലുകൾ സർവ സജ്ജമായി കിടന്നിരുന്നു...
പൊടുന്നനെ അഡ്മിറൽ തർഷക്കോവ് എന്ന റഷ്യൻ ഡിസ്ട്രോയറിലേക്ക് പൂത്തിരി പോലെ ഒരു മിസൈൽ വന്ന് പതിച്ചു......
ഇതായിരുന്നു മൂന്നാം ലോക മഹായുദ്ധത്തിന്റെ ഔദ്യോഗിക കിക്കോഫ്!!!
അപ്രതീക്ഷിതമായ ഈ മിസൈൽ ആക്രമണത്തിൽ, കപ്പലിൻറെ പിൻവശം അമ്പേ തകർന്നു. സാരമായ കേടുപാടുകളും, നാൽപ്പത് നാവീകരുടെ മരണത്തിനുമിടയാക്കിയ ഒരു ഹ്രസ്വദൂര ടോമോഹൊക്ക് മിസൈലാക്രമണമായിരുന്നു അത്...
ഇതോടെ മെഡിറ്ററേനിനയൻ സൈനീക കേന്ദ്രത്തിൽ നിന്നും മോസ്കോയിലേക്ക് അടിയന്തിര സന്ദേശങ്ങൾ പാഞ്ഞു...
എഫ്. ഐ. എസ് (Foreign Intelligence Service of the Russian Federation) ഉദ്ധ്യോഗസ്ഥർ, നാഴികകളെണ്ണും മുൻപ് ആ വിവരം കണ്ടെത്തി. മിസൈൽ തുർക്കിയിൽ നിന്ന് പുറപ്പെട്ടതാണെന്ന് സ്ഥിരീകരിയ്ക്കപ്പെട്ടു.
തുർക്കിയാണ് കഥാപാത്രം!
തുർക്കിക്ക് പിന്നിൽ തങ്ങളുടെ പരമ്പരാഗത വൈരികളായ അമേരിക്കയുണ്ട്...
ശത്രുക്കളായ ബ്രിട്ടണും+ഫ്രാൻസും ഉൾപ്പെടുന്ന നാറ്റോയുണ്ട്...
ഇനി വൈകിക്കൂടാ.
ഇതിനു മേലുള്ള ഒരു വെല്ലുവിളി റഷ്യൻ അഭിമാന ഗോപുരത്തിനു മേലേ ഇനി വീഴാനില്ല...
ആർട്ടിക് മഹാ സമുദ്രത്തിന്റെ ആഴങ്ങളിൽ അതീവ രഹസ്യമായി വിന്യസിക്കപ്പെട്ടിരുന്ന അഞ്ച് റഷ്യൻ അന്തർവാഹിനികൾ പുലർച്ചെ തന്നെ മെഡിറ്ററേനിയൻ സമുദ്രഭാഗത്തേക്ക് കുതിച്ചു...
ഒരു ആജ്ഞയ്ക്കായി റഷ്യൻ പടക്കപ്പലുകൾ അക്ഷമയോടെ കാത്തിരുന്നു.
.
യുദ്ധം ആരംഭിക്കുന്നു
________________________
പുലർച്ചെ അഞ്ച് മുപ്പതോടെ റഷ്യ തുർക്കിക്ക് നേരേ ഒരു ലാർജ് സ്കെയിൽ ആക്രമണം ഉദ്ഘാടനം ചെയ്തു. മെഡിറ്ററേനിയൻ കടലിൽ നിന്നും കൃത്യമായ ടാർഗറ്റുകളിലേക്ക് റഷ്യൻ R-5M മിസൈലുകൾ മൂളക്കത്തോടെ കുതിയ്ക്കാൻ തുടങ്ങി. തുർക്കിക്ക് മേലേ നിരനിരയായി സ്ഫോടനങ്ങൾ തീർത്തുകൊണ്ട് മിസൈലുകൾ ഉഗ്ര മുഴക്കങ്ങൾ സൃഷ്ടിച്ചു.
ഇത് പ്രതീക്ഷിച്ചിരുന്നതു പോലെ തുർക്കിയും നാറ്റോയും തിരിച്ചടി ആരംഭിച്ചു.
മൂന്നാം ലോക മഹായുദ്ധത്തിന്റെ, സഡൻ ഡെത്തിലേക്കുള്ള പ്രയാണമായിരുന്നു അത്.!
ലോകത്തെ ഏറ്റവും വലിയ മിലിട്ടറികളിലൊന്നായ റഷ്യയുടെ ഗ്രൗണ്ട്+എയർ+നേവൽ ഫോഴ്സുകൾ തുടക്കം മുതൽ തന്നെ അവരുടെ ക്ലിനിക്കൽ പ്രൊഫഷണലിസം വ്യക്തമാക്കിത്തുടങ്ങി. ഇതോടെ ലോകമൊട്ടുക്ക് ശത്രു സംഹാരം ലക്ഷ്യമാക്കി അവരുടെ പടയൊരുക്കങ്ങൾ ആരംഭിച്ചു.
തൊട്ടു പിന്നാലെ യു.എസ്. നേവി, മെഡിറ്ററേനിയൻ കടലിൽ എട്ടോളം പടക്കപ്പലുകൾ വിന്യസിച്ചു. ചരിത്രത്തിലാദ്യമായി യു.എസ്. X റഷ്യ നാവീക പോരാട്ടം നേർക്കു നേർ ആരംഭിക്കപ്പെട്ടു...
.
മിഡിൽ ഈസ്റ്റ് പ്രകമ്പനം കൊള്ളുന്നു.
________________________
നേരത്തോട് നേരം തികയുമ്പോഴേക്കും മിഡിൽ ഈസ്റ്റിൻറെ മറുഭാഗത്ത്, ഇസ്രായേലും X അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അതിൻറെ സർവ വന്യഭാവത്തോടെയും ആരംഭിച്ചു കഴിഞ്ഞിരുന്നു...
പാലസ്ഥീനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന ഇസ്രായേൽ, ഒരേ സമയം തങ്ങളുടെ രാജ്യത്തിന്റെ നാലു വശങ്ങളിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരായി.
ഇതോടെ എന്തിനും സജ്ജമായിരുന്ന ഇറാനും+ഇറാഖും+സിറിയയും+ഖത്തറും ചേർന്ന്, മറ്റ് അറബ് രാജ്യങ്ങൾക്കെതിരേ കര-നാവീക-വ്യോമാക്രമണം ആരംഭിച്ചു.ഇസ്രായേലിനെ ആക്രമിച്ച് കൊണ്ടിരുന്ന രാജ്യങ്ങൾ ഇതിനേത്തുടർന്ന് വിവിധ യുദ്ധമുഖങ്ങളിലേക്ക് എത്തിപ്പെട്ടു.
