തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മൂന്നാം ലോക മഹായുദ്ധം: ഭാഗം ഒന്ന്

Statutory Warning:- ഈ പോസ്റ്റ് വായിക്കുന്ന നിങ്ങളിപ്പോൾ 2050 ലാണ് ജീവിക്കുന്നതെന്ന് വെറുതേ സങ്കൽപ്പിക്കുക. അപ്പോൾ ഇന്നേയ്ക്ക് ഇരുപത്തഞ്ച് വർഷം മുൻപ്, 2025-ൽ നടന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ ചരിത്രമാണ് നിങ്ങളിനി വായിക്കാൻ പോകുന്നത്.
മൂന്ന് പാർട്ട് ആയാണ് ഇത് എഴുതിയിരിക്കുന്നത്. ആദ്യം യുദ്ധത്തിലേക്ക് വഴിവെച്ച കാരണങ്ങൾ.
രണ്ടാം ഭാഗത്ത് യുദ്ധം & യുദ്ധത്തിലെ വഴിത്തിരിവുകൾ.
മൂന്നാമത്തേയും അവസാനത്തേയും പോസ്റ്റിൽ യുദ്ധാവസാനവും അനുബന്ധ ലോകവും.
ഇത് ചരിത്രമാണ്. എന്നാൽ ഇത് അടിമുടി ഫിക്ഷനാണ്. (കൽപ്പിത കഥ)
വായനയുടെ ഒഴുക്ക് മുറിയാതിരിക്കാനായി, ഒരു പോസ്റ്റ് ഇട്ട്, മൂന്ന് ദിവസം കഴിയുമ്പോൾ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്നതായിരിക്കും.
**********************************
.
മൂന്നാം ലോക മഹായുദ്ധം: കാരണങ്ങൾ സാഹചര്യങ്ങൾ
_____________________________
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ 80 - വർഷങ്ങൾ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധ വിജയത്തിനു ശേഷം, സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മിൽ ഉടലെടുത്ത ശീതയുദ്ധം, എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന മറ്റൊരു യുദ്ധത്തിന്റെ കൗണ്ട് ഡൗൺ ആയിരുന്നു. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം പ്രത്യക്ഷത്തിൽ അവസാനിച്ചു. പക്ഷേ ലോകത്തിനു മീതേ അശാന്തിയുടെ കാർമേഘം പടർന്നു തന്നെ കിടന്നു.
ഒരിക്കലും ഒരു ലോക മഹായുദ്ധം പെട്ടന്നൊരുനാൾ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. ഒന്നും, രണ്ടും ലോക മഹായുദ്ധങ്ങൾക്ക് മുൻപ് അനവധി പ്രശ്നങ്ങൾ അതിൽ പങ്കെടുത്ത രാജ്യങ്ങളെ ചുറ്റിപ്പറ്റി കിടന്നിരുന്നു. ഫ്രാൻസിനോടുള്ള പകയാണ് ജർമനിയുടെ ഉരുക്കു മുഷ്ടിയായ ബിസ്മാർക്കിനെ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ ഒത്തു തീർപ്പു വ്യവസ്ഥകളിലുള്ള അസംതൃപ്തിയും, കോളനിവത്കരണത്തിൽ തങ്ങൾക്ക് അടിമകളായി രാജ്യങ്ങളെ കിട്ടാതിരുന്നതുമായിരുന്നു ഹിറ്റ്ലറേക്കൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കമിടീച്ചത്.
എന്നാൽ തുടർന്നും നിരവധി തർക്കങ്ങളും, പ്രശ്നങ്ങളും വൻശക്തികൾക്കിടയിൽ ഉണ്ടായെങ്കിലും മൂന്നാം ലോക മഹായുദ്ധം ഉണ്ടാവാൻ 80 വർഷങ്ങൾ വേണ്ടിവന്നു എന്നത് അദ്ഭുതമായിരുന്നു. പലരും അണിയറയിൽ ഒളിച്ച് വെച്ചിരുന്ന ന്യൂക്ലിയർ ആയുധങ്ങളുടെ ഭയാനകത ഒന്നു കൊണ്ട് മാത്രമാണ് മൂന്നാം ലോകമഹായുദ്ധം ഇത്ര വൈകിയത്. എന്നാൽ ഒടുവിലൊരുനാൾ അത് സംഭവിക്കുക തന്നെ ചെയ്തു.
1939 – 1945 ൽ ആയിരുന്നു രണ്ടാം ലോകയുദ്ധം നടന്നത്. അത് അവസാനിച്ച് 80 വർഷങ്ങൾക്കിപ്പുറം , 2025-സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് അഞ്ച് മാസങ്ങൾ നീണ്ട് 2026-ഫെബ്രുവരി 28 ന് അവസാനിച്ചതായിരുന്നു മൂന്നാം ലോക മഹായുദ്ധം. മാനവ ചരിത്രത്തിലെ ഏറ്റവും നശീകരണാത്മകമായ യുദ്ധമായിരുന്നു ഇത്.
.
റഷ്യൻ കരടിയും അമേരിക്കൻ കഴുകനും
____________________________________
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സങ്കീർണമായ നിരവധി പ്രശ്നങ്ങൾ ലോക രാജ്യങ്ങൾക്കിടയിൽ ഉയർന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, 1991 ഡിസംബർ 26 ന് ആയിരുന്നു ഉരുക്കു മുഷ്ടി ചുരുട്ടിപ്പിടിച്ച മഹാമേരുവായിരുന്ന സോവിയറ്റ് യൂണിയൻ പിരിച്ച് വിടപ്പെട്ടത്. 2000 ലായിരുന്നു വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റായി അവതരിക്കുന്നത്. നീണ്ട കാലം ലോകത്തെ യുദ്ധ ഭീതിയിൽ ആഴ്ത്തിയ കോൾഡ് വാറിനും, സോവിയറ്റ് റഷ്യയുടെ തകർച്ചയ്ക്കും ശേഷം ഒരു ചെറിയ ഇടവേള കഴിഞ്ഞ് റഷ്യയെ വീണ്ടും ആയുധ / ശാക്തിക കിടമത്സരങ്ങളിലേക്ക് മടങ്ങിയെത്തിക്കുന്നതിൽ വ്ലാഡിമിർപുടിന്റെ നേതൃത്വം വലിയ പങ്ക് വഹിച്ചു.
