ചൊവ്വാഴ്ച, മേയ് 24, 2011

കന്യാസ്ത്രീ മഠത്തില്‍ കപ്യാരുടെ വാക്കാ വാക്കാ


കൂറ്റാകൂരിരുട്ട്..
ഒരിടത്തും ഒരനക്കവുമില്ല.
കന്യാസ്ത്രീ മഠം നിശബ്ദമായി ഉറങ്ങുകയാണ്‌.
ചീവീടുകളുടെ ശബ്ദം മാത്രം അവിടവിടെയായി കേള്‍ക്കാം.
നാല്പതുകാരിയായ സിസ്റ്റര്‍ ബ്രെസ്റ്റില്ല മാത്രം ഉറങ്ങാതെ മുറിയില്‍ ആരെയോ പ്രതീക്ഷിച്ചിരുന്നു. സിസ്റ്ററുടെ തൊണ്ടക്കുഴിയില്‍ വെള്ളം വറ്റി.
ഇപ്പോള്‍ കപ്യാര് പയ്യന്‍ വരും.
വലിയൊരു കള്ളത്തരം ചെയ്യാന്‍ പോകുന്നതിന്റെ വിറയല്‍ സിസ്റ്റര്‍ക്ക് മേലാസകലം ഉണ്ടായിരുന്നു.
അവന്‍ വരുന്നതും പോകുന്നതും ആരും കാണരുതേ എന്ന് ഈശോയെ വിളിച്ചു അവര്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചു.
ക്ലോക്കില്‍ സമയം അപ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു...

അന്നേരം മുറിയുടെ പുറത്ത് ഒരു കാല്‍പെരുമാറ്റം കേട്ടു.
സിസ്റ്റര്‍ ബ്രെസ്റ്റില്ല ചെവി വട്ടം പിടിച്ചു.
സിസ്റ്റര്‍ക്ക് വല്ലാത്ത തളര്‍ച്ച തോന്നി.
അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ ഒരു മുട്ടു കേട്ടു. സിസ്റ്റര്‍ വിവശയായി നടന്നു ചെന്ന് ശബ്ദമുണ്ടാക്കാതെ കതക് തുറന്നു. അരണ്ട വെളിച്ചത്തില്‍ അതാ കപ്യാര് പയ്യന്‍ നില്‍ക്കുന്നു. അവനും വിയര്‍ത്തുകുളിച്ചിട്ടുണ്ട്...

സിസ്റ്റര്‍ അവനെ വേഗം റൂമിലേക്ക് കയറ്റി കതക് അടച്ചു.
എന്നിട്ട് കതകില്‍ ചാരിനിന്ന് കിതച്ചു.
അല്‍പ്പനേരം അങ്ങനെ തന്നെ നിന്നതിനു ശേഷം സിസ്റ്റര്‍ ബ്രെസ്റ്റില്ല അവനെ നോക്കി നെടുവീര്‍പ്പിട്ടു.
"ആരെങ്കിലും കണ്ടോ?"
സിസ്റ്റര്‍ മൃദുവായി ചോദിച്ചു.
"ഇല്ല"

"എങ്കിൽ... ഹെങ്കിൽ പെട്ടന്ന് വെക്കാവോ...."
"ഉം!"
കപ്യാര് പയ്യന്‍  വിറയലോടെ സമ്മതം മൂളി.

"എന്നാല്‍ അതിങ്ങ് എടുക്ക്..."
സിസ്റ്റര്‍ തല കുനിച്ചു കൊണ്ട് പറഞ്ഞു.
കപ്യാര് പയ്യന്റെ കൈ വിരലുകള്‍ അവന്റെ പാന്റിന്റെ മുന്‍വശത്തേയ്ക്ക് നീണ്ടു. സിസ്റ്റര്‍ കണ്ണുകള്‍ അടച്ചു പിടിച്ചു...
.................................
...........................................
കപ്യാര് പയ്യന്‍ വെപ്രാളത്തോടെ പറഞ്ഞു
"സിസ്റ്റര്‍... ഇത് പിടിക്കൂ..."

സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണുകള്‍ ഇറുക്കിയടച്ചു കൊണ്ട് തന്റെ കൈ നീട്ടി. ക
പ്യാര് പയ്യന്‍ അവന്റെ കയ്യിലിരുന്ന സാധനം സിസ്റ്ററുടെ കയ്യിലേക്ക്‌ വെച്ചു കൊടുത്തു. സിസ്റ്റര്‍ അതില്‍ തൊട്ടതും ആകെയൊന്നു ഉലഞ്ഞു. അവര്‍ വിവശതയോടെ അതില്‍ മുറുകെപ്പിടിച്ചു.