സെപ്ടംബർ 15 ന് യുദ്ധം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇറാനും+ഇറാഖും+സിറിയയും+ഖത്തറും ചേർന്ന് ഐതിഹാസികമായ യുദ്ധ തന്ത്രങ്ങളിലൂടെ കുവൈറ്റ് പിടിച്ചെടുത്തു. വിജയ ചരിത്രത്തിലെ മിന്നുന്ന ഒരു ഭാഗമായി മാറി പൊടുന്നനെ നേടിയ ഈ വിജയം.
കുവൈറ്റിൽ നിന്ന് കാര്യമായ യാതൊരു ചെറുത്തു നിൽപ്പും അവർക്കുണ്ടായില്ല എന്നതായിരുന്നു വാസ്തവം. റഷ്യയ്ക്കെതിരേ മുഴുവൻ ഏഗാഗ്രതയും പുലർത്തേണ്ടുന്നതിനാൽ അമേരിക്ക, കുവൈറ്റിനെ സംരക്ഷിക്കുന്നതിൽ അലംഭാവം കാട്ടുകയും ചെയ്തു...
യുദ്ധ വിജയത്തോടനുബന്ധിച്ച് ഇറാൻ+ഇറാഖ് നേതൃത്വത്തിലുള്ള സഖ്യം, കുവൈറ്റ് മണ്ണിൽ കൂട്ട നരഹത്യകളാണ് ചെയ്തു കൂട്ടിയത്.
വധിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിയറിഞ്ഞ കുവൈറ്റ് ഭരണാധികാരിയും കുടുംബവും, ആത്മഹത്യ ചെയ്തു.
കുവൈറ്റ് ജനതയും, സൈനീകരും കൂട്ടമായി സൗദി അറേബ്യയിലേക്ക് പലായനം ആരംഭിച്ചു...
വെറും 24 മണിക്കൂറുകൾ കൊണ്ട് കുവൈറ്റ്, ഭീകരമായ ഒരു ശവപ്പറമ്പായി പരിണമിച്ചു
.
അമേരിക്കൻ+നാറ്റോ പ്രത്യാക്രമണം
________________________
ഇറാഖ് - ഇറാൻ-സിറിയൻ-ഖത്തർ സഖ്യം കുവൈറ്റിനെതിരേ നേടിയ ഈ അപ്രതീക്ഷിത വിജയം അമേരിക്കയെ ഞെട്ടിച്ചു. അവരെ കടിഞ്ഞാണിട്ടേ തീരൂ. ഇതോടെ യൂറോപ്യൻ താവളങ്ങളിൽ നിന്നും, നാറ്റോ സഖ്യസേന ഈ ശത്രുക്കൾക്കെതിരേ മാരകമായ വ്യോമാക്രമണം ആരംഭിച്ചു. സിറിയൻ കരയിൽ റഷ്യൻ+സിറിയൻ ഭരണ സഖ്യവും, അമേരിക്കൻ+സിറിയൻ വിമത സഖ്യവും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് കലുഷിതമാക്കി. ഇരു പക്ഷത്തേയും ടാങ്കുകളും, ആർട്ടിലറികളും അതിമാരകമായി തീ തുപ്പിക്കൊണ്ടിരുന്നു...
സെപ്ടംബർ 22-ന് രാത്രി, ഭൂമുഖം അതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വിനാശകരമായ വ്യോമാക്രമണത്തിന് മിഡിൽ ഈസ്റ്റ് ആകമാനം വേദിയായി പരിണമിച്ചു. ഫ്രാൻസിന്റെ ഫൈറ്റർ ജെറ്റുകളായ റാഫേൽ, മിറാജ്, എന്നീ സൂപ്പർസോണിക് വിമാനങ്ങളും, ബ്രിട്ടന്റെ -സൂപ്പർ മറീൻ, ഹാവ്ക്കർ വിമാനങ്ങളും, അമേരിക്കൻ എഫ്. 15 വിമാനങ്ങളും ഒരുമിച്ച്, ഈ ശത്രു രാജ്യങ്ങളിലേക്ക് മാരകമായ ബോംബിങ്ങ് ആരംഭിച്ചു.
അതി വിനാശകരമായ ബോംബിങ്ങിൽ സിറിയ ഒഴികെയുള്ള, ഇറാൻ+ഇറാഖ്+ഖത്തർ ഗ്രൗണ്ട്+നേവൽ+എയർ ഫോഴ്സുകൾ തകർന്നു തരിപ്പണമാകാൻ തുടങ്ങി...
ഇതോടെ - ഈ രാജ്യങ്ങളുടെ ഹൈക്കമാൻഡിൽ നിന്നും, ഹോട്ട് ലൈൻ കാളുകൾ റഷ്യയിലേക്കും ഇസ്രായേലിലേക്കും ജർമനിയിലേക്കും പാഞ്ഞു.
തുടർന്ന് ആക്രമണം നടത്തുന്ന നാറ്റോ താവളങ്ങൾ ലക്ഷ്യമിട്ട്, റഷ്യൻ+ഇസ്രായേൽ മറുപടി അറ്റാക്ക് ആരംഭിച്ചു.
മിഡിൽ ഈസ്റ്റുമായി അതിരുകൾ പങ്കിടുന്ന, യൂറോപ്പിലെ നാറ്റോ രാജ്യങ്ങൾക്ക് മേൽ റഷ്യൻ പക്ഷത്തിന്റെ വ്യോമസേന ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ച് പ്രത്യാക്രമണം തുടങ്ങി.
.
ജർമനി ഇറങ്ങുന്നു
_________________________
കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ, 2025 ഒക്ടോബർ 01-ന് ജർമനി അവരുടെ കവചിത വാഹനങ്ങളുടെ ഒരു അതിബൃഹത്തായ പരേഡ് ബെർലിനിൽ അവതരിപ്പിക്കുകയുണ്ടായി. സെക്കൻഡ് വേൾഡ് വാറിനു ശേഷം ജർമൻ സായുധ ശക്തിപ്രകടനത്തിന്റെ തോത് എന്താണെന്ന് ലോകത്തിനു മനസ്സിലായ ആദ്യ സംഭവമായിരുന്നു ഇത്. ശത്രുക്കൾക്കുള്ള അതി ഭീമമായ ഒരു മുന്നറിയിപ്പായിരുന്നു അത്.
ഇതോടെ ജർമനി തങ്ങളുടെ ശത്രുക്കളായ അയൽക്കാരെ ആക്രമിക്കാൻ പോകുന്നു എന്ന ഭീതി ഇറ്റലിയെ ഗ്രസിച്ചു. റോം ദ്രുദഗതിയിൽ കർമ്മ നിരതരായി. പൗരൻമ്മാർക്ക് ഇറ്റാലിയൻ ഗവണ്മെന്റിന്റെ മുന്നറിയിപ്പുകൾ റേഡിയോ+ടെലിവിഷൻ+മറ്റ് പത്രമാധ്യമങ്ങൾ എന്നിവയിലൂടെ നൽകപ്പെട്ടു. ഇറ്റാലിയൻ കര+നാവീക+വ്യോമ സേന ജാഗ്രത്തായി...