മനുഷ്യ രാശിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് റഷ്യയും അമേരിക്കയും തമ്മിൽ നൂതനമായ ആയുധങ്ങൾ വികസിപ്പിക്കുകയും, വിന്യസിക്കുകയും ചെയ്തു കൊണ്ടിരുന്നു. പകരത്തിനു പകരം എന്ന രീതിയിൽ ഇരു കൂട്ടരും ഗണ്യമായ രീതിയിൽ മാരകായുധങ്ങൾ കുന്നു കൂട്ടി. ലോകമെങ്ങും ഏതു നിമിഷവും എത്തിപ്പെടാവുന്നതും, ലോകത്തെവിടെ വെച്ചും, എവിടേക്കും യുദ്ധം ചെയ്യാവുന്നതുമായ ആയുധങ്ങളും പോർ വിമാനങ്ങളും പടക്കപ്പലുകളും അന്തർവാഹിനികളും ഇരു കൂട്ടർക്കുമുണ്ടായിരുന്നു. സ്പേസ് പോലും ഇതിൽ ഒഴിവായില്ല. ഭൂമിയെ ചുറ്റുന്ന മാരകായുധങ്ങൾ സ്പേസിൽ ഒഴുകി നടന്നു. രണ്ടാം ലോക മഹായുദ്ധ ശേഷം ലോക ജനത ഭയപ്പെട്ട ഒരേറ്റുമുട്ടലിലേക്ക് ഇരു കൂട്ടരും തമ്മിൽ മെല്ലെ മെല്ലെ അടുത്തു കൊണ്ടിരിക്കുകയായിരുന്നു.
അമേരിക്കൻ ശാക്തിക ഭരണത്തിന്റെ അമരത്ത്, സമാധാന പ്രേമിയായ ബരാക് ഒബാമ ഇരുന്നതും പുടിന്റേയും റഷ്യയുടേയും വളർച്ചയുടെ കാലത്തായിരുന്നു. തുടർന്ന് 2017 ൽ ഡൊണാൾഡ് ട്രമ്പ് യു.എസ്. പ്രസിഡന്റ് ആയി. ലോകരാജ്യങ്ങളിൽ മുഴുവൻ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്ക ആയിരുന്നെങ്കിലും, 2017 ൽ അമേരിക്കയെ ആരു ഭരിക്കണം എന്ന് തീരുമാനിച്ചത് റഷ്യ ആയിരുന്നു. ഇങ്ങനെ തമ്മിൽ കേമൻ ആരെന്നുറപ്പിക്കാനുള്ള ഗെയിമുകളുമായി ഇരു കൂട്ടരും ലോകത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരുന്നു.
.
ഈ കാലഘട്ടത്തിൽ, ലോകമെങ്ങും പല രൂപത്തിലും ഭാവത്തിലും സംഘർഷങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയുമായിരുന്നു. കരയിലേയും കടലിലേയും അതിർത്തികളായിരുന്നു മിക്ക ഇടങ്ങളിലേയും തർക്ക വിഷയം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു മുൻപുണ്ടായ കാലത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ഇക്കാലം.
അറബ് രാജ്യങ്ങളിൽ ഐസിസ് വലിയ ശക്തിയായി പടരാൻ തുടങ്ങി. തീവ്രവാദം ലോകമൊട്ടുക്ക് വേരാഴ്ത്തി. സിറിയയിൽ അസദിനെ പുറത്താക്കാൻ ഐസിസിനു പിന്നിൽ നിന്ന് അമേരിക്ക ചൂതാട്ടം നടത്തുമ്പോൾ, അസദിന്റെ കസേരയ്ക്ക് ഇളക്കം തട്ടാതിരിക്കാനും, ഐസിസിനെ വേരോടെ പിഴുതെറിയാനുമായി മറുഭാഗത്ത് റഷ്യ കരുക്കൾ നീക്കി. അമേരിക്കയും - റഷ്യയും നേർക്കു നേർ വരുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളായിരുന്നു ഇവ.
.
യൂറോപ്പ്
__________
തൽസമയം യൂറോപ്പ് രണ്ട് വലിയ പ്രശ്നങ്ങളെ നേരിടേണ്ടുന്ന അവസ്ഥയിലായിരുന്നു.
.
ഒന്ന്: ഫ്രാൻസ്, ബ്രിട്ടൺ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിരന്തരമായ തീവ്രവാദ ആക്രമണങ്ങളിലൂടെ ഐസിസ് ഈ സമയം തിരിച്ചടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഐസിസിനെ പ്രത്യക്ഷത്തിൽ തള്ളിപ്പറയാത്ത അമേരിക്കയെ പിണക്കാനും വയ്യ, എന്നാൽ ഐസിസിനെ ഉന്മൂലനാശം ചെയ്യേണ്ടത് ആവശ്യവുമാണ് എന്ന ധർമ്മ സങ്കടത്തിലായി അമേരിക്കൻ സഖ്യത്തിലുള്ള, യൂറോപ്യൻ രാജ്യങ്ങൾ. ഈ ഘട്ടം മുതൽ ജർമനി നാറ്റോയുമായി അഭിപ്രായ ഭിന്നതകളിലായി. തീവ്രവാദത്തിനെതിരേ നാറ്റോ അനങ്ങാപ്പാറ നയമാണെന്ന് ജർമനിയ്ക്ക് ആരോപണമുണ്ടായിരുന്നു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് അമേരിക്കയെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാകണമെന്ന് ജർമൻ ചാൻസലർ ആംഗലാ മെർക്കൽ ആഹ്വാനം ചെയ്തു.
.
രണ്ട്: റഷ്യൻ പ്രകോപനങ്ങളായിരുന്നു. യുക്രയിനിലേക്കുള്ള റഷ്യൻ മാർച്ച്, നാറ്റോയെ ഞെട്ടിപ്പിച്ചു. ഒപ്പം ഇംഗ്ലീഷ് ചാനലിലൂടെയും, യൂറോപ്യൻ വ്യോമാതിർത്തികൾ കവർ ചെയ്തും റഷ്യൻ പടക്കപ്പലുകളും, ഫൈറ്റർ വിമാനങ്ങളും സകല സീമയും ലംഘിച്ചത് നാറ്റോയുടെ ഈഗോയിസത്തിനേറ്റ കനത്ത തിരിച്ചടികളായിരുന്നു.
.
ഇൻഡ്യൻ കടുവയും ചൈനീസ് വ്യാളിയും
__________________________________________
സൗത്ത് ഏഷ്യയിൽ രണ്ട് വമ്പൻമ്മാർ കൊമ്പു കോർത്തു കൊണ്ടിരുന്നതും സമ കാലത്ത് തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ സൈനീക ശക്തികളിൽ മൂന്നാമതുള്ള ചൈനയും, നാലാമതുള്ള ഇൻഡ്യയും തമ്മിലുള്ള ഉരസലുകളായിരുന്നു അത്.