"ഇതെങ്ങനെയാ ഉപയോഗിക്കുക?"
സിസ്റ്റര്‍ ആകാംക്ഷയോടെ ചോദിച്ചു...
"അതു ഞാന്‍ പ്രവര്‍ത്തിപ്പിക്കാം. ആദ്യം കണ്ണ്‌ തുറക്കൂ..."
കപ്യാര് പയ്യന്‍ മറുപടി പറഞ്ഞു.
അത് കേട്ട് സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണ്‌ തുറന്നു, എന്നിട്ട് കയ്യിലിരുന്ന സാധനത്തിലേക്ക് തുറിച്ചു നോക്കി. അതൊരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.

"സിസ്റ്റര്‍ പറഞ്ഞ പാട്ട് ഇതിലുണ്ട്. ഹെഡ് ഫോൺ ചെവിയിൽ വെക്കൂ"
അവന്‍ പറഞ്ഞു.
സിസ്റ്ററുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
"ഞാന്‍ പത്രത്തില്‍ വായിച്ച അന്നു മുതല്‍ ആഗ്രഹിക്കുന്നതാ ആ പാട്ടൊന്നു കേള്‍ക്കണമെന്ന്. നിന്റെ കയ്യില്‍ അതുള്ളതുകൊണ്ടാണ് നിന്നോട് ഞാന്‍ വരാന്‍ പറഞ്ഞത്. പകല്‍ പുറത്ത് നിന്ന് നിന്റെ ഫോണ്‍ വാങ്ങുന്നതും, കേള്‍ക്കുന്നതും മറ്റുള്ളവര്‍ കണ്ടാല്‍ എന്തു വിചാരിക്കും എന്നു കരുതിയാണ് ഞാന്‍ ഇങ്ങനെ ഒരു റിസ്ക് എടുത്തത്."
അടക്കിപ്പിടിച്ച ശബ്ദത്തില്‍ സിസ്റ്റര്‍ പറഞ്ഞു.

"സിസ്റ്ററേ ഇതിപ്പോ ആരെങ്കിലും കണ്ടാല്‍ പിന്നെ അതുമതി. എനിക്ക്‌ എളുപ്പം പോകണം."
കപ്യാര് പയ്യന്‍ പറഞ്ഞു. സിസ്റ്റര്‍ ബ്രെസ്റ്റില്ല അവന്‍ പറഞ്ഞതുപോലെ തന്നെ ഹെഡ് ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു. അപ്പോള്‍ കപ്യാര് പയ്യന്‍ തന്റെ ഫോണിലെ മ്യൂസിക് പ്ലേയര്‍ ഓണ്‍ ചെയ്‌തു...

ഒരു നിമിഷം...
സിസ്റ്ററുടെ ചെവിയിലേക്ക്
ഷക്കീരയുടെ ഫിഫാ വേള്‍ഡ് കപ്പ് സോങ്ങ് ഇരച്ചെത്തി.
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
This time for Africa
സിസ്റ്റര്‍ ബ്രെസ്റ്റില്ല ആകെ കുളിരണിഞ്ഞു...

മൊബൈല്‍ ഫോൺ സ്റ്റീരിയോവിൽ സിസ്റ്റര്‍ ആ പാട്ടിലേക്ക് ലയിച്ചു ചേരുകയും, വീണ്ടും വീണ്ടും മൂന്ന് പ്രാവശ്യംകൂടി അതേ "വാക്കാ വാക്കാ" പാട്ട് ആവര്‍ത്തിച്ചു കേള്‍ക്കുകയും ചെയ്‌തു.
എല്ലാം കഴിഞ്ഞ്തെല്ലൊരു നാണത്തോടെ കപ്യാര് പയ്യൻ പറഞ്ഞു
"ഇനി ഞാൻ പൊയ്ക്കോട്ടെ..?!"

സിസ്റ്റര്‍ ബ്രെസ്റ്റില്ല മനസില്ലാമനസോടെ അതു സമ്മതിച്ചു. എന്നിട്ട് മൊബൈലും, ഹെഡ് ഫോണും അവന്റെ കയ്യില്‍ കൊടുത്തിട്ട് പതിയെ ക്തക് തുറന്നു. നിശബ്ദമായ കാല്‍ ചുവടുകളുമായി കപ്യാര് പയ്യന്‍ പതിയെ പുറത്തേക്കു പോയി. അവന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സിസ്റ്റര്‍ ക്തക് അടച്ച് കുറ്റിയിട്ടു. അപ്പോഴാണു സിസ്റ്റര്‍ക്ക് ശ്വാസം നേരേ വീണത്.

കന്യാസ്ത്രീ മഠത്തിന് പുറത്ത് അപ്പോഴും ചീവീടുകള്‍ കലമ്പി...

