തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ബ്രഹ്മാണ്ടം

എന്തായെടോ...
ഞാൻ പറഞ്ഞതനുസരിച്ച് പുതിയ കഥ വല്ലതും കിട്ടിയോ?
നല്ല ബ്രഹ്മാന്ട സിനിമയ്ക്ക് പറ്റിയത്?

അത് പറയാനാണ് സാർ വന്നത്.
ഒരു കിടിലൻ സാധനം കിട്ടീട്ടുന്ട്.
അനിമേഷനും, ഗ്രാഫിക്സും, വിഷ്വൽ ഇഫക്ട്സും എല്ലാം കുത്തി നിറച്ച വിശാലമായ ക്യാൻവാസിലുള്ള ഒരു ബ്രഹ്മാന്ട സിനിമ.

എങ്കിൽ പറയൂ.
കേക്കാൻ ധൃതിയായി.
തമിഴനേയും തെലുങ്കനേയും, എന്തിന് ഹോളിവുഡ്ഡിനെ വരെ നമുക്ക് ഞെട്ടിക്കണം.
മലയാളത്തിലും ഇതൊക്കെ നടക്കുമെന്ന് എല്ലാരേം നമുക്കൊന്ന് അറിയിച്ച് കൊടുക്കണം.

എന്നാ പറയട്ടെ സാർ..?

പറയൂ പറയൂ....

സാർ ഈ കഥ നടക്കുന്നത് ഒരു സാങ്കൽപ്പിക രാജ്യത്തിലാണ്.

രാജ്യത്തിന് പേരില്ലേ?

പേര് പുകഴ്മതി.
അത് മതിയോ സാർ.

അതുമതി.
കഥ പറയൂ...

പുകഴ്മതി.
ചരിത്രാതീത കാലത്തെ ഒരു രാജ്യമാണിത്.
കോട്ട കൊത്തളങ്ങളും തടാകങ്ങളും പുഴകളുമുള്ള അതിമനോഹരമായ രാജ്യം.
ഇത് സ്ഥിതി ചെയ്യുന്നത് കുലം കുത്തിയൊഴുകുന്ന വയാഗ്രാ വെള്ളച്ചാട്ടത്തിൻറെ ചുവട്ടിലെ ഇട്ടാ വട്ടത്തിലാണ്.

വയാഗ്രയല്ലെടേ, നയാഗ്ര.

അതുതന്നെ. ഒരക്ഷരം മാറിപ്പോയതാ...

പക്ഷേ അതങ്ങ് അമേരിക്കേടേം കാനഡേഡേം ഇടേലല്ലേ?

അതെ.
പക്ഷേ നമ്മളാ വെള്ളച്ചാട്ടത്തെ നമ്മുടെ കഥയിലേക്ക് പറിച്ച് നടുകയാണ് സാർ.. പറിച്ച് നടുകയാണ്.

ഓക്കെ. എന്നാപ്പറ.

ഈ ഇട്ടാവട്ട രാജ്യമായ പുകഴ്മതിയിലെ രാജാവാണ് അതി ശക്തനായ മഹാബലി.

നമ്മുടെ മഹാബലിയോ?
ഈ ഓണത്തപ്പാ കുടവയറാ എന്നൊക്കെ പറയുന്ന...?

അതേ.
പക്ഷേ ഇവിടെ നമ്മൾ പുള്ളിയുടെ വേറൊരു വേർഷനാണ് പ്രേക്ഷകനെ കാണിയ്ക്കുന്നത്.

ഓഹോ...

മഹാബലി അതിശക്തനും പ്രജാക്ഷേമ തല്പരകക്ഷിയുമാണ്.
മലയാളിയുടെ മനസ്സിലുള്ള
പുള്ളിയുടെ സാമ്പ്രദായിക സങ്കല്പ്പരൂപമായ കുടവയറിനൊക്കെ പകരം പുള്ളി നല്ല സിക്സ്പാക്ക് ബോഡിക്കാരനായിട്ടായിരിക്കും ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നത്.

ങാ.

അങ്ങനെ ഇരിക്കുമ്പോഴാണ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്ന ഒരു ലെഗ്ഗിൻസ് പുള്ളിയ്ക്ക് കിട്ടുന്നത്.

ങേ???