രണ്ടാം ലോക മഹായുദ്ധ ശേഷം, ഇൻഡോ-പാക്ക് അതിരുകളിൽ നിരന്തരമായി യുദ്ധങ്ങളും യുദ്ധ സംഘർഷങ്ങളും തുടരുന്നതിനിടയിലായിരുന്നു ഈ പുതിയ പോർമുഖം തുറക്കപ്പെട്ടത്. പാക്കിസ്ഥാനെ കയ്യയച്ചു സഹായിച്ചു കൊണ്ടിരുന്ന ചൈന, ഇൻഡ്യയെ സംബന്ധിച്ച് ഭീക്ഷണമായി നിൽക്കുന്നുണ്ടായിരുന്നു. അരുണാചൽ, സിക്കിം അതിർത്തികളിലെ നിരന്തര പ്രശ്നങ്ങൾ, പാക്കിസ്ഥാനിലും ശ്രീലങ്കയിലും, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലും ചൈന തുറന്ന മിലിട്ടറി സ്റ്റേഷനുകൾ, ഇതിലൂടെ ഇൻഡ്യയെ നാലു വശവും ചുറ്റുന്ന സ്ട്രിങ് ഓഫ് പേൾസ് തുടങ്ങി, ഇൻഡ്യയെ നിരന്തരം സമ്മർദ്ധത്തിലാക്കുന്ന നടപടികളുമായി ചൈന മേഖലയെ ആശങ്കപ്പെടുത്താൻ തുടങ്ങി. ഇതിനേത്തുടർന്നാണ് - പാക്കിസ്ഥാനും+ചൈനയും+ആഭ്യന്തര വിധ്വംസക ശക്തികളും ഉൾപ്പെടുന്ന ശത്രുക്കൾക്കെതിരേ ഒരു രണ്ടര യുദ്ധത്തിന് സജ്ജമാണെന്ന് ഇൻഡ്യ പ്രഖ്യാപിക്കുകയുണ്ടായത്.
ആയുധ പന്തയത്തിന്റെ കാര്യത്തിലും ഇൻഡ്യയും ചൈനയും പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു. മേഖലയിലെ സുപ്പീരിയോറി ഇൻഡ്യ വകവെച്ചു കൊടുക്കാത്തതായിരുന്നു ചൈനയുടെ പ്രശ്നം.
.
ഈസ്റ്റ് ചൈനാ കടൽ
_____________________
ഈസ്റ്റ് ചൈനാ കടൽ, നിരന്തരമായി മറ്റൊരു പ്രശ്നബാധിത പ്രദേശമായിരുന്നു. അവിടെ ചൈന, ഉത്തര കൊറിയ, ജപ്പാൻ, തെക്കൻ കൊറിയ, തായ്വാൻ, തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഈസ്റ്റ് ചൈനാക്കടലിന്റെ അവകാശവാദത്തെ ചൊല്ലി ചൈന നിരന്തരമായി ഈ അയൽ രാജ്യങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ജപ്പാനുമായും തെക്കൻ കൊറിയയുമായും സൗഹൃദവും സഖ്യവുമുള്ള രാഷ്ട്രമായിരുന്നു അമേരിക്ക. അതിനാൽ ഈ പ്രശ്നത്തിൽ അമേരിക്കയും കണ്ണി ചേർക്കപ്പെട്ടു.
.
ഉത്തര കൊറിയൻ ഭീഷണികൾ
_________________________________
ഈ മേഖലയിലെ ഗുരുതരമായ ഒരു പ്രശ്നം പക്ഷേ ഇവയൊന്നുമല്ലായിരുന്നു. അത് ഉത്തര കൊറിയ എന്ന ഏകാധിപത്യ രാഷ്ട്രമായിരുന്നു. ജപ്പാൻ, തെക്കൻ കൊറിയ എന്നിവരുമായി കടുത്ത ശത്രുതയിലായിരുന്നു ഉത്തര കൊറിയ. ചൈനയുടെ പിൻബലത്തിന്റെ ഉറപ്പിൽ, അവർ ഈ രാജ്യങ്ങളെ നിരന്തരം വെല്ലു വിളിച്ചു കൊണ്ടിരുന്നു. ഒരർത്ഥത്തിൽ ആണവായുധങ്ങൾ വരെ സ്വന്തമായുള്ള ഉത്തര കൊറിയ, ലോകത്തിനു തന്നെ നിരന്തര ഭീഷണിയായിരുന്നു. അവരുടെ മിസൈൽ പരീക്ഷണങ്ങളും, യുദ്ധ ഭീഷണികളും ജപ്പാനേയും തെക്കൻ കൊറിയയേയും സംഭ്രമിപ്പിച്ചു കൊണ്ടിരുന്നു. ജപ്പാൻ, തെക്കൻ കൊറിയ എന്നിവരുടെ കാവലാളായ അമേരിക്കയ്ക്ക് ഇതൊരു തീരാ തലവേദനയായി മാറി.
.
ഇസ്രായേലും അറേബ്യൻ രാജ്യങ്ങളും
____________________________________
ട്രമ്പിന്റെ വരവോടെ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിൽ തട്ടുകയുണ്ടായി. ട്രമ്പിന്റെ അറബ് പ്രീണനം, ഇസ്രായേലിനെ അലോസരപ്പെടുത്തി. പലസ്ഥീനുമായി മുൻപെന്നത്തേക്കാളും ഇസ്രായേലിന്റെ സംഘർഷം കടുത്തത്, അറബ് രാജ്യങ്ങളുടെ ഗാഡ വിരോധത്തിനിടയാക്കുകയുണ്ടായി.
റഷ്യയ്ക്കെതിരേ അറേബ്യൻ രാജ്യങ്ങളുടെ സപ്പോർട്ട് ആവശ്യമായത് കൊണ്ട്, ഇസ്രായേലിനേക്കാൾ അറബ് രാജ്യങ്ങളുടെ സൗഹൃദമാണ് അമേരിക്ക ആഗ്രഹിച്ചിരുന്നതും.
ഇത് ഇസ്രായേലിന് ഹിതകരമായിരുന്നില്ല.
.
യുദ്ധമുഖങ്ങൾ തുറക്കപ്പെടുന്നു
________________________________
ഇങ്ങനെ നിരന്തരമായ പ്രശ്നങ്ങൾ പുകയുന്ന പ്രദേശങ്ങൾ, വേൾഡ് മാപ്പിൽ, ചുവന്ന വട്ടത്തിൽ പെരുകിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിതമായി നാലു സംഭവങ്ങൾ ഉണ്ടാകുന്നത്.