_________________________________________________
* സിസ്റ്റര്‍ ബ്രെസ്റ്റില്ല എന്ന പേരിന് കടപ്പാട് ബോബനും മോളിയും

Related Articles
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍
രാത്രി സുവരാത്രി, പണ്ഡിറ്റിന് സിവരാത്രി

തിങ്കളാഴ്‌ച, മേയ് 23, 2011

ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി

എത്രയും സ്നേഹം നിറഞ്ഞ ഷിബുച്ചായന്‍ അറിയുന്നതിന്.,
അച്ചായന്റെ കത്ത് കിട്ടി. പിന്നെ, നമ്മുടെ പഞ്ചായത്തിലെ ആകെയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കിയത് കാരണം പണ്ടത്തെ പോലെ പോസ്റ്റുമാന്‍ കത്ത് കൊണ്ടേത്ത
രുന്ന പരിപാടിയൊന്നും ഇപ്പോള്‍ ഇവിടില്ല. ഒടുവില്‍ പോസ്റ്റുമാന്‍, റ്റവ്ണീന്ന് കൊണ്ടുവന്നു തരേണ്ടി വന്നു ഈ കത്ത്. കത്ത് ഞാന്‍ വായിച്ചു. അച്ചായന് ഊമക്കത്ത്‌ കിട്ടി എന്നറിഞ്ഞു ഞാന്‍ ഞെട്ടിപ്പോയി. ഇവിടുന്ന് ആ കത്തെഴുതിയത് ഏതു തന്തയ്ക്ക് പിറക്കാത്തവന്‍ ആയാലും ശരി, കര്‍ത്താവാണേ അവനും അവന്റെ മറ്റവള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു ചത്തു, പണ്ടാരം അടങ്ങി പോകത്തേയുള്ളൂ..

ഇനി ഞാനൊന്നു ചോദിക്കട്ടെ. കത്ത്
വായിച്ച് നിങ്ങള്‍ എല്ലാമങ്ങ് വിശ്വസിച്ചോ? ഞാനൊരു തെറ്റുകാരിയും കൊള്ളരുതാത്തവളും ആണെന്ന് ഈ നാടായ നാട്മുഴുവന്‍ പറഞ്ഞിട്ടും ഞാന്‍ ഗൌനിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ എന്നെ സംശയിച്ചപ്പോള്‍ സത്യമായും എന്റെചങ്കു തകര്‍ന്നുപോയി ഷിബുച്ചായാ, ചങ്കു തകര്‍ന്നുപോയി! വല്ലവനും എഴുതിയ ഊമക്കത്തിന്റെ പേരില്‍ സ്വന്തം ഭാര്യയെ സംശയിക്കുന്ന നിങ്ങള്‍ സത്യത്തില്‍ ഒരു മറുപടിഅര്‍ഹിക്കുന്നില്ല. എന്കിലും ഞാനങ്ങ് എഴുതുകയാണ്. സത്യാവസ്ഥ നിങ്ങള്‍ അറിയണമല്ലോ.

ഷിബുച്ചായന്‍ എന്തടിസ്ഥാനത്തിലാണ് നിങ്ങളുടെ അമ്മയെ, അതായത് എന്റെ അമ്മായിയമ്മയെ ഞാന്‍ പള്ളും, പരത്തെറിയും പറയരുതെന്ന് പറയുന്നത്? ആ പരട്ട പെണ്ണുമ്പിള്ളയുടെ സ്വഭാവം കാണുമ്പോള്‍ പള്ളും, പരത്തെറിയും മാത്രമല്ല കുനിച്ചു നിര്‍ത്തിയിട്ട് അവരുടെ നടുവിന് അമ്മിക്കല്ല് എടുത്ത് ഇടാനാണ് തോന്നുന്നത്. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ, അവര്‍ ഇവിടെ യാതൊരു ജോലീം ചെയ്യുകേല. എപ്പോഴുമങ്ങ് കിടപ്പാണ്‌. ആകെപ്പാടെ തൊണ്ണൂറ് വയസ്സ് മാത്രമേ അവര്‍ക്ക് ആയിട്ടുള്ളല്ലോ. എന്‍റെ തുണികളൊക്കെ അവര്‍ക്ക് ഒന്ന് അലക്കിയാല്‍ എന്താ. പശുവിനെ കുളിപ്പിക്കാനും, തേങ്ങാ ഇടാനും അവര്‍ക്ക് പോയാല്‍ എന്താ? ചന്തയില്‍ പോയി ഒരു സാധനം വാങ്ങാന്‍ അവര്‍ക്കു പറ്റില്ല.എല്ലാം ഞാന്‍ ഒരുത്തി ഒറ്റയ്ക്ക് ചെയ്തോണം എന്നാണ് അവരുടെ മനസിലിരുപ്പ്. ഇതൊക്കെ ചെയ്യാന്‍ ഒരു വേലക്കാരിയെ വെച്ചാല്‍ അവള്‍ക്കുള്ള ശംബളം ആര് കൊടുക്കും? അല്ല അച്ചായന്‍ പറ. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അവരെ ഞാന്‍ "എടീ കഴുവേറി" എന്നുവിളിക്കാതെ, " എന്തേ കപ്പലണ്ടി മിട്ടായി വേണോ എന്ന്" ചോദിക്കണോ? അതിനേ.., സെലീന വേറെ ജനിക്കണം.

