തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മലയാളസിനിമയിലെ വംശനാശം സംഭവിച്ച ജീവികൾ

Most Endangered Species in Malayalam Cinema
-----------------------------------------
മലയാള സിനിമയിൽ നിന്ന് വംശനാശം നേരിട്ടതും,
വംശനാശ ഭീക്ഷണിയുടെ വക്കിൽ നിൽക്കുന്നതുമായ ചിലയിനം ജീവി വർഗ്ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തുകയാണ്.
.
No: 6----------
ക്ഷയിച്ച തറവാടിൻറെ ഇരുണ്ട അകത്തളത്തിൽ നിന്ന് തെക്കിനിയിൽ നില്ക്കുന്ന ഏത്തവാഴക്കുലയിലേക്ക് നോക്കി, നെടുവീർപ്പിട്ടിരുന്ന അവിവാഹിതരായ ഒരു ജീവി വർഗ്ഗമായിരുന്നു ഓപ്പോൾ.
ഇവയുടെ പുറന്തോട് നരച്ച സെറ്റ് സാരി കൊണ്ടുള്ളതായിരുന്നു.
കസ്തൂരി മാൻ കസ്തൂരി പോഴിക്കും എന്ന് പറയും പോലെ ഇവയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി പൊഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയിൽ.
ഏകാന്ത ജീവികൾ അഥവാ സോളിറ്ററി ആനിമൽസായിരുന്നു ഓപ്പോളുമാർ.

പൈങ്കിളി എഴുത്തുകാരനായ എം. ടി. എന്ന പൂങ്കിളിയാണ് ഈ ജീവി വർഗ്ഗത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്.
90 കളുടെ അവസാനത്തോടെ പുതു തലമുറ സിനിമാക്കാർ ഇല്ലങ്ങൾ കയ്യേറിയതും ഗ്യാസ് സ്റ്റൗവ്വിൻറെ ആവിർഭാവത്തോടെ കരി പിടിച്ച ഇരുണ്ട അകത്തളങ്ങൾ ഇല്ലാതായതും, ചൊവ്വാ ദോഷത്തെ അതിജീവിക്കാനാവാഞ്ഞതും, ആരും കെട്ടാഞ്ഞതു കൊണ്ട് ബ്രീഡിങ്ങ് നടക്കാതെ പോയതും കാരണം ഈ ജീവി വർഗ്ഗം മലയാള സിനിമാ ഭൂമുഖത്ത് നിന്നും അടപടലെ തുടച്ചു നീക്കപ്പെട്ടു.
.
No: 5
----------
കലുങ്കിലിരുന്ന് കമൻറടിക്കുന്ന, കവലയ്ക്ക് നിന്ന് വായി നോക്കുന്ന, മതില് ചാടി കുളിസീൻ കാണുന്ന ഒരു ജീവി വർഗ്ഗമായിരുന്നു പൂവാലൻമ്മാർ. ഇന്ന് ഇവ അപ്രത്യക്ഷമായിരിക്കുന്നു.
90 കളിൽ സിദ്ധിഖ് ലാലാണ് ഇത്തരം ഒരു ജീവി വർഗ്ഗത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നത്.
ഈ ജീവികൾ സോഷ്യൽ ആനിമൽസ് ആയിരുന്നു. സംഘം ചേർന്നാണിവ നടക്കുന്നതും, ഇര പിടിക്കുന്നതും. അയൽ വീട്ടിലെ പെൺ കുട്ടികളായിരുന്നു ഇവയുടെ പ്രധാന ഇരകൾ.
വാടകയ്ക്ക് താമസിക്കുന്ന പെൺ കുട്ടികളെ ഇവർ ഓടിച്ചിട്ട് പിടിക്കുമായിരുന്നു.
ആപത്ത് മണത്താൽ ഇവ, മണിക്കൂറിൽ 100 കിലോ മീറ്റർ സ്പീഡിൽവരെ ഓടുകയും,
എത്ര വല്യ മതിലും അനായാസം വലിഞ്ഞു കയറുകയും ചെയ്യുമായിരുന്നു.