.
ഒന്നാമത്തെ സംഭവം:-
സിറിയയിൽ ഐസിസ് ആധിപത്യം ഇല്ലാതായതോടെ, റഷ്യയും അമേരിക്കയും സിറിയയെ രണ്ടായി വിഭജിച്ച് (പ്രത്യക്ഷത്തിലോ പ്രകടമായോ അല്ല) അവിടെ ആധിപത്യം തുടർന്നു. റഷ്യയുടെ മിസൈൽവേധ കവചമായ "S-400 ട്രയംഫ്" സിറിയയിൽ വിന്യസിച്ചതോടെ അമേരിക്ക-നാറ്റോ-തുർക്കി-മറ്റ് അറബ് രാജ്യങ്ങൾ എന്നിവർ അതിനെ സംശയത്തോടെ കാണാൻ തുടങ്ങി. ഇക്കാലത്താണ് യൂറോപ്പിലെ ഏക മുസ്ലീം രാജ്യമായ തുർക്കി, റഷ്യൻ എയർഫോഴ്സിന്റെ ഒരു സുഖോയ് വിമാനം വെടി വെച്ചിടുന്നത്. അവരുടെ വ്യോമാതിർത്തി ലംഘിച്ചു എന്നതായിരുന്നു കാരണം. 2024 ഡിസംബർ 10-നായിരുന്നു അത്. 1952 മുതൽ തുർക്കി നാറ്റോ മെംബറാണ്.
ഇത് രണ്ടാമത്തെ തവണയായിരുന്നു തുർക്കി ഇങ്ങനെ ചെയ്യുന്നത്. 9-വർഷങ്ങൾക്ക് മുൻപ് 2015 നവംബർ 25 നും തുർക്കി ഇതേ കാര്യം ചെയ്തിരുന്നു. അന്നും അവർ പറഞ്ഞത് തങ്ങളുടെ വ്യോമാതിർത്തി റഷ്യ ലംഘിച്ചു എന്നായിരുന്നു. അന്ന് റഷ്യ അതിനെതിരേ പ്രതികരിച്ചിരുന്നില്ല. പക്ഷേ രണ്ടാമത്തെ ഈ ആക്രമണം റഷ്യൻ അഭിമാനത്തിനു മേലേയുള്ള ഒരു വെല്ലുവിളിയായിരുന്നു.
ഇതിനെ തുടർന്ന് തികച്ചും അപ്രതീക്ഷിതമായി ടർക്കിഷ് അതിരുകളിൽ റഷ്യ ഒരു സ്മാൾ സ്കെയിൽ വ്യോമാക്രമണം നടത്തി. 2024 ഡിസംബർ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അത്.
ആക്രമണത്തിൽ തുർക്കിയുടെ അതിരുകൾ തകർന്നു. നൂറോളം സൈനികർ കൊല്ലപ്പെട്ടു. ലോകം നടുങ്ങി. നാറ്റോ റഷ്യയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
കാര്യങ്ങൾ ഇങ്ങനെ അപ്രതീക്ഷിതമായി പരിണമിക്കവേ അതേ ആഴ്ച്ചയിൽ തന്നെ മറ്റൊരു ട്വിസ്റ്റുണ്ടായി. തങ്ങൾ നാറ്റോയോടൊപ്പം ഇനി സഹകരിക്കില്ല എന്ന് ജർമനി പ്രഖ്യാപിച്ചതായിരുന്നു അത്. നാറ്റോ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അവർ ബോയ്ക്കോട്ട് ചെയ്തത്. ഇത് മൂന്നാം ലോക മഹായുദ്ധ ആരംഭകാലത്തെ അപ്രതീക്ഷിത വഴിത്തിരിവുകളിലൊന്നായിരുന്നു.
എന്നാൽ ഒരാവേശത്തിനുണ്ടായ സംഭവങ്ങളേത്തുടർന്ന് അബദ്ധം മനസ്സിലായ റഷ്യയും, മറുവശത്ത് നാറ്റോയും തുടർ നടപടികളുമായി മുന്നോട്ട് പോയില്ല.
എന്നാൽ മേഖല, വലിയൊരു പൊട്ടിത്തെറിയ്ക്ക് മുൻപുള്ള നിഗൂഡമായ ശാന്തതയിൽ ആഴ്ന്നു കിടന്നു...
.
രണ്ടാമത്തെ സംഭവം:-
മേൽ പറഞ്ഞ സംഭവം നടന്ന്, രണ്ടാഴ്ച്ചയ്ക്ക് ശേഷം ഈസ്റ്റ് ചൈനാ കടലിലൂടെ പോകുകയായിരുന്ന ഒരു ജാപ്പനീസ് മിലിട്ടറി പട്രോളിങ്ങ് വാഹനത്തെ, ചൈനീസ് നേവി വെടി വെക്കുകയുണ്ടായി. ബോട്ട് മുങ്ങുകയും, അഞ്ച് ജാപ്പനീസ് സായുധ സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇത് ജപ്പാനും അമേരിക്കയ്ക്കും സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഇതോടെ ജാപ്പനീസ് സൈനികർ കൂടുതൽ പട്രോളിങ്ങ് ബോട്ടുകളുമായി തർക്ക പ്രദേശത്തേക്കിറങ്ങി. മറുപടിയായി ചൈന അവരുടെ മൂന്ന് പടക്കപ്പലുകൾ സമുദ്രാതിർത്തിയിൽ വിന്യസിച്ചു. ഈസ്റ്റ് ചൈനീസ് സമുദ്ര മേഖല ഇതോടെ ആശങ്കയിലായി.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് തായ്വാൻ, തെക്കൻ കൊറിയ എന്നിവർ സമുദ്രാതിർത്തിയിൽ സൈനീക അലർട്ട് പുറപ്പെടുവിച്ചു. അതേ സമയം ചൈനയ്ക്ക് മറുപടിയായി, യു.എസ്.എസ് ജോർജ്ജ് വാഷിങ്ഡൺ എന്ന അമേരിക്കൻ എയർക്രാഫ്റ്റ് കാരിയറും അഞ്ച് പടക്കപ്പലുകളും ജപ്പാന്റെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് തീരത്ത് നങ്കൂരമിട്ടു.
.