പിന്നെ അടുത്ത പരാതി എന്നതാരുന്നു? ങ്ങാ, നിങ്ങള്‍ടെ
പെങ്ങളെയും, അളിയനെയും നമ്മുടെ വീട്ടില്‍ കയറ്റാന്‍ ഞാന്‍ സമ്മതിക്കുന്നില്ലെന്ന്. അല്ലേ? അതേ, അതു ഞാന്‍ ഒരു കാരണവശാലും സമ്മതിക്കുകേല. എന്റെ നാത്തുനെന്നു പറയുന്ന ആ അലവലാതി എന്നെ കേറി തല്ലാന്‍ വന്നത് നിങ്ങള്‍ അറിഞ്ഞോ? ഇല്ലല്ലോ?! ങ്ങാ, എന്നാല്‍ അതാണ് കാരണം. നിങ്ങടെ അമ്മയെ ഞാന്‍ കയറി തല്ലി എന്നും പറഞ്ഞ് അവള്‍, ആ സാലി എന്നെക്കേറി തല്ലാന്‍ വന്നേക്കുന്നു...

നമ്മുടെ വീട്ടില്‍ താമസിക്കുന്ന നിങ്ങളുടെ അമ്മയെ ഞാന്‍ ചിലപ്പോള്‍ തല്ലിയെന്നൊക്കെ ഇരിക്കും. അതിന് സാലിയ്ക്കെന്താ ഇത്ര ചൊവ്വ് കേട്? അവള്‍ക്കും അവളുടെ അമ്മായി അമ്മയെ അവളുടെ വീട്ടിലിട്ട് തല്ലാമല്ലോ. ഞാന്‍ അതിന് തടസ്സം പറയാന്‍ പോകുന്നില്ലല്ലോ... അവളോട് ഞാന്‍ അന്ന് പറഞ്ഞതായിരുന്നു ഇനി മേലാല്‍ കുടുംബത്ത് കേറിപ്പോകരുതെന്ന്. അതു കൂട്ടാക്കാതെ അവളും അവളുടെ അമേരിക്കക്കാരന്‍ ഭര്‍ത്താവും കൂടി വീണ്ടും വലിഞ്ഞു കയറി വന്നതു കൊണ്ടാ പശുവിനു കൊടുക്കുന്ന കാടിവെള്ളം കോരി അവരുടെ മോന്തയ്ക്ക് ഒഴിച്ചത്. അന്നേരം കാടിവെള്ളം കയ്യില്‍ ഇരുന്നത് കോണ്ട് അത്രയുമേ സംഭവിച്ചുള്ളു. തിളച്ച വെള്ളം ആയിരുന്നെങ്കില്‍ അതായിരുന്നേനെ അവരുടെ മോന്തയ്ക്ക് ഒഴിക്കുന്നത്. അന്ന് പിന്നെ പാവം പശു പട്ടിണിയായല്ലോ എന്നൊരുവിഷമം മാത്രമേ എനിക്ക്‌ ഉണ്ടായുള്ളൂ.