2025 ഒക്ടോബർ 05-ന് തികച്ചും അപ്രതീക്ഷിതമായി ഇറ്റലി, ജർമനിയെ ആക്രമിച്ചു!!!
ചരിത്രത്തിൻറെ വലിയൊരു വിരോധാഭാസമായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധം യൂറോപ്പിൽ ആരംഭിച്ചത് ഇതേ ജർമനിയും ഇറ്റലിയും ചേർന്നായിരുന്നു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് യൂറോപ്പിനെ മുഴുവനായി വലിച്ചിഴച്ചതും പ്രസ്ഥുത രാജ്യങ്ങൾ തന്നെയായിരുന്നു എന്നത് ചരിത്രത്തിന്റെ കറുത്ത ഫലിതമായി മാറി. ഇത്തവണ പക്ഷേ ഇരുവരും എതിരാളികളായിരുന്നു എന്ന് മാത്രം.
ഫ്രെഞ്ച്+സ്പാനിഷ്+ബ്രിട്ടീഷ് സേനകളും ഇതോടെ ഇറ്റലിയ്ക്കൊപ്പം അണി നിരന്നു.
തങ്ങൾ ആക്രമിക്കപ്പെട്ടതോടെ ജർമനി;, ആസ്ട്രിയ+സ്വിറ്റ്സർലൻഡ്+ബോസ്നിയ+സെർബിയ തുടങ്ങിയ സ്വതന്ത്ര പാശ്ചാത്യ സഖ്യത്തോട് യുദ്ധത്തിനിറങ്ങാൻ ആഹ്വാനം ചെയ്തു. ഈ സഖ്യം യോജിച്ച്, ഇറ്റലിയ്ക്കും മറ്റ് ശത്രുക്കൾക്കുമെതിരേ തിരിച്ചടി ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിനൊപ്പം, യൂറോപ്പും ആകമാനം യുദ്ധത്തിന്റെ അഗാധ ഗർത്തത്തിലേക്ക് വീണു.
.
റഷ്യൻ അതിരുകൾ പോരാട്ടഭൂമിയാകുന്നു.
_________________________
ഈ ഘട്ടത്തോടെ യൂറോപ്പുമായി ബന്ധപ്പെടുന്ന റഷ്യൻ കര അതിരുകളിലേക്കും യുദ്ധം വ്യാപിക്കപ്പെട്ടു.
യൂറോപ്പ് മുഴുവനായി ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് നിറഞ്ഞു. കരയും, കടലും, ആകാശവും ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച ആക്രമണ രംഗങ്ങളിലേക്ക് വഴിമാറി.
ഹ്രസ്വ+മധ്യ ദൂര മിസൈലുകളും, സ്യൂട്കേസ് ബോംബുകളും സ്ഫോടനങ്ങളിലൂടെ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരുന്നു. അംബര ചുംബികളായ കെട്ടിടങ്ങൾ ചാരക്കൂമ്പാരമായി മാറി. മനുഷ്യൻ ഈയാം പാറ്റകളേപ്പോലെ തീയിൽ വെന്ത് വെണ്ണീറായിക്കൊണ്ടിരുന്നു...
.
ഇതോടെ അമേരിക്കൻ സഖ്യത്തിലുള്ള യൂറോപ്യൻ-നാറ്റോ
രാജ്യങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലായി.
കാലം ഇനിയൊരിക്കലും ആ പഴയതുപോലെ അനുകൂലമാവില്ല...
ഇനി ആലോചിക്കാനോ പിന്തിരിയാനോ സമയമില്ല...
പ്രതികൂലങ്ങൾ അതിഘോരമാംവണ്ണം പെരുകിക്കഴിഞ്ഞിരിക്കുന്നു.
ഇനി അതിജീവനത്തിന്റെ നൂൽപ്പാലത്തിലെ ഞാണിൻമ്മേൽ കളി മാത്രമാണ് മുൻപിൽ.
തുടർന്ന് നാറ്റോ+അമേരിക്കൻ സഖ്യസേന റഷ്യയെ വീഴ്ത്താൻ ഉഗ്ര ശപഥമെടുത്തു. അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രെഞ്ച് പ്രീമിയർമ്മാർ അവരുടെ രാജ്യങ്ങളിലെ പൗരൻമ്മാരോട് വികാര നിർഭരങ്ങളായ പ്രസംഗങ്ങൾ നടത്തി. "അതിജീവനത്തിനും, മരണത്തിനും ഇടയിലുള്ള പാതാള ഗർത്തത്തിലാണ് നാമിപ്പോൾ എന്ന്" പറഞ്ഞു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് തുടങ്ങിയ പ്രസംഗം, ടീവിയിലും+റേഡിയോവിലും ശ്രവിച്ച അമേരിക്കൻ ജനത ഭീതിയിലും ദു:ഖത്തിലും ആണ്ടുപോയി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന + ഒന്നും രണ്ടും ലോകയുദ്ധങ്ങൾ വിജയിച്ച ഗ്രേറ്റ് ബ്രിട്ടൺ, ഇത്തവണയും രാജകീയമായി തിരിച്ച് വരും എന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രത്യാശിച്ചു.
.
തുടർന്ന്, യൂറോപ്യൻ ഫൈറ്റർ ജെറ്റുകളും വിനാശകരങ്ങളായ മിസൈലുകളും ഭീമാകാര രാജ്യമായ റഷ്യൻ അതിരുകളെ ലക്ഷ്യമിട്ടു മൂളിപ്പറക്കാൻ തുടങ്ങി...
അവിടെയാകട്ടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ സോവിയറ്റ് റെഡ് ആർമിയെ അനുസ്മരിപ്പിക്കും വിധം റഷ്യ യൂറോപ്പ് പിടിച്ചടക്കാനുള്ള വിനാശകരമായ മാർച്ച് ആരംഭിച്ചു കഴിഞ്ഞിരുന്നു...
.
അമേരിക്ക X റഷ്യ പോരാട്ടത്തിന് കിക്കോഫ്
_________________________
റഷ്യൻ ബോർഡറിലേക്ക് വ്യാപിച്ച യൂറോപ്പിലെ ഈ പോരാട്ടം, പല വഴിത്തിരിവുകൾക്കും ഇടയാക്കി.
റഷ്യയും അമേരിക്കയും തമ്മിൽ അവരവരുടെ അതിരുകളിലേക്ക് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി എന്നതായിരുന്നു അവയിൽ പ്രധാനം. റഷ്യയ്ക്കും വടക്കേ അമേരിക്കയിലെ അലാസ്കയ്ക്കും മദ്ധ്യത്തിലുള്ള ആർട്ടിക് സമുദ്രത്തിലേക്കും, ബെറിങ് കടലിലേക്കും, പസഫിക് മഹാ സമുദ്രത്തിലേക്കും യുദ്ധംഇതോടെ വ്യാപിക്കപ്പെട്ടു...