ഇതോടെ, ചൈനയ്ക്കെതിരേ അമേരിക്ക ഇറങ്ങിയാൽ തങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ഉത്തര കൊറിയയുടെ ഏകാധിപതി പ്രഖ്യാപിച്ചു. ഒപ്പം ഉത്തര കൊറിയയിൽ വൻ സൈനീക വിന്യാസവും, ആയുധ അഭ്യാസ പ്രകടനങ്ങളും ഒരുങ്ങിയതും അതേ ദിവസം തന്നെയായിരുന്നു. ഇതോടെ ചൈനയ്ക്കും ഉത്തര കൊറിയയ്ക്കുമെതിരേ ഓസ്ട്രേലിയ അമേരിക്കയോട് യോജിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയും, തങ്ങളുടെ സൈനീകരോട് തയ്യാറായിരിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2025 ജനുവരി 10-നായിരുന്നു അത്.
ഇതോടെ മേഖല പരിഭ്രാന്തിയിലായി...
.
മൂന്നാമത്തെ സംഭവം:-
പഞ്ചാബിലെ അമൃത്സറിനു മേലേക്ക് ഒരു പാക്ക് ചാര വിമാനം തകർന്നു വീഴുന്നത് 2025 ജനുവരി മാസം പത്താം തീയതി ആയിരുന്നു. ഇൻഡ്യൻ റഡാറുകളുടെ കണ്ണ് വെട്ടിച്ച് കടന്ന ചാര വിമാനം, തിരികെപ്പോകാനുള്ള ശ്രമത്തിനിടയിൽ തകരുകയായിരുന്നു എന്നത് ഇൻഡ്യൻ പ്രതിരോധ കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാൽ പാക്കിസ്ഥാൻ ഇത് നിഷേധിച്ചു. എന്നു മാത്രമല്ല, ദിശ തെറ്റിയ വിമാനത്തെ ഒരു മുന്നറിയിപ്പോ താക്കീതോ പോലും നൽകാതെ ഇൻഡ്യ വെടി വെച്ചിടുകയായിരുന്നു എന്ന് അവർ ആരോപിച്ചു. ഒപ്പം ഇൻഡോ പാക്ക് അതിർത്തികളിൽ പാക്കിസ്ഥാൻ വൻ പടയൊരുക്കം നടത്തുകയുണ്ടായി.
ഇതോടെ ആപത്ത് അടുത്തെത്തിയിരിക്കുന്നു എന്ന സംശയത്തിൽ ഇൻഡ്യ, പാക്ക്-ചൈനാ ബോർഡറുകളിൽ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു...
.
എന്നാൽ വിപത്ത് സംഭവിച്ചത് അവിടെയായിരുന്നില്ല. അഞ്ച് ദിവസത്തിനു ശേഷം ജനുവരി 15-ന് ഇൻഡ്യയെ ഞെട്ടിച്ചു കൊണ്ട് ഇൻഡ്യൻ മഹാ സമുദ്രത്തിൽ ഒരു ഞെട്ടിക്കുന്ന സംഭവം നടന്നു. ശ്രീലങ്കൻ നേവി ഇൻഡ്യൻ നേവിയ്ക്കെതിരേ വെടി വെക്കുകയുണ്ടായി എന്നതായിരുന്നു അത്. ആളപായം ഒന്നുമുണ്ടായില്ലെങ്കിലും പ്രകോപനപരമായ ഈ പുതിയ നടപടിയെ വഞ്ചനയായി ഇൻഡ്യ വിലയിരുത്തി. ഒപ്പം ഇൻഡ്യൻ മഹാ സമുദ്രത്തിൽ കൂടുതൽ കരുതലിനായി, ഇൻഡ്യ - നേവൽ പട്രോളിങ്ങ് ശക്തമാക്കി. ഇതിനെതിരേ മറുവശത്തെ നീക്കം അപ്രതീക്ഷിതവും ഇൻഡ്യയെ നടുക്കുന്നതുമായിരുന്നു. ശ്രീലങ്കയ്ക്കെതിരേ ഇൻഡ്യ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ ഇൻഡ്യയെ ആക്രമിക്കും എന്ന ചൈനയുടെ പ്രഖ്യാപനമായിരുന്നു അത്.
ശ്രീലങ്കൻ തുറമുഖത്തും, കറാച്ചിയിലും, ജിബൂട്ടിയിലുമുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി, ഒരു ആക്രമണത്തിന് വട്ടം കൂട്ടുന്നു എന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തിന്റെ നാലതിരുകളിലും അലർട്ടാവാൻ സൈനീക വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് കിട്ടി. 1962 ൽ ചൈന ചെയ്ത ചതിയേക്കാൾ നടുക്കുന്നതായിരുന്നു, ചിരകാല സുഹൃത്തുക്കളായിരുന്ന ശ്രീലങ്കയുടെ ഈ പിന്നിൽ നിന്നുള്ള കുത്ത്.
.
നാലാമത്തെ സംഭവം:-
വെസ്റ്റ് ബാങ്കിൽ ഉണ്ടായ ഒരു സംഘർഷത്തേ തുടർന്ന് ഇസ്രായേലും പലസ്ഥീനും തമ്മിൽ മൂർദ്ധന്യ വൈരത്തിലെത്തി നിൽക്കുകയായിരുന്നു. ഇതോടെ സൗദി, ജോർദാൻ, ഈജിപ്റ്റ് എന്നിവർ തുർക്കിയുമായി യോജിച്ച് ഇസ്രായേലിനെതിരേ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയുണ്ടായി. ഈ രാജ്യങ്ങൾ പാലസ്ഥീനെ പിന്തുണച്ച് ഇസ്രായേലിനെ ആക്രമിക്കാൻ കോപ്പു കൂട്ടി. 1948 ലെ അറബ് യുദ്ധത്തിനു ശേഷം വീണ്ടും ഇസ്രായേൽ-അറബ് യുദ്ധത്തിന് സമാനമായ ഒന്നിന് കളമൊരുങ്ങുകയായി.
.
സഖ്യങ്ങൾ
____________
A - അമേരിക്കൻ സഖ്യം:-
മേൽ പറഞ്ഞ ഈ നാലു സംഭവങ്ങളായിരുന്നു മൂന്നാം ലോക മഹായുദ്ധത്തിന് കാരണമായി ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുൻ ലോക മഹായുദ്ധങ്ങൾക്ക് മുൻപുണ്ടായിരുന്നത് പോലെ സഖ്യങ്ങളോ സഖ്യ ഉടമ്പടികളോ പല രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് നാറ്റോ സഖ്യം മാത്രമായിരുന്നു. (NATO - North Atlantic Treaty Organization) അമേരിക്ക, കാനഡ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, തുർക്കി, സ്പെയിൻ, ഇറ്റലി, ഹംഗറി എന്നി പ്രബലർ ഉൾപ്പെടെ 29 യൂറോപ്യൻ രാജ്യങ്ങൾ നാറ്റോ അംഗങ്ങളായിരുന്നു.