ഊമക്കത്തിലെ അടുത്ത ആക്ഷേപം
എന്നതായിരുന്നു? ഓ, ഇഞ്ജിപ്പറമ്പിലെ കുര്യാക്കോസിന്റെ ഒപ്പം ഞാന്‍ തേക്കടിക്ക് ടൂര്‍ പോയ കാര്യം. ഷിബുച്ചായന്‍ എന്നെക്കുറിച്ച് ഇത്ര തരംതാണ രീതിയിലാണോ മനസിലാക്കിയിരിക്കുന്നത്? കുര്യാക്കോസിനെപ്പോലെ ഒരു മുതുകിഴവന്‍ സ്ത്രീ ലംബടന്റെ കൂടെ തേക്കടി പോലൊരു സ്ഥലത്തേക്ക് ടൂര്‍ പോകാന്‍ മാത്രം ഞാന്‍ അത്രയ്ക്കങ്ങ് ഫ്രോഡ് ആണോ ഷിബുച്ചായാ? ചെ ചെ! ഞാന്‍ ടൂര്‍ പോയെന്നുള്ളത് ശരിയാണ്. അതു പക്ഷേ കുര്യാക്കോസിന്റെ ഒപ്പം ആയിരുന്നില്ല. അങ്ങേരുടെ മൂത്ത മകനായ ജിനുവിന്റെ ഒപ്പം ഊട്ടിയിലേക്കായിരുന്നു. അവന്‍ എന്‍ജിനീയറിങ്ങ്‌ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ച് പയ്യനാണ്. ഉള്ളത് പറയാമല്ലോ ഷിബുച്ചായാ, അവന്റെ കൂടെ ടൂര്‍ പോയത് ശരിക്കും ഒരു അടിപൊളിയായിരുന്നു. രണ്ടു ദിവസം ഞങ്ങള്‍ ശരിക്കും അങ്ങ് അര്‍മാദിച്ചു കേട്ടോ. അവന്‍ ആള് മഹാ വില്ലനാ.. ശോ! അവിടെ വച്ച് അവന്‍ അവന്റെ മൊബൈലില്‍ കുറേ വീഡിയോ ഒക്കെ എടുത്തായിരുന്നു. അതൊക്കെ ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട് എന്നു കത്ത് വായിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്. നേരോ, കള്ളമോ എന്തായാലും എനിക്ക്‌ അതൊന്നും വിഷയമേ അല്ല. "അമ്മാമ്മയുടെ ബ്ലൂ ട്രൂത്ത്‌" എന്നു പറഞ്ഞ് ഏതോ ഒരു തെമ്മാടി, നമ്മുടെ മുന്‍വശത്തെ മതിലില്‍ കരി ഒയില് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. ഞാന്‍ അതു മായ്ക്കാന്‍ ഒന്നും പോയില്ല. ഇത്ര അസുഖം ഉള്ളവര്‍ നേരിട്ട് വന്നു ചോദിക്കട്ടെ. അവന്മാരോടൊക്കെ ഞാന്‍ നേരിട്ട് തന്നെ ചുട്ട മറുപടി കൊടുത്തോളാം.

ഷിബുച്ചായനോട് ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. എന്തായാലും എട്ട് വര്‍ഷമായില്ലേ നിങ്ങള്‍ എന്നെ ഇവിടെ ആക്കിയിട്ട് ഗള്‍ഫില്‍ പോയിട്ട്. ഞാനും ഒരു മനുഷ്യ ജീവി തന്നെയാണെന്ന് നിങ്ങള്‍ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ? എനിക്കും എന്റേതായ ഒരു "ഇതൊക്കെ" വേണ്ടേ. ഞാനൊരു യന്ത്രം ഒന്നുമല്ല. ഇപ്പോള്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് പിടികിട്ടി കാണും എന്നു വിശ്വസിക്കുന്നു. ഇനി എന്തെന്കിലും സംശയം ഉണ്ടെന്കില്‍ അതൊക്കെ ഫോണിലൂടെ പറഞ്ഞാല്‍ മതി. മറ്റ് വിശേഷങ്ങള്‍ ഒന്നും ഇതില്‍ എഴുതുന്നില്ല. പ്രാര്‍ത്ഥനയില്‍ ഓര്‍ത്തുകൊണ്ട്‌ തല്‍ക്കാലം കത്ത് ചുരുക്കുന്നു.

സ്വന്തം,
സെലീന
തൊമ്മന്‍ കോടതിയില്‍.
കുരിശു കവല
തിരുവല്ല.



Related Articles
ചില എയര്‍ മെയില്‍ ആധികള്‍
എണ്‍പതുകളിലെ ഒരു പ്രേമലേഖനം

ഞായറാഴ്‌ച, മേയ് 15, 2011

നിങ്ങള്‍ക്ക് അറിയുമോ നിക്കിനെ?


മുന്നൂറോളം വരുന്ന ഒരു യുവ സദസ്സ്. അവര്‍ അച്ചടക്കത്തോടെ, അതിലേറെ അദ്ഭുതത്തോടെ നിശബ്ദരായി ഇരിക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മുന്‍പിലുള്ള വേദിയിലേക്കാണ്. ചിലരുടെയൊക്കെ കണ്ണുകളില്‍ നീര്‍ മണികള്‍ തുളുമ്പാന്‍ വെമ്പുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ പൊട്ടിക്കരയും എന്ന മുഖ ഭാവത്തിലാണ്‌. അവരെ ഇത്രയധികം നൊമ്പരപ്പെടുത്തിയ വിധം എന്താണ്‌ അവിടെ സംഭവിച്ചത്? വേദിയില്‍ ഒരു ഡെസ്ക് ഇട്ടിരിക്കുന്നു. ഡെസ്ക്കിന്മേല്‍ അദ്ഭുതകരമായ ഒരു കാഴ്ചയാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവിടെ അതാ കൈകാലുകള്‍ ഇല്ലാത്ത, വെറുമൊരു മാംസപിണ്ഡം മാത്രമായ ഒരു മനുഷ്യരൂപം ചെവിയില്‍
ഘടിപ്പിച്ചു വെച്ചിരിക്കുന്ന മൈക്രോഫോണിലൂടെ ആ വലിയ യുവ സദസിനോട്
സംവേദിക്കുകയായിരുന്നു. ചെറുപ്പക്കാരനായ, അതീവ സുന്ദരനായ, അതിലേറെ നിഷ്കളങ്കനായ ആ യുവാവ് തന്റെ ജീവിതാനുഭവങ്ങള്‍ അവരോട് പംക് വെക്കുകയായിരുന്നു. തലയും, ഉദരത്തോളം വരുന്ന ശരീരവും മാത്രമുള്ള, ഇതൊരു മനുഷ്യജീവി തന്നെയോ എന്ന് സഹതാപം തോന്നിപ്പിക്കുന്ന ആ പ്രഭാഷകന്റെ പേരാണ് നിക്ക്. നിക്കോളാസ് ജെയിംസ് വ്യൂജിച്ച്.