ഇതുമൂലം, ഈ പ്രബലരായ ശത്രു രാജ്യങ്ങൾ സർവ സന്നാഹങ്ങളും ഉപയോഗിച്ച് സമുദ്രാതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിക്കയുണ്ടായി. ഈയൊരു ഘട്ടം മുതൽക്ക് യുദ്ധത്തിന്റെ രീതി, സർവ സീമകൾക്കുമപ്പുറത്തേക്ക് വ്യാപിക്കപ്പെട്ടു.
.
യുദ്ധം ഈസ്റ്റ് ചൈനാക്കടലിലേക്ക് ആർത്തിരമ്പുന്നു
_________________________
യൂറോപ്പിനെ ഗ്രസിച്ച യുദ്ധത്തേത്തുടർന്ന് 2025 ഒക്ടോബർ 10-ന് ഈസ്റ്റ് ചൈനാക്കടലും പോരാട്ട ഭൂമിയായിത്തീർന്നു.
ഇവിടെ, ജപ്പാൻ ചൈനയെ ആക്രമിയ്ക്കുകയായിരുന്നു.
ലോക ഗതി ആകമാനം മാറിമറിഞ്ഞത് ജപ്പാനെ ഭയപ്പെടുത്തിയിരുന്നു. കാര്യങ്ങൾ സങ്കീർണമായിക്കൊണ്ടിരിക്കവേ ഇനി വൈകിയാൽ ചൈനീസ് വ്യാളി തങ്ങളെ വിഴുങ്ങിയേക്കും എന്ന് ജപ്പാന് ഉറപ്പായിരുന്നു. ഇതിനേത്തുടർന്നായ്യിരുന്നു ജപ്പാന്റെ ഈ അറ്റാക്ക്.
തങ്ങളുടെ കാവലാളായ അമേരിക്ക പോരാട്ട ഭൂമിയിലേക്ക് ഇറങ്ങിക്കഴിഞ്ഞുമിരിക്കുന്നു. ഇവിടെ അമാന്തിച്ചാൽ അമേരിക്ക തങ്ങളെ കൈവിടും. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് വിഘാതം സൃഷ്ടിക്കും. ഈ ധർമ്മ സങ്കട ഘട്ടത്തിൽ മുൻപിൻ നോക്കാതെ യുദ്ധത്തിന് ഇറങ്ങുകയേ ജപ്പാന് നിർവാഹമുണ്ടായിരുന്നുള്ളൂ...
ജപ്പാന്റെ വൻ നാവീക വ്യൂഹം ചൈനാ തീരത്തേക്ക് ആക്രമിച്ച് കയറാൻ ആരംഭിച്ചു... ഒപ്പം അമേരിക്കൻ സേനയും...
മറുപടിയായി ചൈന അവരുടെ ഭീമാകാരമായ സൈനീക ശക്തി ഈസ്റ്റ് ചൈനാക്കടലിൽ പ്രകടിപ്പിക്കാൻ തുടങ്ങി. മേഖല ഘോരവും, അതിരൂഷിതവുമായ യുദ്ധത്തിലേക്ക് വീണു...
ഇരു നാവീക സേനകളുടേയും ഇഞ്ചോടിഞ്ച് പോരാട്ടം ഈസ്റ്റ് ചൈനാക്കടലിനെ വിഭ്രമാത്മകതയിലാഴ്ത്തി...
.
ചൈനാ V/S ജപ്പാൻ & യു. എസ്. പോരാട്ടം ആരംഭിച്ചതോടെ ഉത്തര കൊറിയ യുദ്ധത്തിലേക്ക് സ്വമേധയാ അവതരിക്കപ്പെട്ടു. തെക്കൻ കൊറിയയിലേക്ക്, അവർ മുന്നൂറോളം ടാങ്കുകൾ ഉപയോഗിച്ച് "വിശാല കൊറിയൻ റിപ്പബ്ലിക്ക്" സ്ഥാപിക്കാനുള്ള ആക്രമണത്തിന് തുടക്കം കുറിച്ചു.
ഈസ്റ്റ് ചൈനാക്കടലിൽ, യു. എസ്., ചൈനയുമായി, പ്രത്യക്ഷ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ, ചൈനീസ് സേന, യു.എസ്. നെ എതിരിടാനായി, റഷ്യയ്ക്കൊപ്പം പസഫിക് സമുദ്രത്തിലേക്ക് അവരുടെ വിമാനവാഹിനി കപ്പലുകളും, അനവധി പടക്കപ്പലുകളും അയക്കുകയുണ്ടായി. ഈ സമയം, അമേരിക്ക+മെക്സിക്കോ+കാനഡ എന്നിവരുടെ സഖ്യത്തിനെതിരേ, പസഫിക് മഹാ സമുദ്രത്തിൽ, റഷ്യ ഒറ്റയ്ക്ക് പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
_________________________
ഈസ്റ്റ് ചൈനാക്കടലിലെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ചൈന, ജാപ്പനീസ് അമേരിക്കൻ സഖ്യത്തെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് യുദ്ധത്തിൽ വലിയ ആധിപത്യം നേടുകയുണ്ടായി. എന്നാൽ ഇതിനിടയ്ക്ക് ഉത്തര കൊറിയയെ, ചൈനയ്ക്ക് സഹായിക്കാനായില്ല.
കൊറിയകൾ തമ്മിൽ കടുത്ത യുദ്ധം മൂർശ്ചിക്കവേ, യു.എസ്. ഉത്തര കൊറിയയെ അടപടലം നശിപ്പിക്കാനായി ഉഗ്ര ആക്രമണം ആരംഭിക്കുകയുണ്ടായി.. വളരെ സുവ്യക്തമായ ഒരു പ്ലാനോടെയായിരുന്നു അമേരിക്ക ഉത്തര കൊറിയയെ ആക്രമിച്ചത്. ഉത്തര കൊറിയ ആണവ മിസൈൽ പ്രയോഗിച്ചേക്കാം എന്ന മുൻ കരുതലിൽ, യു.എസ്. എയർഫോഴ്സ്, ഉത്തരകൊറിയൻ ആണവ പ്ലാന്റുകൾ ലക്ഷ്യമാക്കി കഠിനമായ വ്യോമാക്രമണമാണ് നടത്തിയത്. ഒപ്പം, ഉത്തര കൊറിയൻ സമുദ്രത്തിൽ അവരുടെ നേവിയെ യു.എസ്., തകർത്തു തരിപ്പണമാക്കുകയുമുണ്ടായി.
നാളുകളായി ഉണ്ടാക്കിയെടുത്ത എല്ലാ ബിൽഡപ്പുകളും ഉത്തര കൊറിയയെ നോക്കി കോമാളിച്ചിരി ചിരിച്ച നാളുകളായിരുന്നു അക്കാലം. യു. എസിനു മുൻപിൽ ഉത്തര കൊറിയ സമ്പൂർണമായി ചിതറിപ്പോകുന്നതിനാണ് കാലം സാക്ഷ്യം വഹിച്ചത്.