.
എന്നാൽ ഇതിൽ നിന്നാണ് ആയടുത്ത് ജർമനി തെറ്റിപ്പിരിഞ്ഞത്. ജർമനി; ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ തുടങ്ങിയ യൂറോപ്പിലെ നോൺ-നാറ്റോ അംഗങ്ങളുമായി ഒരു സഖ്യസന്ധി ഉടമ്പടി ചെയ്യുകയുണ്ടായി.
അമേരിക്കയെ ആശ്രയിച്ച് യൂറോപ്പിന് നില നിൽക്കാനാവില്ലെന്നും, യൂറോപ്പ് പ്രൊട്ടക്ഷന്റേയും+സെക്യൂരിറ്റിയുടേയും കാര്യത്തിൽ സ്വയം പര്യാപ്തരാകണമെന്നുമുള്ള മുൻ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റേയും ജർമൻ താല്പര്യത്തിന്റേയും പരിണിത ഫലമായിരുന്നു ഈ പുതിയ സഖ്യം.
ഈ സഖ്യം സ്വതന്ത്ര യൂറോപ്യൻ സഖ്യം (Independent European Ally) എന്ന് അറിയപ്പെട്ടു. ഇതായിരുന്നു മൂന്നാം ലോക മഹായുദ്ധാരംഭത്തിലെ ആദ്യത്തെ സഖ്യം. ഇതൊരു ആരംഭം മാത്രമായിരുന്നു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ അടുത്തടുത്ത് തന്നെ വീണ്ടും സൈനീക സഹകരണ സഖ്യങ്ങളുണ്ടായി. ഈ സംഭവത്തോടെ, കാലങ്ങളായി ഒരേ സഖ്യത്തിൽ തുടർന്നിരുന്നവർ തന്നെ വിരുദ്ധ ചേരികളിലാവുകയും, സഖ്യ സമവാക്യങ്ങൾ തെറ്റിപ്പിണയുകയും ചെയ്തു.
ഈ സ്വതന്ത്ര യൂറോപ്യൻ സഖ്യം, റഷ്യയോടായിരുന്നു ചായ്വ് പ്രകടിപ്പിച്ചിരുന്നത്...
.
B - മിഡിൽ ഈസ്റ്റ് സഖ്യം:-
മേൽ പറഞ്ഞ ഇസ്രായേൽ - അറബ് സംഘർഷത്തിൽ അമേരിക്കയും നാറ്റോയും ന്യൂട്രൽ നിലപാടായിരുന്നു കൈക്കൊണ്ടത്. ഇതോടെ ഇസ്രായേൽ ഒറ്റപ്പെടുന്ന നില വന്നു.
എന്നാൽ റഷ്യൻ ഗവണ്മെന്റ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് മോസ്കോയിൽ ഒരു പ്രഖ്യാപനം നടത്തി. തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ഇസ്രായേലിനെ സഹായിക്കാൻ തങ്ങൾ സന്നദ്ധരാണ് എന്നതായിരുന്നു അത്.
ഇതേ കാലത്ത് സിറിയ, ഇറാൻ, ഇറാഖ്, ഖത്തർ എന്നിവർ റഷ്യയുമായി സൗഹൃദത്തിലായിരുന്നു. ഒപ്പം മറ്റ് അറബ് രാജ്യങ്ങളും+അമേരിക്കയും തമ്മിലുള്ള ഗാഡമായ ബന്ധത്തിൽ അസ്വസ്ഥരുമായിരുന്നു. അമേരിക്കയ്ക്കെതിരേ ഇതിനകം ഇറാഖിൽ ജനവികാരമുയരുകയും ഗവണ്മെന്റ് പുതിയതും ശക്തവുമായ ഒരു അമേരിക്കൻ വിരുദ്ധ നിലപാടെടുക്കുകയും ചെയ്തിരുന്നു.
മാറിയ സാഹചര്യത്തിൽ ഈ നാലു രാജ്യങ്ങൾ അവരുടെ പാരമ്പര്യ ശത്രുവായ ഇസ്രായേലുമായി കൈ കോർക്കാൻ നിർബന്ധിതരായി. അങ്ങനെ റഷ്യൻ രക്ഷാധികാരത്തിൽ സിറിയ, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ഖത്തർ എന്നിവർ ഒത്തു ചേർന്ന് ഒരു സഖ്യത്തിൽ പങ്കാളികളാവാൻ തീരുമാനമെടുത്തു. മിഡിൽ ഈസ്റ്റ് സഖ്യം എന്ന് ഇത് അറിയപ്പെട്ടു.
മിഡിൽ ഈസ്റ്റ് സഖ്യവും, റഷ്യൻ പക്ഷത്ത് നിലയുറപ്പിക്കുന്നതായിരുന്നു.
.
C - ചൈനീസ് സഖ്യം:-
ഇക്കാലത്ത് ഈസ്റ്റ് ചൈനാക്കടലിലെ സംഘർഷങ്ങളേ തുടർന്ന് ചൈനയും+ഉത്തര കൊറിയയും തമ്മിൽ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു. ഈ കൂട്ടായ്മയെ, തങ്ങളുടെ വിമാനം ഇൻഡ്യയിൽ തകർന്നു വീണ സംഭവത്തേത്തുടർന്ന് പാക്കിസ്ഥാൻ മുൻ കൈ എടുത്ത് ഒരു സഖ്യമായി സൗത് ഏഷ്യയിലേക്കും വികസിപ്പിക്കുകയുണ്ടായി. പ്രത്യക്ഷത്തിൽ പേരുകളൊന്നും നൽകി സഖ്യം ഒപ്പ് വെച്ചില്ലെങ്കിലും, ഇൻഡ്യ ആക്രമിച്ചാൽ പാക്കിസ്ഥാനെ ചൈന സഹായിക്കും എന്ന ഉറപ്പായിരുന്നു പാക്കിസ്ഥാന് ആവശ്യം. ഫലത്തിൽ അദൃശ്യമായ ഒരു സഖ്യമായി ഇത് തെക്കൻ ഏഷ്യയ്ക്ക് മേലേ പുകമഞ്ഞു പോലെ കിടന്നു.
ഈ സഖ്യവും ചൈനീസ്-റഷ്യൻ സഹൃദത്തിന്റെ പേരിൽ റഷ്യൻ സഖ്യമായി തന്നെ വളർന്നുകൊണ്ടിരുന്നു.
.