ഈ ലെഗ്ഗെൻസിൻറെ ഉടമയെ കന്ടെത്താനായി മഹാബലി ആ കുത്തനെയുള്ള വെള്ളച്ചാട്ടത്തിനു മുകളിലേക്ക് ഒരു കള്ള് ചെത്തുകാരനേപ്പോലെ വലിഞ്ഞ് കയറുകയാണ് സാർ വലിഞ്ഞ് കയറുകയാണ്.
പ്രേക്ഷകരുടെ ചങ്കിടിപ്പിക്കുന്ന അതി സാഹസിക രംഗങ്ങളായിരിക്കും ഇത്...

വെരി ഇൻററസ്റിങ്.
ഞാനീ സിഗരറ്റ് ഒന്ന് കത്തിച്ചോട്ടെ...

അങ്ങനെ മഹാബലി മുകളിൽ കയറുന്നു. അവിടം സത്യത്തിൽ ദേവേന്ദ്രൻറെ രാജ്യമാണ്.

യൂ മീൻ ദേവലോകം?

അതേ.
അവിടെ വച്ച് ശിംശപാ വൃക്ഷച്ചുവട്ടിൽ ദുഃഖിതയായിരിക്കുന്ന ഒരു യുവതിയെ മഹാബലി കന്ടുമുട്ടുന്നു.
ദേവ നർത്തകിയായ തിലോത്തമയായിരുന്നു അത്. തിലോത്തമയുടെ ലെഗ്ഗിൻസാണ് അലക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് തനിക്ക് കിട്ടിയതെന്ന് മഹാബലി മനസ്സിലാക്കുന്നു.

ആഹ്ഹാ...

നമ്മുടെ കഥാനായകൻ ആ ലെഗ്ഗിൻസ് തിലോത്തമയ്ക്ക് തിരികെ കൊടുത്ത് സത്യസന്ധതയുടെ ഉദാത്ത മാതൃകയാവുകയാണ്.

അതുകൊള്ളാം..

ഇതോടെ തിലോത്തമ മഹാബലിയെ കേറി പ്രേമിക്കുന്നു.
തുടർന്ന് വമ്പൻ സെറ്റിൽ ഗംഭീര പാട്ട്.

ഉം!

പാട്ട് കഴിയുമ്പോൾ പാസ്പോർട്ടും വിസയുമില്ലാതെ തങ്ങളുടെ രാജ്യത്ത് വിലസി നടക്കുന്ന മഹാബലിയെ ദേവേന്ദ്രൻറെ ഭടനായ കുട്ടപ്പൻ അറസ്റ്റ് ചെയ്യുന്നു.

കുട്ടപ്പനോ?

അതേ.
കട്ടപ്പനക്കാരൻ കുട്ടപ്പൻ.
എന്തിനിവിടെ വന്നു എന്ന് ചോദിക്കുന്ന കുട്ടപ്പനോട് താൻ പാറേപ്പള്ളീൽ ധ്യാനം കൂടാൻ വന്നതാണെന്ന് മഹാബലി പറയുന്നു.
ധ്യാനത്തിൻറെ സിഡിയും കാണിയ്ക്കുന്നു.

അമേസിങ്.

ആകെ ആശയ കുഴപ്പത്തിലായ കുട്ടപ്പൻ മഹാബലിയെ നിരുപാധികം വിട്ടയക്കുന്നു.
മോചിതനായ മഹാബലി തിലോത്തമയേയും അടിച്ചോന്ട് തൻറെ രാജ്യത്തേക്ക് മുങ്ങുന്നു.

ആഹാ അതു കലക്കി.

തിരികെ പുകഴ്മതിയിലെത്തിയ മഹാബലി ചിങ്ങം ഒന്നിന് നല്ലൊരു മുഹൂർത്തത്തിൽ കല്യാണം ഫിക്സ് ചെയ്യുന്നു.

വൗ!

ഈ സമയം തിലോത്തമയെ മോചിപ്പിക്കാനായി ദേവേന്ദ്രൻ പടത്തലവനായ വാമനനെയും ലക്ഷക്കണക്കിന് വരുന്ന സൈന്യത്തേയും പുകഴ്മതിയിലേക്ക് വിടുകയാണ്.

ദൈവമേ....

വാമനൻ വന്ന് മഹാബലിയോട് മൂന്നടി മണ്ണ് ചോദിക്കുന്നു.
തൂമ്പാ കൊന്ട് കോരിയെടുത്തോടേ എന്ന് മഹാബലി പറയുന്നു.
ഇളിഭ്യനായ വാമനൻ പിന്നൊന്നുമാലോചിക്കാതെ യുദ്ധം പ്രഖ്യാപിക്കുന്നു.