.
ഉത്തര കൊറിയയുടെ പതനം
_________________________
ഉത്തര കൊറിയയ്ക്ക് ഒരിക്കലും അവരുടെ ആറ്റം ആയുധങ്ങൾ ശത്രുക്കൾക്കെതിരേ പ്രയോഗിക്കാൻ കഴിഞ്ഞില്ല. യു. എസിന്റെ അതിശക്തവും വന്യവുമായ സൈന്യത്തിനു മുൻപിൽ ഉത്തര കൊറിയ അമ്പേ തകർന്നു പോയി. തെക്കൻ കൊറിയയ്ക്കെതിരേ യുദ്ധം ആരംഭിച്ച ഉത്തര കൊറിയ, -ഇതോടെ- കീഴടങ്ങുന്നതാണ് ഉചിതം എന്നു പോലും ചിന്തിക്കുകയുണ്ടായി.
എന്നാൽ സമയവും സന്ദർഭവും ഒരുപാട് വൈകിപ്പോയിരുന്നു.
യു.എസ്. സേന ഉത്തര കൊറിയ എന്ന ചെറിയ രാജ്യത്തെ ശവപ്പറമ്പാക്കി തീർത്തു. ഉത്തര കൊറിയൻ സൈനികരുടെ അഴുകിയ ശവശരീരങ്ങൾ, കഴുകൻമ്മാർ കൊത്തി വലിക്കുന്നത് ഈ ലോക യുദ്ധം അവശേഷിപ്പിച്ച ഏറ്റവും ഭീകരമായ ദൃശ്യങ്ങളിലൊന്നായി തീർന്നു.
യു.എസ്. ആക്രമണം തുടങ്ങി, ആദ്യ ദിനം തന്നെ ഉത്തര കൊറിയൻ ഏകാധിപതി ബോംബിങ്ങിൽ കൊല്ലപ്പെട്ടു. അണ്ടർ ഗ്രൗണ്ട് ഷെൽട്ടറുകളിലൊന്നിൽ പതുങ്ങിയിരിക്കുകയായിരുന്നു ആ സ്വേശ്ചാധിപതി. അത്തരം ദൈന്യമായ ഒരവസ്ഥയിലായിരുന്നു, ആ ഷെൽട്ടർ പോലും തകർത്ത യു. എസിന്റെ ഭീകര ബോംബിങ്ങുണ്ടായത്. യു.എസ്. ഉത്തര കൊറിയയെ തകർത്തത് Mother of All Bombs എന്ന് വിളിക്കപ്പെടുന്ന അതിമാരകമായ നോൺ ന്യൂക്ലിയർ ബോംബ് ഉപയോഗിച്ചായിരുന്നു.
ലോകത്തെ നോക്കി എന്നും വെല്ലു വിളിച്ചിരുന്ന ഉത്തര കൊറിയൻ ആണവായുധങ്ങൾ, അവരുടെ പ്ലാന്റുകളിലെ ഭൂഗർഭ ഗുഹകളിൽ തന്നെ പൊട്ടിത്തെറിക്കുകയോ നിർവീര്യമാക്കപ്പെടുകയോ ചെയ്തു.
യുദ്ധം തുടങ്ങി അഞ്ചാം നാൾ, ഉത്തര കൊറിയ എന്ന രാജ്യം സമ്പൂർണമായി ഭൂപടത്തിൽ നിന്ന് നീക്കപ്പെട്ടു. അതായിരുന്നു യു. എസിന്റെ പ്രഹരശേഷി.
ഉത്തര കൊറിയയുടെ പതനം, അമേരിക്കൻ സഖ്യം നേടിയ ആദ്യത്തെ വലിയ വിജയമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ഈ വിജയത്തിൽ ലഹരിപിടിച്ച അവർ, ലോകമൊട്ടുക്കുള്ള പോരാട്ട ഭൂമികളിൽ എതിരാളികൾക്കെതിരേ കൂടുതൽ ശക്തവും വന്യവുമായ ആക്രമണം അഴിച്ചു വിട്ടു...
.
ഇൻഡ്യ V/s ചീനീ+പാക്കി ഘോരയുദ്ധം
_________________________
2025 നവംബർ 01-ന് ഇൻഡ്യൻ അതിരുകൾ വെടി ശബ്ദത്താൽ പ്രകമ്പനം കൊള്ളാൻ തുടങ്ങി.
പാക്ക് ആർമിയുടെ ടാങ്ക് കവചം സൗത്ത് ഏഷ്യയിലെ ഈ ഘോര യുദ്ധത്തിനു തുടക്കം കുറിച്ചു. ഇതോടെ സർവ്വ സജ്ജമായിരുന്ന ഇൻഡ്യൻ കര+നാവീക+വ്യോമ സേന പ്രത്യാക്രമണം ആരംഭിച്ചു. തൊട്ടു പിന്നാലെ ചൈനീസ് അതിരുകളീൽ മാലപ്പടക്കം പോലെ ആർട്ടിലറികൾ പൊട്ടിത്തെറിച്ചു...
പാക്ക്+ചൈനീസ് സംയുക്ത സഖ്യത്തിന്റെ ആക്രമണത്തിൽ ഇൻഡ്യൻ അതിരുകൾ ഒന്നടക്കം യുദ്ധ മേഖലയായി പരിണമിച്ചു.
രാജ്യം അശാന്തിയിൽ ആണ്ടുപോയി...
ഇൻഡ്യയുടെ വടക്ക്, ഗുജറാത്ത്-പാക്ക് അതിർത്തിയിലെ "റാൺ ഓഫ് കച്ച്" മുതൽ, ചൈനയുമായി അവസാനിക്കുന്ന "അരുണാചൽ പ്രദേശ്" വരെയുള്ള വിശാലമായ അതിർത്തി പ്രദേശങ്ങളിൽ ഘോരയുദ്ധമാണ് നടന്നത്.
ഒപ്പം മുംബൈ, ഗോവ, വിശാഖപട്ടണം, മഡ്രാസ്, കൊച്ചി, കൊൽക്കട്ട, ആൻഡമാൻ ഉപദ്വീപുകൾ എന്നിവിടങ്ങളിലെ സമുദ്രാതിർത്തികളും അതിരൂഷമായ യുദ്ധത്തിന് വേദിയായി പരിണമിച്ചു...
