ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

തല പിളരുന്ന ബ്ലൂടൂത്ത് ഭീകരത

ഒരു മൊബൈല്‍ ക്യാമറാ ദ്രിശ്യമാണ്. ഒരാള്‍ ഒരു മൂന്നു നിലക്കെട്ടിടത്തിന്റെ ഉയരമുള്ള (ചിലപ്പോള്‍ അതിലുമേറെ..) ഫ്ലാറ്റ്ഫോമില്‍ നിന്നും, താഴെ, ഒരു അഞ്ചാറടി മാറിയുള്ള കുളത്തിലേക്ക് ഡൈവ് ചെയ്യുന്നു. അതായത് ഒളിമ്പിക്സിലൊക്കെ മത്സരാര്‍ത്ഥികള്‍ സ്വിമ്മിങ്ങ് പൂളിലേക്ക് ഡൈവ് ചെയ്യുന്നത് പോലെ. കുറേ പെണ്‍കുട്ടികള്‍ ഈ പ്രകടനം കാണാന്‍ കാത്തുകെട്ടി നില്‍പ്പുണ്ട്. (യുവതികളെ നമുക്ക് ദ്രിശ്യമല്ല) സാഹസമായി ഡൈവ് ചെയ്ത് നീന്താന്‍ തയ്യാറെടുക്കുന്നവന്റെ പ്രകടനം, അയാളുടെ ഏതോ സുഹൃത്ത് മൊബൈല്‍ ക്യാമറയില്‍ ഒപ്പുകയാണ്...(ഈ ദ്രിശ്യമാണ് നമ്മള്‍ കാണുന്നത്. )

"മൊബൈല്‍" ക്യാമറാമാന്‍ ഈ മൂന്നാം നിലയിലെ, പ്രസ്തുത ഫ്ലാറ്റ്ഫോമിനടുത്തുള്ള ജനാലയ്ക്കരികില്‍ നില്‍ക്കുന്നു. യുവാവിനേയും, അയാള്‍ നില്‍ക്കുന്ന ഫ്ലാറ്റ്ഫോമും, അയാള്‍ ചാടുംമ്പോള്‍ അതിനെ ഫോക്കസ് ചെയ്യുന്ന ക്യാമറാ ദ്രിശ്യവും മാത്രമാണ് നമ്മുടെ മുന്‍പില്‍. ഒരല്‍പ്പം ഓടിവന്ന്, ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിന്നു, താഴെ, ഒരല്‍പ്പം മാറിയുള്ള കുളത്തിലേക്ക് യുവാവ് എടുത്ത് ചാടുന്നു. അഥവാ, തല കുത്തനേ ഡൈവ് ചെയ്യുന്നു. യുവതികളുടെ "വൗ" വിളികളും, അദ്ഭുതം കലര്‍ന്ന കയ്യടിയും പിന്നണിയില്‍ കേള്‍ക്കാം. കൃത്യമായി ലക്ഷ്യത്തിലേക്ക് ചാടി "വിജയം വരിച്ച" ആ യുവാവ് നീന്തി തിരിച്ച് കയറി വരുന്നു. വീണ്ടും മൊബൈല്‍ ക്യാമറാ ദ്രിശ്യം മൂന്നാം നിലയുടെ ഉയരത്തിലുള്ള ഫ്ലാറ്റ്ഫോമിലേക്ക്. യുവാവ് വീണ്ടും കുളത്തിലേക്ക് ഡൈവ് ചെയ്യാനായി തയ്യാറെടുക്കുന്നു..............................................