നിക്കിന്റെ കഥ
കാലില്‍ ഇടാന്‍ പുതിയ അഡിഡാസ് ഷൂ ഇല്ലാത്തന്റെ പേരില്‍, കയ്യില്‍ കെട്ടാന്‍ പുതിയ റാഡോ വാച്ച് ലാഭിക്കാഞ്ഞതിന്റെ പേരില്‍, ദുഃഖിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജന്മനാ കൈകളോ, കാലുകളോ ഇല്ലാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട നിക്കിനെക്കുറിച്ച് നിങ്ങള്‍ അറിയണം.

1982 ഡിസംബര്‍ നാലിന് പഴയ യൂഗോസ്ലാവ്യയിലാണ് (ഇന്നത്തെ സെര്‍ബിയ) അദ്ധേഹം ജനിച്ചത്‌. മാതാപിതാക്കള്‍ ബോറിസും, ദുഷ്ക്കയും. മാതാവ്‌ ഒരു ആതുരാലയത്തിലെ നേഴ്സ് ആയിരുന്നു. ദമ്പതികളുടെ സന്തോഷങ്ങള്‍ക്കു മേല്‍ നിക്ക് പിറന്നു വീണത്‌ അവരുടെ ജീവിതത്തെ ആര്‍ദ്ര വിലാപങ്ങങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടായിരുന്നു. അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ചില മനുഷ്യ ജന്മങ്ങളെപ്പോലെ നിക്കും അപൂര്‍വതകളിലെ അത്യപൂര്‍വതയായി ജന്മം കൊണ്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ മകന് മറ്റ് അവയവങ്ങള്‍ ഒന്നും ഇല്ലെന്നും, അത് തലയും ഉദരവും മാത്രമുള്ള ഒരു മാംസപിണ്ഡം മാത്രമാണെന്നും മനസിലായതോടെ ആ ദമ്പതികള്‍ തകര്‍ന്നുപോയി. ബോറിസും, ദുഷ്ക്കയും അതില്‍ നിന്ന് മുക്തരാവാന്‍ നാളുകള്‍ എടുത്തു. തങ്ങള്‍ക്കും,
തങ്ങളുടെ പൊന്നോമനയ്ക്കും ഇങ്ങനെയൊരു ദുരന്തം വന്നു ഭവിച്ചല്ലോ എന്നു ആ മാതാപിതാക്കള്‍ വേദനിച്ചെന്കിലും പിന്നീട് അവന്റെ പരിചരണത്തിനായി അവര്‍ അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.

നിക്ക് പതിയെ വളര്‍ന്നു തുടങ്ങി. കുഞ്ഞു നാളില്‍ അവന് അവന്റെ ന്യൂനതകള്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ക്രമേണ അവനു തിരിച്ചറിവുകള്‍ ഉണ്ടായിത്തുടങ്ങി. മറ്റ് കുട്ടികളും തന്റെ ഇളയ സഹോദരങ്ങളും ഓടിച്ചാടി നടക്കുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, കൈ കൊട്ടി പാടുമ്പോള്‍ അവനു മനസിലായി തനിക്ക് ഇതിനൊന്നും സാധ്യമല്ല എന്നു. അവര്‍ക്കൊക്കെയുള്ളതുപോലെ തനിക്ക് കൈകളോ കാലുകളോ ഇല്ലെന്നും താന്‍ മാത്രം എന്തേ ഇങ്ങനെയായിപ്പോയി എന്നും അവന്‍ ആലോചിക്കാന്‍ തുടങ്ങി. ചിന്തകള്‍ അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്‍ ചെറു പ്രായത്തില്‍ തന്നെ കടുത്ത വിഷാദങ്ങളിലൂടെയും, ആത്മസംഘര്‍ഷങ്ങളിലൂടെയും, മനപ്രയാസത്തിലൂടെയും കടന്നു പോയി. അതവനെ ഗാഡമായ നിരാശയിലേക്കും, അപകര്‍ഷതാബോധത്തിലേക്കും നയിച്ചു. ആ കാലഘട്ടത്തെക്കുറിച്ച് നിക്ക് ഇങ്ങനെയാണ് പറയുന്നത്. " കമിഴ്ത്തി വെച്ച പാത്രം പോലെ ഒരു സോഫയില്‍ കിടത്തിയാല്‍ അങ്ങനെതന്നെ കിടക്കുവാനേ കഴിയുമായിരുന്നുള്ളൂ. ഒന്ന് തിരിയുവാനോ ചരിയുവാനോ, പോട്ടെ ഒന്ന് അനങ്ങുവാന്‍ പോലും കഴിയുമായിരുന്നില്ല."