ജിബൂട്ടിയിൽ നിന്നും, ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ചൈനയുടെ ഭീമാകാര നേവിയ്ക്കെതിരേ, ഇൻഡ്യൻ നേവി അവരുടെ ഏറ്റവും മികച്ച ആയുധങ്ങളും, യുദ്ധ തന്ത്രങ്ങളുമുപയോഗിച്ച് അതിജീവനത്തിനു വേണ്ടിയുള്ള അന്തിമ പോരാട്ടം ആരംഭിച്ചു. ഇതോടെ ബംഗ്ലാദേശി സൈന്യവും, ഇൻഡ്യൻ സഹായത്തിനായി യുദ്ധത്തിലേക്ക് ഇറങ്ങുകയുണ്ടായി. തുടർന്ന് ബേ ഓഫ് ബംഗാൾ ഉൾക്കടലിലേക്കും യുദ്ധം വ്യാപിച്ചു.
.
സ്വാതന്ത്ര്യത്തിനു ശേഷം നിരന്തരമായി അതിരുകളിൽ യുദ്ധം ചെയ്ത്, തഴക്കവും വഴക്കവും വന്ന ഇൻഡ്യയും, മുൻപ് യാതൊരു യുദ്ധ പരിചയവുമില്ലാത്ത - ബിൽഡപ്പ് മാത്രമുള്ള - ചൈനയും തമ്മിലുള്ള പ്രകടമായ വ്യത്യാസം, ലോകത്തിനു ബോധ്യമായത് ഈ യുദ്ധത്തിലായിരുന്നു. ഭീമാകാരമായി ലോകത്തെ വിറപ്പിച്ച് നിന്നിരുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഇൻഡ്യൻ പോരാട്ട വീര്യത്തിനു മുൻപിൽ പലയിടത്തും തകർന്നു തുടങ്ങി...
ഇത് ലോകത്തിന് തികച്ചും അവിശ്വസനീയമായിരുന്നു. എന്നാൽ യുക്തിസഹമായി ചിന്തിക്കുമ്പോൾ, അതിനായിരുന്നു സർവ്വ സാദ്ധ്യതയും. എന്തെന്നാൽ അയൽക്കാരനുമായി നിരന്തര പോരാട്ടത്തിലേർപ്പെടുന്നവൻ എപ്പോഴും കരുതലോടെയിരിക്കും. അതിജീവിക്കാനുള്ള സർവ്വ അടവുകളും അവനറിയാം. ഇതായിരുന്നു ഇൻഡ്യയുടെ രഹസ്യം.
ശ്രീലങ്കയെ, ഇൻഡ്യ പിടിച്ചടക്കുന്നു.
_________________________
ഇതേ സമയം, ഇൻഡ്യൻ മഹാ സമുദ്രത്തിലാകട്ടെ, ഇൻഡ്യ; -ചൈനീസ്+ശ്രീലങ്കാ സംയുക്ത സഖ്യത്തിനു മേൽ തുടക്കം തൊട്ടേ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു. ശ്രീലങ്കൻ നേവി ഇൻഡ്യൻ മഹാസമുദ്രത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. ചൈനയുടെ ഇരുപത്തഞ്ചോളം പടക്കപ്പലുകൾ ഇൻഡ്യൻ സംഹാര കപ്പലുകളുടെ ആക്രമണത്തിൽ അഗാധത്തിലേക്ക് ആഴ്ന്നു പോയി.
ശ്രീലങ്കയ്ക്കുണ്ടായ നാശ നഷ്ടം അഭേദ്യമായിരുന്നു.
അവരുടെ 40 പടക്കപ്പലുകളും, നൂറു കണക്കിന് വിമാനങ്ങളും അപ്രത്യക്ഷമായി.
ഇൻഡോ ചൈനീസ് കര അതിരുകളിലും+അമേരിക്കയ്ക്കെതിരേ ഈസ്റ്റ് ചൈനാക്കടലിലും+പസഫിക് സമുദ്രത്തിലും, സങ്കീർണവും ഭീകരവുമായ യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നതിനാൽ ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് കൂടുതൽ സൈനികരെ എത്തിയ്ക്കാനും ചൈനയ്ക്ക് സാധിച്ചില്ല.
ജൂൺ മുപ്പതിന് ഇൻഡ്യൻനേവി ശ്രീലങ്കൻ കര പിടിച്ചടക്കി.
കിളിനോച്ചിയിൽ ഇൻഡ്യൻ സേന, ദേശീയ പതാക ഉയർത്തി.
.
പാക്കിസ്ഥാന്റെ പതനം
_________________________
ഇൻഡോ പാക്ക് യുദ്ധത്തിൽ ഇൻഡ്യ ശത്രുവിനെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. പാക്കിസ്ഥാനിലെ ഗുജ്രാൻ വാല, മുൾട്ടാൻ, കറാച്ചി തുറമുഖം എന്നിവ ഇൻഡ്യൻ എയർ ഫോഴ്സിന്റെ മാരകമായ ബോംബിങ്ങിൽ തകർന്നു.
പെഷാവറിനും, ലാഹോറിനും മേലേ ഇൻഡ്യൻ വ്യോമസേനാ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു കൊണ്ട് മൂളിപ്പറന്നു. കറാച്ചി തുറമുഖം പൂർണമായും ഇൻഡ്യ പിടിച്ചടക്കി. നൂറു കണക്കിനു പാക്ക് വിമാനങ്ങളും കപ്പലുകളും ഗുജറാത്+പാക്ക് തീരത്ത് ആഴങ്ങളിലേക്ക് മാഞ്ഞു പോയി...
പരാജയം മുന്നിൽ കണ്ട പാക് ജനത, ഇതിനകം തന്നെ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അഫ്ഗാൻ, അവരുടെ അതിർത്തി സീൽ ചെയ്യുകയുണ്ടായി.
ഇതേ സമയം ഇൻഡോ-ചൈനാ യുദ്ധം അതിന്റെ സർവ ഭീകരതകളും ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് അനുദിനം മുന്നേറുകയായിരുന്നു. അതേ സമയം, ശ്രീലങ്കയിലും ഇൻഡ്യൻ മഹാ സമുദ്രത്തിലും ചൈനീസ് സൈന്യം സമ്പൂർണ പരാജയമടഞ്ഞെങ്കിലും, കര അതിർത്തിയിൽ ചൈന അതിശക്തമായി ഇൻഡ്യയെ ആക്രമിക്കുകയായിരുന്നു.
അക്സായ് ചിന്നിലും, ടിബറ്റൻ അതിർത്തിയിലും ഇൻഡ്യ ചൈനയെ പ്രതിരോധിച്ചു. ടിബറ്റിൽ ചൈനീസ് സൈന്യത്തിന് തങ്ങളുടെ ടാങ്കുകളും ആർട്ടിലറികളും ഉപേക്ഷിച്ച്, അഞ്ച് കിലോമീറ്ററുകൾ പുറകോട്ട് പിൻ വലിയേണ്ടി വന്നു.
എന്നാൽ 2025 നവംബർ 20-ന്; ഭൂട്ടൻ അതിർത്തിയിലെ "ധോക് ലാ", ചൈനീസ് സൈനികർ കീഴടക്കി. ഇതോടെ ഒറ്റയടിയ്ക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇൻഡ്യയിൽ നിന്ന് ചൈന പറിച്ചു മാറ്റി. ഇൻഡ്യൻ ഭൂപടം മാറ്റി വരയ്ക്കപ്പെട്ടു.