ങാഹാ!!!

പിന്നെ യുദ്ധമാണ് സാർ. യുദ്ധം.
ഒന്നൊന്നര യുദ്ധം.

ഓഹ്. 
അന്യായം...!

വാമനൻറെ അംഗബലം കന്ട് തെല്ലൊന്ന് ഭയന്ന മഹാബലി - കൈതേരി അമ്പുവിനേയും, കടത്തനാട്ട് മാക്കത്തേയും സഹായത്തിന് വിളിയ്ക്കുന്നു.

ങേ?
അവര് വടക്കൻ പാട്ടിലുള്ളവരല്ലേ?

വടക്കൻ പാട്ടിലുള്ളവരാണെങ്കിലും നല്ല ഒടക്കൻ ടീമുകളാ സാറേ അവര്.
മഹാബലി ഇത്രേം വല്യ ഒടക്കിൽ പെടുമ്പോ അവർക്ക് സഹായിക്കാതിരിക്കാൻ പറ്റുവോ?

അതും ശരിയാ..

യുദ്ധം മുറുകുന്നു.
അന്നേരമുന്ട് വാമനൻ മറ്റവനെ ഇറക്കുന്നു.

ആരെ?

അനാക്കോന്ടയെ!!!

അനാക്കോന്ടയോ?

അതേ.
അനാക്കോന്ട!!!
അനാക്കോന്ട നമ്മുടെ പുകഴ്മതിയിൽ സർവ്വ നാശം വിതയ്ക്കുകയാണ്.

മൈ ഗോഡ്...

പക്ഷേ നമ്മുടെ നായകനായ മഹാബലിയുന്ടോ കുലുങ്ങുന്നു.
പുള്ളി ബുദ്ധി പ്രയോഗിക്കുന്നു.

കുബുദ്ധിയാണോടേ?

മഹാബലി ഒരു ട്രോജൻ കുതിരയിൽ കയറി നൈസായിട്ട് ഒളിച്ചിരിക്കുന്നു.
ഒറിജിനൽ കുതിരയാണെന്ന് കരുതി, അനാക്കോന്ട ഈ ട്രോജൻ കുതിരയെ വിഴുങ്ങുന്നു.
ഇതോടെ അനാക്കോന്ടയ്ക്ക് എട്ടിൻറെ പണികിട്ടുന്നു.
മഹാബലി അനാക്കോന്ടയുടെ വയറ് പിളർന്ന് സ്ലോമോഷനിൽ സീൻ കോന്ട്രയായി പുറത്തേക്കെത്തുകയാണ്...
അപ്പോ ബിജിഎം വിത്ത് കോറസ്സ്.
"മഹാബലി... മഹാബലി... മഹാബലി..." അങ്ങനെ...

ഭീകരം.

എന്നിട്ട് മഹാബലി അവിടുന്ന് നേരേ തിലോത്തമയുടെ കഴുത്തിൽ താലി കെട്ടാനായി എട്ട് കുതിരകളെ പൂട്ടിയ രഥത്തിൽ കയറി ചന്നംപിന്നം ഓടിച്ച് പോകുകയാണ്...

പുള്ളി എസ്കേപ്പാവുകയാണോ?

അല്ല സാർ. 
അന്ന് ചിങ്ങം ഒന്നാണ്.
എട്ടിനും പത്തിനും ഇടയ്ക്കുള്ള
മുഹൂർത്ത സമയം ഇങ്ങടുത്തു.

അമ്പടാ.

ഇത് കന്ട വാമനൻ സഹികെട്ട് തൻറെ അവസാനത്തെ ആയുധം എടുക്കുകയാണ്.

എന്ത് ആയുധം???

ഡൈനോസർ.
അതി ഭീകരനായ ഒരു ഡൈനോസർ!!!
വാമനൻ അതിനെ പുകഴ്മതിയിലേക്ക് കെട്ടഴിച്ച് വിടുകയാണ്.

ഈശ്വരാ. എന്നിട്ട്?

ഒരു രക്ഷേമില്ല.
മുഹൂർത്ത സമയമാണ്.
കല്യാണ മന്ടപത്തിലിരിക്കുന്ന മഹാബലിയ്ക്ക് ഡൈനോറിനെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
അവിടെ കെട്ടിമേളം തുടങ്ങിക്കഴിഞ്ഞു.
ഇവിടെ ഡൈനോസർ പാഞ്ഞു വരികയാണ്...

ഇനിയെന്നാ ചെയ്യും?