ഇത്രയും എഴുതിയത് ഒരു സിനിമാക്കഥയല്ല. ഇനി എഴുതുന്നതും സിനിമാക്കഥയല്ല. സിനിമയില്‍ പോലും നാം കാണാനറയ്ക്കുന്ന ഒരു ദാരുണ യാഥാര്‍ത്ഥ്യത്തേക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് . യുവാവ് വീണ്ടും ചാടുന്നു. പക്ഷെ, ഈ ശ്രമത്തില്‍ ഫ്ലാറ്റ്ഫോമിന്റെ എഡ്ജില്‍ വച്ച് യുവാവിന്റെ കാലൊന്ന് സ്ലിപ്പാകുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. കാലു വഴുതിയതോടെ ബാലന്‍സ് തെറ്റിയ യുവാവ്, തല കുത്തനെ താഴെക്ക് പതിച്ച്, കുളക്കരയിലെ ഫ്ലാറ്റ് ഫോമിന്റെ അറ്റത്ത് തലയിടിച്ച് വെള്ളത്തിലേക്ക് വീണു അതി ദാരുണമായി മരിയ്ക്കുന്നു.........

യുവാവിന്റെ തല തറയില്‍ ചെന്ന് ഇടിക്കുമ്പോഴേക്കും, പിന്നണിയില്‍ പെണ്‍കുട്ടികളുടെ ആര്‍ത്ത നാദങ്ങള്‍ മുഴങ്ങുകയാണ്. യുവാവിന്റെ നിശ്ചലമായ ശരീരം വെള്ളത്തില്‍ പൊങ്ങി കമിഴ്ന്നു കിടക്കുന്നു... അവസാനം ആരോ നീന്തിച്ചെന്നെടുക്കുന്ന കഥാനായകന്റെ തല, നടുവേ പിളര്‍ന്ന് രണ്ടായിക്കിടക്കുന്ന ദ്രിശ്യത്തോടെ ഈ മൊബൈല്‍ ദ്രിശ്യം അവസാനിക്കുകയാണ്.

ഇതിത്രയും നോര്‍ത്തിന്ത്യയിലെവിടെയൊ നടന്ന ഒരു ഭീകര യാഥാര്‍ത്ഥ്യമാണ്. ഇത്രയും രംഗങ്ങള്‍ കഴിഞ്ഞ ആഴ്ച്ച നാട്ടിലെ ചില കൊച്ച് പയ്യന്‍മ്മാരുടെ മൊബൈലില്‍ കണ്ടതാണ്. പറയാന്‍ ശ്രമിച്ചത് ഇത്തരം വയലന്‍സ് മൊബൈലില്‍ കൊണ്ട് നടക്കുകയും, അത് വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുകയും, മറ്റുള്ളവര്‍ക്ക് സെന്റ് ചെയ്ത് നിര്‍വൃതിയടയുകയും ചെയ്യുന്ന മനസാക്ഷിക്കുത്തില്ലാത്ത മൊബൈല്‍ മാനിയാക്കുകളേക്കുറിച്ചാണ്.