.
ഈ സന്നിഗ്ദ ഘട്ടത്തിൽ ഇൻഡ്യയ്ക്ക് ഇസ്രായേലും+ഇറാനും ചേർന്ന് വലിയൊരു സഹായം ചെയ്തു. അവർ പാക്കിസ്ഥാനെതിരേ സ്വമേധയാ യുദ്ധ പ്രഖ്യാപനം നടത്തി. ഇതിനേ തുടർന്ന് ഇസ്രായേൽ എയർഫോഴ്സും ഇറാൻ കരസേനയും, പാക്കിസ്ഥാനിലേക്ക് കനത്ത ആക്രമണം ആരംഭിച്ചു. ഇതിൽ ചൈന ഞെട്ടിയെങ്കിലും, റഷ്യൻ പക്ഷത്ത് ഒരുമിച്ച് അണി നിരന്ന് അമേരിക്കയ്ക്കെതിരേ തോളോട് തോൾ ചേർന്ന് പോരാടുന്നവരായതിനാൽ, ഇസ്രായേൽ+ഇറാൻ എന്നിവർക്കെതിരേ ചെറുവിരൽ പോലും അനക്കാൻ ചൈനയ്ക്ക് സാധിച്ചില്ല.
ഇസ്രായേൽ+ഇറാൻ എന്നിവർ പാക്കിസ്ഥാനെതിരേ കളത്തിലിറങ്ങിയതോടെ, ഇൻഡ്യ, ചൈനയ്ക്കെതിരേയുള്ള പോരാട്ടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. ഇതിനേ തുടർന്ന് ന്യൂഡൽഹിയില പ്രതിരോധ കേന്ദ്രങ്ങളിൽ നവംബർ അവസാന ആഴ്ച്ചകളിലെ ഒരു രാത്രിയിൽ ഉന്നത സൈനീക മീറ്റിങ്ങ് വിളിച്ചു കൂടപ്പെട്ടു. പുതിയ യുദ്ധ തന്ത്രങ്ങൾ ആ രാത്രിയിൽ ഉടലെടുത്തു...
.
ചില സുപ്രധാന വഴിത്തിരിവുകൾ
_________________________
ജർമനി - ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ തുടങ്ങിയ യൂറോപ്പിലെ നോൺ-നാറ്റോ അംഗങ്ങൾ രൂപീകരിച്ച സ്വതന്ത്ര പാശ്ചാത്യ സഖ്യം (Independent European Ally), ഐതിഹാസികമായ പോരാട്ടമാണ് യൂറോപ്പിൽ നടത്തിക്കൊണ്ടിരുന്നത്. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആരംഭത്തിലും ഒരു പ്രബല സൈനീകശക്തിയായി ആരും കണക്കിലെടുക്കാതിരുന്ന ജർമനി, ഇത്രകാലവും അവർ ലോകത്തിനു മുൻപിൽ ഒളിപ്പിച്ചു വച്ചിരുന്ന മാരകായുധങ്ങളുമായി നാറ്റോയെ നേരിടാൻ തുടങ്ങി. ജർമനിയുടെ സെവൻത് പാൻസർ ഡിവിഷനും, നയൻത് പാൻസർ ഡിവിഷനും ഉഗ്രമായ മിന്നൽ യുദ്ധങ്ങളിലൂടെ യൂറോപ്യൻ കരകളിൽ വിജയക്കൊടി പാറിക്കാൻ തുടങ്ങി. ഈ സഖ്യം ഇറ്റലിയെ അടപടലം കീഴടക്കി. ഫ്രെഞ്ച് സേനയെ തകർത്തെറിഞ്ഞു. സ്പെയിനിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി.
എന്നാൽ ഈ പോരാട്ടത്തിൽ ബ്രിട്ടീഷ് സേന വിനാശകരമായ ആക്രമണമാണ് ജർമൻ സഖ്യത്തിൽ പെട്ട, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നീ രാജ്യങ്ങൾക്ക് മേൽ അഴിച്ച് വിട്ടത്.
.
ജർമനിക്കും ബ്രിട്ടണും ഇടയിലുള്ള ഇംഗ്ലീഷ് ചാനൽ, വടക്കൻ കടൽ (North Sea), നോർവീജിയൻ കടൽ (Norwegian Sea) എന്നിവിടങ്ങളിൽ ജർമനിയുടേയും ബ്രിട്ടന്റേയും നൂറുകണക്കിനു വരുന്ന കപ്പൽ പട പരസ്പരം പോരാട്ടത്തിൽ ഏർപ്പെട്ടു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സും+നേവിയും ജർമൻ നേവിയ്ക്ക് മേൽ ആധിപത്യം കാട്ടിക്കൊണ്ടിരുന്നു. കടലിൽ വിന്യസിക്കപ്പെട്ട മൈനുകളീൽ തട്ടി ഒട്ടനവധി ജർമൻ പടക്കപ്പലുകളും അന്തർ വാഹിനികളും പൊട്ടിത്തെറിച്ചു...
അധികം വൈകാതെ റഷ്യയുടെ വൻ കപ്പൽ പട ഇംഗ്ലീഷ്, നോർവീജിയൻ കടലുകളിലേക്കെത്തി. ഇതോടെ ബ്രിട്ടന്റെ
അതുവരെയുള്ള മേധാവിത്വത്തിന് ഇടിച്ചിൽ അനുഭവപ്പെട്ടു...
_________________________
റഷ്യയും X യൂറോപ്പുമായി പങ്കിടുന്ന അതിരുകളിൽ ആയിരക്കണക്കിനു ടാങ്കുകളുമായി റഷ്യ ഭീകര ആക്രമണം നടത്തിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. തങ്ങൾക്കും ജർമനിയ്ക്കും ഇടയിലുള്ള സകല ശത്രുക്കളേയും തൂത്തെറിഞ്ഞ് ജർമൻ ബോർഡറിൽ സന്ധിക്കാനുള്ള യാത്രയിലായിരുന്നു അവർ.
2025 ഡിസംബർ 25 ആയപ്പോഴേക്കും റഷ്യൻ ഗ്രൗണ്ട് ഫോഴ്സ് - ഫിൻലാന്റ്, ഈസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ, ബെലാറസ്, ഉക്രയിൻ, റൊമാനിയ എന്നീ രാജ്യങ്ങൾ കീഴടക്കി. ഇനി പോളണ്ടു കൂടി പിടിച്ചെടുത്താൽ തങ്ങളുടെ സഖ്യമായ ജർമൻ അതിരിലേക്ക് റഷ്യൻ സാമ്രാജ്യം വ്യാപിപ്പിക്കാം. റഷ്യയുടെ കണക്കു കൂട്ടൽ ഇതായിരുന്നു...