പക്ഷേ മാതാപിതാക്കള്‍ അവന് ധൈര്യം പകര്‍ന്നു. അവര്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു.
നല്ലൊരു ഭാവി സ്വപ്നം കണ്ടു പഠനം ആരംഭിച്ചവര്‍ക്കിടയില്‍, നിക്ക് ഒറ്റപ്പെടലും വേദനയും അനുഭവിച്ചു തല താഴ്ത്തി നടന്നു. അവനു മാത്രം ഭാവി സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നു. കയ്യും കാലും ഇല്ലാത്തവന് എന്തു സ്വപ്നം?! അവന്റെ കുറവുകള്‍ക്കു മേലെ കവതുകത്തോടെയും, സഹതാപത്തോടെയും നീളുന്ന അനേകമനേകം കണ്ണുകൾ അവനില്‍ ആത്മനിന്ദ നിറച്ചു. തന്റെ ഏകാന്തതകളില്‍ തനിക്കൊപ്പം ഇരിക്കുവാന്‍ സുഹൃത്തുക്കള്‍ പോലും ഇല്ലല്ലോ എന്ന ചിന്ത അവനെ അനാഥത്വത്തെപ്പോലെ വേട്ടയാടി. ജീവിതം ഇരുളിലേക്ക് ചാഞ്ഞു കൊണ്ടിരുന്നു. പക്ഷേ അവന്റെ മാതാപിതാക്കള്‍ അവനെ കരുതലോടെ പരിചരിച്ചു. ജീവിതത്തില്‍ സ്വപ്നം കാണാനും, ആഗ്രഹിക്കാനും, ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും അവര്‍ അവനെ പ്രേരിപ്പിച്ചു.

12 വയസുള്ളപ്പോള്‍ നിക്ക് എന്നും രാത്രിയിൽ മണിക്കൂറുകളോളം പ്രാര്‍ഥിക്കുമായിരുന്നു. കൈകളും കാലുകളും മുളച്ചു വരാന്‍ . എന്നിട്ട് ശാന്തമായി കിടന്നുറങ്ങും. പിറ്റേന്ന് കാലത്ത് മറ്റുള്ളവരെപ്പോലെ തനിക്കും കൈകളും കാലുകളും മുളച്ചു വരും എന്ന പ്രതീക്ഷയില്‍. പിറ്റേന്ന് നേരം പുലരുമ്പോള്‍ അവന്‍ കണ്ണ് തുറന്ന് ആദ്യം നോക്കുന്നത് കയ്യിലേക്കും കാലിലേക്കുമാവും. അവ മുളച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ . അത് സംഭവിച്ചിട്ടില്ല എന്നു അറിയുന്നതോടെ അവന്‍ വിങ്ങിപ്പൊട്ടി കരയുമായിരുന്നു.

ഇന്ന് നിക്ക് ആരാണ്
ആയിടക്ക് നിക്കിന്റെ ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഒന്ന് സംഭവിച്ചു. ഉദരത്തിനു താഴെ കാല്‍ വിരലുകള്‍ പോലെ മുഴച്ചു നിന്നിരുന്ന ഭാഗം ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി രണ്ടു വിരലുകള്‍ പോലെയാക്കി. അത് നിക്കിന്റെ സ്വപ്നങ്ങളിലേക്കുള്ള പടി വാതില്‍ ആയിരുന്നു. അതോടെ അവന് പതുക്കെപ്പതുക്കെ കാല്‍ കുത്തി നില്‍ക്കാമെന്നായി. പരിശ്രമിച്ചാല്‍ നീങ്ങാം എന്നുമായി. അവന്‍ , അവന്റെ സ്വപ്നങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി...