ഞാന്‍ നോക്കുമ്പോള്‍ ഈ പയ്യന്‍മ്മാരിത് വീണ്ടും വീണ്ടും കണ്ട് ചിരിക്കുകയും, കമന്റ് പറയുകയുമാണ്. സത്യത്തില്‍, ഇതൊന്ന് കാണൂ എന്ന് പറഞ്ഞ് അവരെന്നെ ഈ വീഡിയോ കാട്ടിത്തരുമ്പോള്‍ എന്താണിതിന്റെ അവസാനമെന്നെനിക്കറിയില്ലായിരുന്നു. എങ്കില്‍ ഞാനത് കാണുമായിരുന്നില്ല. യുവാവിന്റെ രണ്ടാമത്തെ ചാട്ടത്തില്‍ അയാളുടെ തല ഫ്ലാറ്റ്ഫോമില്‍ ഇടിക്കുന്നതിന്റെ ആ വിദൂര ദ്രിശ്യം കണ്ട് എന്റെ അടി വയറ്റില്‍ നിന്നുമൊരാന്തല്‍ തലച്ചോറിലേക്ക് പായുകയാണുണ്ടായത്. ആ ദ്രിശ്യം അന്നു രാത്രി പലയാവര്‍ത്തി എന്റെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ക്കു മുന്‍പില്‍ വന്ന് എന്നെഅസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം, മൂന്നാം നിലയില്‍ ഈ ദ്രിശ്യം വീഡിയോയിലെടുത്തു കൊണ്ടിരുന്ന ആള്‍ക്ക് ഒരു ചാഞ്ചല്യവും ഉണ്ടായില്ലല്ലോ എന്നതാണ്. യുവാവ് തറയില്‍ തലയിടിച്ച്, തല പൊട്ടിച്ചിതറി, പിടലിയൊടിഞ്ഞ് കുളത്തിലേക്ക് പതിയ്ക്കുന്നത് കണ്ടിട്ട് പോലും ക്യാമറാ ഫോക്കസ്സ് ചെയ്തവന്റെ കയ്യൊന്ന് വിറയ്ക്കുകയോ, ക്യാമറയൊന്ന് ഉലയുകയോ പോലുമുണ്ടായില്ല. പിന്നീട് ആരൊക്കെയോ ആ ശവം കരയിലേക്ക് എടുത്തു കൊണ്ട് വരുന്നതുപോലും ആ ഭീകരന്‍ ഫോക്കസ് ചെയ്യുകയായിരുന്നു എന്ന നടുക്കുന്ന ബോധ്യമാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ ഞെട്ടല്‍. ഒരു അപ്രതീക്ഷിത മരണം മുഴുവനായും, ക്യാമറയൊന്നു കുലുങ്ങുക പോലും ചെയ്യാതെ ക്ഷമയോട് കൂടി ഒപ്പിയെടുത്ത ആ "മൊബൈല്‍" ക്യാമറാമാന്റെ ക്രൂരമായ മനസിനെ എന്താണ് വിളിക്കേണ്ടത്? അവസാനം അതെ മൊബൈലില്‍, യുവാവിന്റെ രണ്ടായിപ്പിളര്‍ന്ന്, രണ്ട് വശങ്ങളിലെക്ക് കിടക്കുന്ന തലയുടെ ദ്രിശ്യം കൂടി ക്ലോസപ്പില്‍ എടുക്കുന്നതോടെയാണ് ആ അജ്ഞാതനായ സൈക്കോപാത്ത് സംതൃപ്തനാവുന്നത്.

വീഡിയോ കണ്ടു പോയ ഞാന്‍ തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നുപോയി. പിന്നീട് ആ ചെറുപ്പക്കാരോട് പറഞ്ഞു. "ദയവായി നിങ്ങള്‍ ഇത്തരം വീഡിയോകള്‍ കൊണ്ടു നടക്കരുത്. ആസ്വദിക്കരുത്. ആര്‍ക്കോ സംഭവിച്ച ദാരുണാവസ്ഥ നിങ്ങള്‍ തമാശായി കാണരുത്. ഒപ്പം ഇത്തരം ക്രൂരമായ രംഗങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നതിലൂടെ, നിങ്ങളും എന്തും ആസ്വദിക്കുന്നത്ര ക്രൂരന്‍മ്മാരായിത്തീരും...." അവര്‍ക്കത് മനസിലായോ എന്തോ? സൗദിയില്‍ തലവെട്ടുന്ന ദ്രിശ്യവും, ട്രെയിനിനു മുകളില്‍ നിന്ന് ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുന്ന ദ്രിശ്യവുമൊക്കെ ഇത്തരം ബ്ലൂടൂത്ത് രസക്കാഴ്ച്ചകളായിരുന്നല്ലോ.

ഈ ദാരുണമായ സംഭവം എന്നു നടന്നതാണെന്നൊന്നും എനിക്കറിയില്ല. ഞാനിത് ആദ്യമായാണ് കാണുന്നത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍, സോ തുടങ്ങിയ സിനിമകളിലെ അതി ഭീകര രംഗങ്ങള്‍ പോലും കാണാന്‍ വയ്യാതെ തല കുനിച്ചിരിക്കാറുള്ള ഒരാളെന്ന നിലയില്‍ ഇത്തരം വീഡിയോകള്‍ ഞാനൊരിയ്ക്കലും അംഗീകരിക്കുന്നില്ല. ആരാന്റെ ദുരിതം, നമ്മുടെ എന്റര്‍ടെയ്ന്മെന്റ് എന്നൊരു ഭീകരാവസ്ഥ മൊബൈല്‍ മാനിയാക്കുകള്‍ക്ക് പിടിപെട്ടിരിക്കുന്ന ഒരു ദുരന്ത കാലഘട്ടമാണിത്. ശേഷമുള്ള നാലഞ്ചു ദിവസങ്ങള്‍ ഈ രംഗങ്ങളെയോര്‍ത്ത് ഞാനെന്റെ മനസു ബേജാറാക്കി.