എന്നാൽ പോളണ്ടിനു വേണ്ടി യു.എസ്., ബ്രിട്ടീഷ്, ഫ്രെഞ്ച് സൈനികർ ഒറ്റക്കെട്ടായി ഇറങ്ങി. ഇതോടെ റഷ്യൻ സേനയും
യു.എസ്. ഉൾപ്പെട്ട നാറ്റോ സേനയും തമ്മിൽ പോളണ്ടിൽ ഘോരമായ യുദ്ധം നടക്കുകയുണ്ടായി. മൂന്നാം ലോക മഹായുദ്ധത്തിലെ ഏറ്റവും വലിയ കരയുദ്ധത്തിനായിരുന്നു പോളണ്ട് വേദിയായത്...
_________________________
ഇതേ സമയം അറേബി കടലും+ഇൻഡ്യൻ മഹാ സമുദ്രവും സമ്മേളിക്കുന്നിടത്ത് അമേരിക്കൻ പക്ഷം ആദ്യത്തെ തോൽവി അറിഞ്ഞു. അറബ്-നാറ്റോ സഖ്യം ഇവിടെ അടിമുടി തകർന്നു. റഷ്യ-ഇസ്രായേൽ-സിറിയ-ഇറാൻ-ഇറാഖ്-ഖത്തർ എന്നിവർ ചേർന്ന് മിഡിൽ ഈസ്റ്റിലെ അറേബ്യൻ രാജ്യങ്ങൾ മൊത്തത്തിൽ തന്നെ പിടിച്ചെടുത്തു.
യെമൻ, ഒമൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്ര്രിൻ, കുവൈറ്റ്, ജോർദ്ദാൻ, പാലസ്ഥീൻ, ഈജിപ്റ്റ് എന്നിവ കീഴടക്കപ്പെട്ടു. ഇസ്രായേൽ-സിറിയ-ഇറാൻ-ഇറാഖ് എന്നീ വിജയികൾ ചേർന്ന് ആ രാജ്യങ്ങളെ ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിൽ നാലായി വിഭജിച്ച് പങ്കിട്ടെടുത്തു.
ലെബനൻ, പാലസ്തീൻ, ഈജിപ്ത് എന്നിവയെ ഒറ്റരാജ്യമാക്കി ഇസ്രായേൽ സ്വന്തമാക്കി. വിശാല ഇസ്രായേൽ എന്ന് അതിന് നാമകരണം ചെയ്തു.
ജോർദാൻ മുഴുവനായും, സൗദി അറേബ്യയും ചേർത്ത് ഒറ്റ രാജ്യമാക്കി, സിറിയയൻ അഡ്മിനിസ്ട്രേഷനിലേക്ക് ചേർക്കപ്പെട്ടു.
കുവൈറ്റ് ബഹ്ര്രിൻ യു.എ.ഇ. എന്നിവയെ ഇറാഖും,
ഒമൻ+യെമൻ എന്നീ രാജ്യങ്ങളെ ഒന്നിച്ച് ചേർത്ത് ഇറാനും സ്വന്തമാക്കി. ഈ വിജയ സഖ്യത്തിലെ താരതമ്യേന ദുർബലരായ ഖത്തറാകട്ടെ, തോൽപ്പിക്കപ്പെട്ട രാജ്യങ്ങളുടെ ഭാഗം തങ്ങൾക്ക് വേണ്ട എന്ന നിലപാടിലായിരുന്നു.
മിഡിൽ ഈസ്റ്റ് യുദ്ധം റഷ്യൻ പക്ഷം ഏക പക്ഷീയമായി വിജയിച്ചതോടെ, ഈ സഖ്യം ബാക്കിയുള്ള യൂറോപ്യൻ ശത്രുക്കളെ കീഴടക്കാൻ അവരുടെ ജൈത്രയാത്ര ആരംഭിച്ചു...
_________________________
ഈ ലോക യുദ്ധം ആരംഭിച്ച തുർക്കിയുടെ ഗതിവിഗതികൾ പിന്നീടെന്തായി? ഇക്കാലത്ത് തുർക്കി അമേരിക്കൻ പിന്തുണയോടെ സർവ ശക്തിയുമുപയോഗിച്ച് റഷ്യയ്ക്കെതിരേ പിടിച്ച് നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെ തുർക്കിയെ കീഴടക്കാൻ റഷ്യ ഒരു പദ്ധതി വിഭാവനം ചെയ്തു. ഡമാസ്കസിൽ വെച്ച് നടത്തപ്പെട്ട റഷ്യൻ പക്ഷ രാജ്യങ്ങളുടെ മീറ്റിങ്ങിലായിരുന്നു ആ പദ്ധതി രൂപപ്പെട്ടത്.
ജർമൻ അതിരു വരേക്കും വിശാല റഷ്യ സ്ഥാപിക്കപ്പെടുന്നതിന്റെ യാത്രയിലാണ് തങ്ങളിപ്പോൾ. പോളണ്ടു കൂടി വീണാൽ ആ ഭാഗം ക്ലിയറായി. ഈ സമയം ഇസ്രായേൽ+സിറിയ +ഇറാൻ+ഇറാഖ് എന്നിവർ തുർക്കിയെ ആക്രമിക്കുക. ഇതിനകം തങ്ങൾ ജർമനിയ്ക്കൊപ്പം യോജിച്ച് യൂറോപ്പിലെ അവശേഷിക്കുന്ന അവസാനത്തെ പ്രബലനായ ബ്രിട്ടൺ പിടിച്ചെടുക്കും. ഈ ഘട്ടത്തിൽ തങ്ങൾ തുർക്കിയിലേക്കും, ഇസ്രായേൽ+സിറിയ +ഇറാൻ+ഇറാഖ് എന്നിവർ താഴെ നിന്നും മുകളിലേക്കും വരും. ഇങ്ങനെ തുർക്കിയും, മറ്റു നാറ്റോ അംഗ രാജ്യങ്ങളും കീഴടങ്ങും. ഇതോടെ യൂറോപ്പിനെ,റഷ്യ+ജർമനി+ആസ്ട്രിയ+സ്വിറ്റ്സർലൻഡ്+ ബോസ്നിയ+സെർബിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ആറ്
വലിയ രാജ്യങ്ങളായി രൂപവത്കരിക്കാം. തുടർന്ന് അമേരിക്കയെ വീഴ്ത്താനുള്ള ഘോര യുദ്ധത്തിലേർപ്പെടാം.
.
അങ്ങനെ അന്തിമ യുദ്ധത്തിന്റെ നരകവാതിൽ തുറക്കപ്പെട്ടു.
ഇനി ക്ലൈമാക്സിലേക്ക് ഏതാനും മിനിട്ടുകൾ മാത്രം...

(തുടരും)
അടുത്ത ഭാഗത്തിൻറെ ലിങ്ക്. :-
https://padaarblog.blogspot.in/2018/04/blog-post_50.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