രണ്ടു വലിയ സഖ്യങ്ങളായി പരിണമിക്കുന്നു
_______________________________________________
ഈ സഖ്യങ്ങളെല്ലാം യോജിച്ച് വലിയ സഖ്യങ്ങളായി രൂപാന്തരപ്പെട്ടു.
A. റഷ്യൻ നേതൃത്വത്തിലുള്ള സഖ്യം:-
മദ്ധ്യയൂറോപ്പിൽ പുതിയ സുരക്ഷാ സഖ്യം രൂപീകരിച്ച ജർമനിയ്ക്കും സഖ്യത്തിനുമെതിരേ യു എസും, യൂറോപ്യൻ യൂണിയനും ചേർന്ന് ഉപരോധങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. എന്നു മാത്രമല്ല തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ പാടില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സമ്മർദ്ധത്തിലായ ജർമനി അവരുടെ സഖ്യമായ സ്വതന്ത്ര പാശ്ചാത്യ സഖ്യത്തെ, റഷ്യ, ഇസ്രായേൽ, സിറിയ, ഇറാൻ, ഇറാഖ്, ഖത്തർ എന്നിവരുൾപ്പെട്ട മിഡിൽ ഈസ്റ്റ് സുരക്ഷാ സഖ്യവുമായി കൂട്ടിച്ചേർക്കാൻ നിർബന്ധിതരായി. ഇതേ സമയം ഈസ്റ്റ് ചൈനാ കടലിൽ ചൈനീസ്-ഉത്തര കൊറിയൻ സഖ്യവും ഈ സഖ്യത്തിൽ ലയിക്കുകയുണ്ടായി.
സ്വതന്ത്ര പാശ്ചാത്യ സഖ്യവും, മിഡിൽ ഈസ്റ്റ് സഖ്യവും, ചൈനീസ് സഖ്യവും ഒരു ചേരിയിൽ ഒറ്റക്കെട്ടായി റഷ്യൻ ലീഡർഷിപ്പിനു കീഴിൽ നിൽക്കാൻ തുടങ്ങി.
ലോകം ഈ സഖ്യത്തെ ഒന്നിച്ച് "റഷ്യൻ സഖ്യം" എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി.
.
B അമേരിക്കൻ-അറബ്-നാറ്റോ ശക്തികൾ:-
റഷ്യ തുർക്കിയിൽ വ്യോമാക്രമണം നടത്തിയതോടെ അമേരിക്ക - തുർക്കി, ബ്രിട്ടൺ, ഫ്രാൻസ് എന്നീ നാറ്റോ അംഗ രാജ്യങ്ങൾ റഷ്യയ്ക്കെതിരേ മിഡിൽ ഈസ്റ്റിൽ യുദ്ധമുഖം തുറന്ന കാലമായിരുന്നല്ലോ അത്. ആ സന്ദർഭത്തിലായിരുന്നു ഇസ്രായേലും സിറിയയും ഇറാഖ്-ഇറാനും ചേർന്ന് റഷ്യയുമായി യോജിച്ച് സഖ്യം ഉടലെടുത്തത്.
അമേരിക്കൻ പക്ഷത്തായിരുന്ന സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഇതോടെ ഭയപ്പാടിലായി. അവർ സുരക്ഷാ ഭീതി കണക്കിലെടുത്ത് അമേരിക്കയും നാറ്റോയുമായി സഖ്യ ഉടമ്പടി ഒപ്പ് വച്ചു. ഇറാൻ-ഇറാഖ്-സിറിയ-ഖത്തർ എന്നീ രാജ്യങ്ങൾ ഒഴികെയുള്ള അറബ് രാജ്യങ്ങളായ കുവൈറ്റ്, സൗദി, യു. എ. ഇ., ഒമൻ, യെമൻ, ഈജിപ്റ്റ്, പലസ്ഥീൻ തുടങ്ങിയ പ്രമുഖരെല്ലാം ഈ സഖ്യത്തിൽ അണി ചേർന്നു.
നാറ്റോയും അറബ് രാജ്യങ്ങളും ഒന്നു ചേർന്ന ഈ സഖ്യം അമേരിക്കൻ-അറബ്-നാറ്റോ ശക്തികൾ എന്ന ഒറ്റ പേരിൽ അറിയപ്പെട്ടു.
.
യുദ്ധത്തിനു മുന്നോടിയായുള്ള ചില ഇൻഡ്യൻ അനുരഞ്ചനങ്ങൾ
___________________________
ലോകം യുദ്ധഭീതിയിലാഴവേ ഇൻഡ്യൻ വിദേശകാര്യ നയതന്ത്രജ്ഞൻമ്മാർ റഷ്യയിലും അമേരിക്കയിലുമായി തിരക്കിട്ട ചർച്ചകളായിരുന്നു. അമേരിക്കയുമായി സഖ്യം ഒപ്പ് വെക്കാൻ
അവർ ഇൻഡ്യയോട് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ സഹായം ലഭിക്കൂ എന്ന് അവർ ഒരു ഉദാരത മുന്നോട്ട് വെച്ചു. ഇൻഡ്യയെ സംബന്ധിച്ച് അത് വലിയ ഭവിഷ്യത്ത് ഉളവാക്കാൻ പോകുന്ന ഒന്നായിരുന്നു.
.
അമേരിക്കൻ-നാറ്റോ സഖ്യത്തിൽ അണി ചേർന്നാൽ, മറുഭാഗത്ത് റഷ്യ എതിരാളിയായി വരും. നാളുകളായുള്ള സൗഹൃദം തകരും. റഷ്യൻ ആയുധങ്ങളാണ് കാലങ്ങളായി ഇൻഡ്യൻ സേന ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ആ ആയുധങ്ങളുടെ വരവ് നിലയ്ക്കും. പെട്ടന്നൊരു ദിവസം കൊണ്ട് അമേരിക്കയുടേയോ, ബ്രിട്ടന്റേയോ ആയുധങ്ങൾ ഇൻഡ്യൻ സേനയ്ക്ക് എളുപ്പം വഴങ്ങണമെന്നുമില്ല. ഒപ്പം, തുറക്കപ്പെട്ടു കഴിഞ്ഞ പല യുദ്ധമുഖങ്ങളിൽ അമേരിക്കയ്ക്കൊപ്പം നിന്ന് അവരെ സഹായിക്കേണ്ടി വരും. ഇത്രയും നീണ്ട കാലം, പല ഭൂഖണ്ടങ്ങളിൽ ഒരേ സമയം യുദ്ധം ചെയ്യാനുള്ള ശേഷി തങ്ങൾക്കില്ല. ഇങ്ങനെ പല കാരണങ്ങളാൽ ഇൻഡ്യ ആ സഖ്യ ഉടമ്പടി നിരസിച്ചു. പകരം ഒന്നു മാത്രം അഭ്യർത്ഥിച്ചു. തങ്ങൾ അമേരിക്കക്കെതിരേ ഒരു സഖ്യത്തിനൊപ്പവും കൈ കോർക്കില്ല.പകരം തങ്ങളുടെ ശത്രുവിനൊപ്പം അമേരിക്ക കൂട്ടു ചേരാൻ പാടില്ല എന്ന ഒരു ഉറപ്പ് വേണം. ഈ അഭ്യർത്ഥന അവർ മാനിച്ചു.