പ്രീയപ്പെട്ടവരേ, ഈ ബ്ലോഗിലൂടെ ഞാനിന്ന് വരെ ആഹ്വാനങ്ങളൊന്നും ചെയ്തിട്ടില്ല. കാരണം ആഹ്വാനം ചെയ്യാനും മാത്രം വല്യ പുള്ളീയാണ് ഞാനെന്ന്, എനിക്കൊരിയ്ക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന്, ആദ്യമായി ഒരു ആഹ്വാനം ചെയ്യുകയാണ്. ഇത് വായിക്കുന്ന നിങ്ങള്‍ ഇത്തരം വീഡിയോകളെ പ്രോഹ്ത്സാഹിപ്പിക്കരുത്. പരസ്പ്പരം സെന്റ് ചെയ്യുകയോ, റിസീവ് ചെയ്യുകയോ ചെയ്യരുത്. എവിടെയെങ്കിലും ഒരു ദുരന്തം നടന്നാല്‍ ഉടനേ അത് ക്യാമറയിലൊപ്പരുത്. അഥവാ നിങ്ങള്‍ ദുരന്തം പ്രതീക്ഷിച്ച് എടുക്കാത്ത ഒരു വീഡിയോയിലേക്ക് അപ്രതീക്ഷിതമായി ദുരന്തമെത്തിയാല്‍, ദയവായി ആ വീഡിയോ അതിന്റെ സാക്ഷ്യ പത്രമായി പ്രകാശനം ചെയ്യരുത്. നിങ്ങളില്‍ നിന്ന് നിങ്ങളെ അറിയാത്തവര്‍ക്കിടയിലേക്ക് ആ രംഗങ്ങള്‍ പ്രചാരം ചെയ്യപ്പെടുന്നതോടെ, അതൊരു മൂന്നാം കിട സസ്പെന്‍സ് ത്രില്ലറായി മാറിപ്പോകും. അതു കൊണ്ട് പ്ലീസ്... ഇത്തരം വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയോ മൊബൈലില്‍ കൊണ്ട് നടക്കുകയോ ചെയ്യരുത്. ഇതൊരു ചെറിയ ആഹ്വാനമായി എടുക്കുമെന്ന പ്രതീക്ഷയോടെ...

വാല്: കഴിഞ്ഞദിവസം ട്രെയിനില്‍ വരുമ്പോള്‍, മൂന്നു യുവാക്കള്‍ ഈ വീഡിയോയെപ്പറ്റി പറയുന്നതും, മറ്റേയാളോട് ഇത് സെന്റ് ചെയ്ത് തരട്ടെ എന്നുചോദിക്കുന്നതും കേട്ടു. അതേ, ഈ വീഡിയോ ഇപ്പോള്‍ കേരളമൊട്ടാകെ ബ്ലൂടൂത്തുകള്‍ വഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.


Related Articles
മേരീ ആന്‍സി മരിച്ചതെങ്ങനെ?
സദാചാരത്തരങ്ങള്‍


18 അഭിപ്രായങ്ങൾ:

  1. ചില ദൃശ്യങ്ങള്‍ കണ്ടാല്‍ അക്ഷരാര്‍ദ്ധത്തില്‍ ഉറക്കം തന്നെ നഷ്ടപ്പെടും.ചിലര്‍ ഫേസ്ബുക്കിലും മറ്റും തങ്ങളുടെ പേജുകളില്‍ അപ്ലോഡ് ചെയ്യുന്ന ചില വീഡിയോകള്‍ തലകറക്കം സൃഷ്ടിക്കുന്നവയാണു.പുതുതലമുറയുടെ മനസ്സില്‍ നിന്നും ദയ കരുണ സഹജീവികളോടുള്ള സ്നേഹം എന്നിവ അപ്രത്യക്ഷമായിരിക്കുന്നു

    ഓ.ടോ :ആരെങ്കിലും ഒരു കമ്ന്റിടുവാന്‍ ശ്രമിക്കുമ്പോള്‍ ഈ വേര്‍ഡ് വെരിഫിക്കേഷനും മറ്റും കണ്ടാല്‍ സ്വന്തം പാടുനോക്കിപ്പോവും..