ഈ സമയത്താണ് മഹാബലിയെ രക്ഷിക്കാനായി സാക്ഷാൽ കുഞ്ഞാലി മരയ്ക്കാരും, ഗീവർഗീസ് പുണ്യാളനും ഭൂമി പിളർന്ന് വരുന്നത്.

കുഞ്ഞാലി മരയ്ക്കാരും, ഗീവർഗീസ് പുണ്യാളനുമോ? 

ജീസസ്....
അതെന്തിന്?

മഹാബലി ഹിന്ദു ആണല്ലോ.
കേരളത്തിലെ മറ്റ് മത ന്യൂനപക്ഷക്കാർക്ക് ഒരു പൂർണമായ ഹൈന്ദവ സിനിമ ഒരുപക്ഷേ ഇഷ്ടപ്പെട്ടില്ലെന്ന് വരാം.
അത് പടത്തിൻറെ വരുമാനത്തെ ബാധിക്കും.
അത്തരം ഒരവസ്ഥയെ നേരിടാൻ വേന്ടിയാണ് മത ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ച് ഇവരിരുവരുംഈ കഥയിൽ വരുന്നത്.

അതു കൊന്ടുള്ള പ്രയോജനം പറയൂ മിസ്റ്റർ?

കുഞ്ഞാലി മരയ്ക്കാർ തൻറെ ഫാൻപവർ ഉപയോഗിച്ച് മലപ്പുറത്തും,
ഗീവർഗീസ് പുണ്യാളൻ തൻറെ ഫാൻപവർ ഉപയോഗിച്ച് കോട്ടയത്തും ഈ പടം ഹിറ്റാക്കും!!!

ഗോഡ്!!!

ഒടുവിൽ പുണ്യാളനും മരയ്ക്കാറും ചേർന്ന് ഡൈനോസറിനെ വെട്ടി വെട്ടി കൊല്ലുമ്പോൾ മഹാബലി തിലോത്തമയുടെ കഴുത്തിൽ താലി കെട്ടുകയാണ് സാറേ താലി കെട്ടുകയാണ്.

എന്റമ്മച്ച്യേ...

അവിടെ താലികെട്ട്.
ഇവിടെ ഡൈനോസർ വധം.

അൺസഹിക്കബിൾ...

അങ്ങനെ മഹാബലി വിവാഹിതനാകുന്ന നിമിഷംതന്നെ ഇവിടെ വാമനനെ കീഴടക്കി മഹാബലിയുടെ സൈന്യം യുദ്ധം ജയിക്കുകയാണ്.

ഭീകരം.

ഒടുവിൽ, വിജയശ്രീലാളിതനായ മഹാബലി വാമനനെ വെറുതേ വിടുകയാണ്...

വെറുതേ വിടുകയോ?

അതാണ് സാർ ഹീറോയിസം.
പുള്ളി സിംഹാസനത്തിലിരുന്ന് വാമനനോട്,
"നീ പൊയ്ക്കോ...
നീ എവിടെയെങ്കിലും പോയി ജീവിച്ചോ മോനേ ദിനേശാ...
എൻറെ ഔദാര്യമാണ് നിൻറെയീ ശിഷ്ട ജീവിതം" എന്ന് പഞ്ച് ഡയലോഗ് പറയുന്നിടത്ത് പടം തീരുന്നു.
ശുഭം.
ധന്യം.

ഈശ്വരാ... അതിഭീകര ക്ലൈമാക്സ്....

എങ്ങനെയുന്ട് സാർ എൻറെ കഥ?

നിൻറെ കഥ....
×@@=÷$&&€@×₹₩@@......
ഇത് സിനിമയാക്കീട്ട് വേണം പ്രേക്ഷകരുടെ കൈ കൊന്ട് ഞാൻ ചാവാൻ.
എടുത്തോന്ട് പോടേ....

ങേ?
അപ്പോ സാറിനിഷ്ട്പ്പെട്ടില്ലേ?
ഇതിനെന്താണ് സാർ ഒരു കുഴപ്പം?

കുഴപ്പം...
താനോരു പുല്ലും ഇനി പറയന്ട.
ഞാൻ തൊഴുതോന്ട് പറയുവാ....
ഒന്ന് പോയിത്തരാവോ...
മാവേലി, വാമനൻ, ഡൈനോസർ അവൻറമ്മൂമ്മേടെ....
€@@***₹₩@@$^&****$.......
ഗെറ്റൗട്ട്ഹൗസ്!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