.
അതേ സമയം റഷ്യയുമായുള്ള ചർച്ചകളിൽ അവർ ആവശ്യപ്പെട്ടതും, പറഞ്ഞതും ഇത്ര മാത്രമായിരുന്നു. റഷ്യ ഇല്ലാതാകും വരെ ആയുധങ്ങളിൽ ഒരു ഭാഗം ഇൻഡ്യയ്ക്ക് നൽകിയിരിക്കും. ചൈനയ്ക്കൊപ്പമോ മറ്റേതെങ്കിലും രാജ്യത്തിനൊപ്പമോ നിന്ന് റഷ്യ ഇൻഡ്യയെ ഒരിക്കലും ആക്രമിക്കില്ല. സൗഹൃദത്തിൽ ചതിവ് കാട്ടുന്നവരല്ല റഷ്യ. എന്നാൽ റഷ്യയ്ക്ക് ചൈനയുമായും ബന്ധമുള്ളതിനാൽ, യുദ്ധത്തിൽ ഇൻഡ്യയെ നേരിട്ട് സഹായിക്കുകയും ചെയ്യില്ല. അതിനു പകരം ഒരു കാരണവശാലും റഷ്യയുടെ ശത്രുക്കൾക്കൊപ്പം ചേർന്ന് ഇൻഡ്യ റഷ്യയ്ക്കെതിരേ കളത്തിലിറങ്ങാൻ പാടില്ല. ഇതായിരുന്നു റഷ്യൻ നിബന്ധന.
ഈ നിലപാട് ഇൻഡ്യയ്ക്ക് സർവാത്മനാ സ്വാഗതാർഹമായിരുന്നു. 80 വർഷങ്ങളായുള്ള വലിയ രണ്ട് സുഹൃദ് രാഷ്ട്രങ്ങളുടെ വികാര നിർഭരമായ ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്.
.
എന്നാൽ ഇതേ സമയം ചൈനയും റഷ്യയുമായി സഖ്യ ഉടമ്പടി ഒപ്പു വെച്ചു. ആ ഉടമ്പടി ഒപ്പു വെക്കുമ്പോൾ റഷ്യൻ പ്രസിഡന്റ്, ചൈനീസ് പ്രസിഡന്റിനോട് ഇത്രയുമേ പറഞ്ഞുള്ളൂ. ശത്രുക്കൾക്കെതിരേ നമ്മൾ സഖ്യമായി ഒരുമിച്ച് നിൽക്കും. പക്ഷേ ഒരാളൊഴികെ. ഇൻഡ്യ. ഇൻഡ്യയ്ക്കെതിരേ ഞങ്ങൾ ഒരു വഞ്ചനയും നടത്തില്ല. അവരുമായുള്ള യുദ്ധം നിങ്ങൾ രണ്ടുപേരുടെ മാത്രം പ്രശ്നമാണ്. നിങ്ങൾ രണ്ടു സുഹൃത്തുക്കളും റഷ്യൻ ഫെഡറേഷന് ഒരേപോലെ വിലപ്പെട്ടവരാണ്...
.
യുദ്ധം
______________
ഇങ്ങനെ യുദ്ധമുഖം തയ്യാറായി. കളിക്കാരും.
ഗെയിം സ്റ്റാർട്ട് ചെയ്യാനായി ഭൂമുഖത്തെ പ്രബല ശക്തികൾ അവരുടെ ആവനാഴിയിലുള്ള ഏറ്റവും വിനാശകരങ്ങളായ ആയുധങ്ങളുമായി മുഖാമുഖം വന്ന് വാം അപ്പ് ചെയ്യാൻ ആരംഭിച്ചു.
വെസ്റ്റേൺ യൂറോപ്പ് മുതൽ നോർത്ത് അമേരിക്ക വരെ.
ഈസ്റ്റേൺ യൂറോപ്പ് മുതൽ ഓഷ്യാനിയ വരെ.
പസഫിക് ഓഷ്യൻ മുതൽ ഈസ്റ്റ് ചൈനാ കടൽ വരെ.
ആർട്ടിക് ഓഷ്യൻ മുതൽ ഇൻഡ്യൻ ഓഷ്യൻ വരെ.
പടിഞ്ഞാറ് അലാസ്ക - യു. എസ്.-കാനഡ-മെക്സിക്കോ എന്നിവരുൾപ്പെടുന്ന വടക്കേ അമേരിക്കൻ ഭൂഖണ്ടം മുതൽ, യൂറോപ്പ്-ഏഷ്യ എന്നിവയിലൂടെ കിഴക്ക് ജപ്പാൻ വരെ കളിക്കളം പടർന്നു കിടന്നു.
നോർത്ത് അമേരിക്ക, നോർത്ത് വെസ്റ്റ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സൗത് സെൻട്രൽ ഏഷ്യ, സൗത് ഈസ്റ്റ് ഏഷ്യ തുടങ്ങി കരയായ കരയും, കടലായ കടലും ആ ഫൈനൽ ഗെയിമിന് പ്ലേ ഗ്രൗണ്ട് ആയി മാറി.
___________________
2025 സെപ്ടംബർ 1-ന് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആദ്യ വെടി പൊട്ടി. പിന്നീട് അഞ്ച് മാസത്തോളം നടന്നത് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിനാശകരവും, മനുഷ്യ സങ്കൽപ്പങ്ങൾക്കതീതമാം വിധം ഭീകരവുമായ, ഒരു മഹായുദ്ധമായിരുന്നു. അലാസ്ക മുതൽ മഗഡാൻ വരെ, അറ്റ്ലാന്റിക് ഓഷ്യൻ മുതൽ ഈസ്റ്റ് സൈബീരിയൻ കടൽ വരെ ലോകം മുഴുവനും പടർന്ന സംഭ്രമാത്മകമായ ഒരു യുദ്ധം...
.

(തുടരും)
.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക:- 
https://padaarblog.blogspot.in/2018/04/blog-post_54.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