    മറുപടിഇല്ലാതാക്കൂ
  2. കമന്റ് അപ്രൂവല്‍ എന്ന മഹാമാരി കൂടിയുണ്ടായിരുന്നുവെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ ഈ ബ്ലോഗില്‍ ഒരു കമന്റിടുവാന്‍ ഒരിക്കലും മുതിരില്ലായിരുന്നു..എന്തായാലും പറ്റിയത് പറ്റി.

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയോ മൊബൈലില്‍ കൊണ്ട് നടക്കുകയോ ചെയ്യരുത്. ...............................................

    ..............................................................................
    എന്റെ വക അടിവര ..

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ചിന്തിക്കുന്നത് , ഈ തലമുറ അക്ഴിഞ്ഞു അടുത്ത തലമുറ എന്തായിരിക്കും എന്നാണ് എന്റെ പേടി, ഞാന്‍ പലപ്പോഴും ഇതു ചര്‍ച്ച ചെയ്തിടുണ്ട്, നാളെ ചിലപ്പോള്‍ നമ്മുളെ പിടിച്ച് വെച്ച് വയറകീറുന്നത് ലൈവായി കൊടുക്കും
    നല്ല ആഹ്വാനം

    മറുപടിഇല്ലാതാക്കൂ
  5. അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും ഇതില്‍ തെറ്റുകാരാന്

    മറുപടിഇല്ലാതാക്കൂ
  6. ചോരവാര്‍ന്നു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമിക്കാതെ അവരുടെ മൊബൈലില്‍ വീഡിയോ എടുക്കുന്നവര്‍ക്ക് തലയ്ക്കു ഒളാമില്ല എന്നെ എനിക്ക് പറയാനുള്ളൂ..

    തീര്‍ച്ചയായും ഇവയെ പ്രോത്സാഹിപ്പിക്കരുത്..

    മറുപടിഇല്ലാതാക്കൂ
  7. ഇത് പോലത്തെ കുറെ ഉണ്ട് പലരും youtube ഇല്‍ നിന്നൊക്കെ ഡൌണ്‍ലോടുന്നതാ അതാ പിന്നെ മൊബൈല്‍ ഇല്‍ ഷെയര്‍ ചൈയ്യുന്നത്...

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട്‌ റിജോ എനിക്കും അതു തന്നാപറയാനുള്ളത്‌.. ഇത്തരം വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയോ മൊബൈലില്‍ കൊണ്ട് നടക്കുകയോ ചെയ്യരുത്. ഇതൊരു ചെറിയ ആഹ്വാനമായി എടുക്കുമെന്ന പ്രതീക്ഷ ഞാനും വച്ചു പുലര്‍ത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ശ്രീക്കുട്ടന്‍ :
    കമന്റ് അപ്രൂവല്‍ തുടരേണ്ട സാഹചര്യമുണ്ട്.. വേര്‍ഡ് വെരിഫിക്കേഷന്‍ ഇതോടെ നിർത്തലാക്കിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായത്തിനു നന്ദി...

    മഖ്‌ബൂല്‍ മാറഞ്ചേരി, ഷാജു അത്താണിക്കല്‍ , പത്രക്കാരന്‍ , വില്ലേജ്മാന്‍ , JOTHISH BABU , - നിങ്ങളുടെ തീരുമാനം നിങ്ങളുടെ സുഹ്രുത്തുക്കളേയും ബോധ്യമ്മാക്കാൻ ശ്രമിയ്ക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  10. salimpravaasigroup :
    അതേ, സലീമിക്ക - ഇത് വായിക്കുന്നവരെങ്കിലും ഇതൊരു ആഹ്വാനമായി എടുത്താൽ മതിയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  11. പൂര്‍ണ്ണമായും യോജിക്കുന്നു റിജോ ..