കഴിഞ്ഞ ദശകത്തോടെ ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഭംഗം വരുകയുണ്ടായി.
മൊബൈൽ ഫോൺ, ത്രീ ജി പി ക്ലിപ്പ്, വീഡിയോ ചാറ്റ്, XXX എന്നിവ വന്നതോടെ കുളിസീൻ കാണാനുള്ള പഴയ ആ ഇൻററസ്റ്റങ്ങ് പോയതും, അയൽ വീട്ടിലിപ്പോ പഴയതുപോലെ വാടകക്കാരായി പെൺകുട്ടികൾ വരാതാവുകയും ചെയ്തതോടെ വലിയ ഭക്ഷ്യ ദൗർലഭ്യം ഈ ജീവികൾക്കനുഭവപ്പെട്ടു.
2010-ൽ അവസാനത്തെ പൂവാലനും മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.
.
No: 4
----------
ഒരുപാട് പാരലൽ കോളേജുകളുണ്ടായിരുന്നു മുമ്പ് മലയാള സിനിമയുടെ മഴക്കാടുകളിൽ. മാറത്ത് ചേർത്ത് വെച്ചൊരു പുസ്തകവുമായി, കാമുകനായ പ്യാരിലാലിനൊപ്പം പാരലൽ കോളേജിലേക്ക് പോകുന്ന വെരീ പ്യാരിയായ ഒരു നായിക...
ഇവയുടെ മുഖത്ത് എപ്പോഴും നാണമായിരിക്കും ഭാവം.
പരിഭവം, കൊഞ്ചൽ തുടങ്ങിയവയും ഇടയ്ക്ക് പ്രത്യക്ഷപ്പെടും.
നിഷ്കളങ്കകളും, ചാരിത്ര്യവതികളുമായ
ഇവയോട് അടുത്താൽ, ഇവ അടുക്കുന്നവൻറെ തലേലിരിക്കും.
സ്കൂബീ ഡേ എന്ന കോർപ്പറേറ്റ് കമ്പനി - സ്കൂൾ ബാഗ് ഇറക്കാൻ തുടങ്ങിയതും, നെഞ്ചത്ത് ഷാൾ ഇടണ്ടാത്ത ചുരിദാറും, കുർത്തയും, ടീഷർട്ടുമൊക്കെ മറ്റു കോർപ്പറേറ്റൻമ്മാർ ഇറക്കാൻ തുടങ്ങിയതും - കൈ കൊണ്ട് മാറ് മറച്ച് ബുദ്ധിമുട്ടിയ - ഈ ഇനത്തിൽപ്പെട്ട നായികമാരെ വംശനാശ ഭീക്ഷണിയിൽ കോണ്ടെത്തിച്ചു.
രമ്യാ നംബീശൻ, ഫഹദിൻറെ ചുണ്ടത്ത് ഉമ്മ കൊടുത്ത് വിപ്ലവം സൃഷ്ടിച്ചതോടെ ഭൂമുഖത്ത് നിന്നും ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം ഈ ജീവി വർഗ്ഗം അപ്രത്യക്ഷമായി.
.
No: 3
----------
പൊന്നനിയൻറെ സ്നേഹനിധിയായ വല്യേട്ടൻ.
ഈ ജീവി ഇപ്പോഴുമുണ്ട്.
അടുത്ത കാലത്ത് ചില പര്യവേഷകർ പുലിമുരുകൻ എന്ന സിനിമയിൽ ഈ ജീവിയെ കണ്ടതായി ബി. ബി. സി. റിപ്പോർട്ട് ചെയ്തിരുന്നു.
ചേട്ടനെ പറ്റിച്ച് വീടും അഞ്ച് സെൻറ് സ്ഥലവും കട്ടോണ്ട് പോകുന്ന അനിയൻ...
ആ അനിയനോട് ക്ഷമിക്കുക,
തന്നേക്കാൾ അനിയനെ സ്നേഹിക്കുക, അനിയനു വേണ്ടി ജീവൻ വരെ നൽകുക ഇവയൊക്കെയായിരുന്നു ഏട്ടൻ / വല്യേട്ടൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ ജീവി വർഗ്ഗത്തിൻറെ പ്രധാന ഹോബി.
വേൾഡ് വൈൽഡ് ഫൗണ്ടേഷൻറെ
Most Endangered Species - ൽ ഉൾപ്പെടുന്ന ഈ ജീവിവർഗ്ഗം, ഏറ്റവുമധികം കാണപ്പെട്ടിരുന്നത് വള്ളുവനാട്ടിലെ നായർ തറവാടുകളിലായിരുന്നു.
ഇന്ന് ഇവ വെറും ഇരുപതെണ്ണമോ മറ്റോ ഭൂമുഖത്ത് അവശേഷിക്കുന്നുള്ളൂ.
.
No: 2
----------
രോഷാകുലനായ പോലീസ് ആപ്പീസർ.
വരണ്ട സമതലങ്ങളിലെ കിങ്ങായിരുന്നു ഇവൻ. ഇവയ്ക്ക്
300 പൗണ്ട് ശരീര ഭാരമുണ്ടായിരുന്നു.
പിരിച്ച് വെച്ച മീശയും ചുരുട്ടിപ്പിടിച്ച മുഷ്ടിയും ഇവയെ മറ്റ് ജീവികളിൽ നിന്നും വേർതിരിച്ച് നിർത്തി. അനീതിയ്ക്കും, അക്രമത്തിനും എതിരേ ഇവ ഗർജ്ജിക്കുന്നത് കേട്ടാൽ ആരുമൊന്ന് നടുങ്ങുമായിരുന്നു.
എപ്പോഴും സംഘർഷം മുറ്റിയ ജീവിതമായിരുന്നു ഇവയുടേത്.
ഐ വി ശശി അൻറാർട്ടിക്കൻ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയ ഈ ജീവിയെ, ഷാജി കൈലാസാണ് തീറ്റിപ്പോറ്റിയത്.
കൈലാസിൻറെ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ ഇവ യഥേഷ്ടം വിഹരിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു.
ആക്ഷൻ ഹീറോ ബിജുവിൽ പോലീസിൻറെ തലേവര മാറ്റി എഴുതിയതോടെ ഇനി ഇത്തരം ജീവികൾ പഴയത് പോലെ ഗർജ്ജിക്കാൻ ചാൻസില്ല എന്ന് പരിസ്ഥിതിവാദികൾ ഭയപ്പെടുന്നുണ്ട്. വംശനാശ ഭീക്ഷണിയുടെ വക്കിലാണെങ്കിലും സുരേഷ് ഗോപി വിചാരിച്ചാൽ ഇവയെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനാകും എന്നത് പ്രതീക്ഷ പകരുന്നു.
.
No: 1
----------
സ്വസ്ഥമായി ജീവിക്കുന്ന നായികയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന - പൂർവകാല ശത്രുവായ - വില്ലൻ.
ഇവൻറെ ചൊറിച്ചിൽ ഭീകരമാണ്.
ഈ വില്ലനെ നമുക്ക് കാറ്റർ പില്ലർ അഥവാ പീറ്റർ കല്ലറ എന്ന്
വിളിക്കാം.
ഒരു ഗ്രാമത്തിൽ ഒരു നായിക... ഒരല്ലലുമില്ലാതെ അവൾ ജീവിക്കുന്നു.
അവൾ ആടുന്നു, പാടുന്നു, ഡാൻസ് കളിക്കുന്നു, ഉഡാൻസ് കളിക്കുന്നു എന്തിനധികം ഉഡായിപ്പ് വരെ കളിച്ച് അവൾ ഉല്ലസിച്ച് ജീവിക്കുന്നു.