    മറുപടിഇല്ലാതാക്കൂ
  12. ബസിന്റെ ടയരിനടിയില്‍ പാതി മരിച്ചു കൈകള്‍ ഉയര്‍ത്തി കരയുന്ന ഒരാളെയും അയാളുടെ ചുറ്റും വീഡിയോ ഷൂട്ട്‌ ചെയ്യുന്ന ഒരു പറ്റം ആളുകളുടെയും ചിത്രം ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.. അത്ഭുതം ഇല്ല ഇതിലൊന്നും

    മറുപടിഇല്ലാതാക്കൂ
  13. സിനിമയില്‍ പോലും ഇത്തരം രംഗങ്ങള്‍ വന്നാല്‍ കണ്ണിറുക്കി അടയ്ക്കാറുള്ള എനിക്ക് ഇതൊക്കെ കേള്‍ക്കുന്നത് പോലും നെഞ്ഞിടിപ്പ്‌ കൂട്ടും ! റിജോ പറഞ്ഞപോലെ ആ അപ്രതീക്ഷിത മരണം മുഴുവന്‍ ക്യാമറയൊന്നു കുലുങ്ങുക പോലും ചെയ്യാതെ ക്ഷമയോടെ ഒപ്പിയെടുത്ത ആ "മൊബൈല്‍" ക്യാമറാമാന്റെ ക്രൂരമായ മനസിനെ എന്താണ് വിളിക്കേണ്ടത്???

    മറുപടിഇല്ലാതാക്കൂ
  14. യോജിക്കുന്നു റിജോ .. നല്ല ചിന്തകൾ..
    എന്തു ചെയ്യാം മനോരോഗികൾ.. കഴിയുന്നത്ര നിരുൽസാഹപ്പെടുത്തുക..

    മറുപടിഇല്ലാതാക്കൂ
  15. ഏപ്രില്‍ ലില്ലി. :
    താങ്ക്സ് ചേട്ടാ...

    mad|മാഡ്-അക്ഷരക്കോളനി.കോം :
    അതേ നമുക്കാണദ്ഭുതം. സമൂഹത്തിലെ പലർക്കും ഇതൊക്കെ നേരമ്പോക്കുക്കളാണു

    Lipi Ranju :
    അതേ ചേച്ചീ... അതാണെന്നേയും അദ്ഭുതപ്പെടുത്തുന്നത്.... ഭീകരം തന്നെ

    ponmalakkaran | പൊന്മളക്കാരന്‍ :
    തീർച്ചയായും ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  16. കൌമാരക്കാര്‍ക്ക് വേണ്ടി പ്രത്യേകം ഫോണുകള്‍ നിര്‍മിക്കുക മാത്രമാണ് പ്രതിവിധി...
    ഒന്നോ രണ്ടോ നുംബരുകളിലേക്ക് മാത്രം കോളുകള്‍ പോവുകയും വരുകയും മാത്രം ചെയ്യുന്ന ഡിസ്പ്ലേയും മറ്റു സൌകര്യങ്ങളും ഒന്നുമില്ലാത്ത ഫോണുകള്‍...
    മനോരമയില്‍ കണ്ടത്...

    മറുപടിഇല്ലാതാക്കൂ
  17. റിജോ, പൂര്‍ണ്ണമായും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  18. jeevithathil nallathum cheethayum arinjirikkanam, ennale cheetha paadillennum nallathe cheyyavu ennum, athu adutha thalamurakkarodu parayanum pattu, information technology moolam athu orikkalum nadakkilla, karanam ozhinja thalayil nireyunnathu itharam chhethayakumbol athu svabavikamayum adutha thalamuruye badhikkum.

    മറുപടിഇല്ലാതാക്കൂ