ഒരു ദിവസം സിറ്റിയയിൽ പോകുന്ന നായിക മാർക്കറ്റിൽ വെച്ച് മേൽപ്പറഞ്ഞ ഈ വില്ലനെ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വാങ്ങിയ പടവലങ്ങായും, കുമ്പളങ്ങായുമുൾപ്പടെ പച്ചക്കറിയെല്ലാം അവിടുപേക്ഷിച്ച് നായിക ജീവനും കൊണ്ടോടുന്നു. നൂറ്റെഴുപത്തഞ്ച് രൂപായുടെ ജൈവ
പച്ചക്കറി, നിർദാക്ഷിണ്യം ഉപേക്ഷിച്ചോണ്ടോടുന്ന അവളെ പച്ചത്തെറി വിളിച്ചോണ്ട് വില്ലനും പുറകേ ഓടുന്നു...
ഇനി അവളുടെ ഒരോ ദിനരാത്രങ്ങളും ഭീതിയുടെ നിഴലിലാണ്...
ഒടുവിൽ - ഗ്ലൈമാസ്കിൽ- ഒരു പക്ഷേ കഥയിലെ നായകൻ അവനെ ഇടിച്ച് പപ്പടമാക്കുമായിരിക്കും. നമുക്കറിയില്ല.
എന്തായാലും സുഖശീതളിമയാർന്ന കാലാവസ്ഥയെ തകിടം മറിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഈയിനം വില്ലൻ ജീവി വർഗ്ഗത്തെ എന്തോ, കുറേ വർഷങ്ങളായി മലയാള സിനിമകളിൽ കാണുന്നില്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കിടയിൽ നിന്ന് 80 കളിൽ കണ്ടെത്തിയ ഇവ പിന്നീട്,
പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ദിലീപും മോഹിനിയും അഭിനയിച്ച ഊട്ടിയുടെ പശ്ചാത്ഥലത്തിലുള്ള സിനിമ തുടങ്ങി ഒരുപാടിടങ്ങളിൽ കാണപ്പെടുമായിരുന്നു.
പ്രേമം സിനിമ കാണുമ്പോൾ സത്യമായും ഞാനാഗ്രഹിച്ചു പോയി,
നിവിൻ പോളിയെ പഠിപ്പിക്കുന്ന സായി പല്ലവി ലാബിലെ പാറ്റായുടെ ഹൃദയമിടിപ്പ് അളക്കാൻ പോകുമ്പോൾ പെട്ടന്ന് അവിടെവെച്ച് - മുമ്പ് ശത്രുത സമ്പാദിച്ച - കോവിൽപെട്ടി മാവട്ടത്തുക്ക് ഡോണിനെ കാണുന്നതും, ലാബിലെ ടംബ്ലറെല്ലാം മറിച്ചിട്ട് അവൾ പേടിച്ച് ഓടുന്നതും, മാവട്ട ഡോൺ പുറകേ ഓടുന്നതും അങ്ങനെ അങ്ങനെ....
പക്ഷേ അങ്ങനൊന്നും ആ പടത്തിൽ സംഭവിച്ചില്ല.
കാരണം ഈ ജീവി വർഗ്ഗം ഇന്ന് ഭൂമുഖത്ത് ഇല്ല.
--------------------------------
ഇത്തരം നിരവധി അനവധി ജീവജാലങ്ങളാണ് ന്യൂജൻ സിനിമാക്കാരുടെ കടന്നു കയറ്റത്തോടെ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായത്.
ഇനി ഇപ്പോഴുള്ള വെള്ളമടി, പുകവലി, തെറിപറ, അവിഹിതം തുടങ്ങിയവ കാഴ്ച വെക്കുന്ന ബോൾഡ് നായികാ കഥാപാത്രങ്ങളെയെങ്കിലും നമുക്ക് സംരക്ഷിക്കണം.
ഇല്ലാത്ത പക്ഷം പത്തു വർഷങ്ങൾക്കപ്പുറം അവയ്ക്കും വംശനാശം സംഭവിക്കും.
അതുകൊണ്ട് ബീ കെയർ ഫൂൾസ്.
നന്ദി.
നമസ്ക്കാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