നിക്കിന്റെ ജീവിതത്തിലെ വലിയൊരു ഭാഗധേയമായിരുന്നു നിക്കും കുടുംബവും അമേരിക്കയിലേക്ക്‌ കുടിയേറിയത്. അവിടെ അവന്‍ സ്‌കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു. ആദ്യമൊക്കെ അവിടുത്തെ സാഹചര്യങ്ങളും അവന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പതിയെപ്പതിയെ അവന്‍ അമേരിക്കന്‍ ജീവിതവുമായി പൊരുത്തപ്പെട്ടു. അവനെ സ്നേഹിക്കുകയും, ഒപ്പം കൊണ്ടു നടക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ അവനുണ്ടായി. അത് അവന്റെ മനസിനെ ആശ്വാസം കൊള്ളിച്ചു. അവനു ആത്മവിശ്വാസം തോന്നിത്തുടങ്ങി. സ്വയം ഒരു മതിപ്പ് അവനില്‍ വളര്‍ന്നു വന്നു. അതൊരു തുടക്കമായിരുന്നു. തന്റെ ജീവിതം വെറുമൊരു ആകസ്മികതയല്ലെന്നും, ജീവിതത്തില്‍ തനിക്ക് പലതും ചെയ്യാനുണ്ടെന്നും നിക്കിനു തോന്നിത്തുടങ്ങി. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

നിക്കിനിപ്പോള്‍ 28 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഇന്ന് നിക്ക് ലോക പ്രശസ്തനാണ്‌. 24 രാജ്യങ്ങളിലായി അസംഖ്യം വേദികളില്‍ നിക്ക് തന്റെ ജീവിതം മറ്റുള്ളവരുടെ വിജയത്തിനുള്ള തിരി നാളമായി പകര്‍ന്നു നല്‍കി കഴിഞ്ഞിരിക്കുന്നു. നിരാശയും അപകര്‍ഷതയും ബാധിച്ച ഒരു ലോകത്തിനു മുന്നില്‍ നിക്ക് പ്രചോദകന്റെ പ്രഭ വിടര്‍ത്തുന്നു. ഇപ്പോള്‍ നിക്ക് സ്വയമായി പല്ലു തേയ്ക്കും, മുഖം കഴുകും, നീന്തും, പൊക്കം കുറഞ്ഞതായതുകൊണ്ട് കുട്ടികള്‍ക്കൊപ്പം കളികളില്‍ പങ്കെടുക്കും, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യും. രണ്ടു വിരലുകള്‍ തന്നെ ധാരാളം എന്നാണ് നിക്ക് പറയുന്നത്. തങ്ങളുടെ കുറവുകളും, പരാജയങ്ങളും ഓര്‍ത്ത് ജീവിതം പാഴാക്കുന്നവര്‍ക്കിടയില്‍ നിക്ക് ഒരു ദൈവദൂതനെപ്പോലെ കടന്നു ചെന്ന്, തന്റെ ജീവിതത്തെ തന്നെ ഉദാഹരണമായി കാട്ടുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. ഇന്ന് ലോകമൊട്ടാകെ കടന്നു ചെല്ലുന്ന ആത്മവിശ്വാസത്തിന്റെ ദാധാവാണദ്ദേഹം. പല യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും നിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നു ചെല്ലുന്നു. നിക്കിന്റെ മുഖത്ത് നിറയുന്ന മനോഹരമാ‍യ ആ ചിരി നമ്മുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ പോന്നതാണ്.

ഈ വീഡിയോ കണ്ടു നോക്കൂ. ഇതാണ് നിക്ക്:-








നിങ്ങള്‍ക്ക് ഈ പോസ്റ്റും, ബ്ലോഗും ഇഷ്ട്ടപ്പെട്ടെന്കില്‍ ഇതിലെ ഫോളോ എന്ന കോളത്തില്‍ കയറി ഫോളോ ചെയ്യുകയോ, അല്ലെന്കില്‍ ഫേസ്ബുക്ക് ഫാന്‍ പേജിലെത്തി ലൈക്ക് ചെയ്യുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...



Related Articles
ബോണി എമ്മിന്റെ യുഗം
കുമ്പറാസിപ്പിട്ടോ

തിങ്കളാഴ്‌ച, മേയ് 09, 2011

ബോണി എമ്മിന്റെ യുഗം


സംഗീതം മാന്ത്രികമാണ്‌. ആദിമ കാലം തുടങ്ങി മനുഷ്യന്റെ കൈ വിരല്‍ തുമ്പുകളെയും കാല്‍ചുവടുകളെയും താളത്തില്‍ ചലിപ്പിചുകൊണ്ട് സംഗീതം മനുഷ്യ ഹ്രിദയങ്ങളെ
സ്വര്‍ഗീയതയിലേക്ക് ഉയര്‍ത്തിക്കൊവണ്ടിരിക്കുന്നു. അതു ഡിസ്കോ ആയാലും, റെഗ്ഗെ ആയാലും, ഹിപ്പ് ഹോപ്പ് ആയാലും ആസ്വാദകനു അതു ഉന്മാദം തന്നെയാണ്‌. മൊസാര്‍റ്റ്, ബിധോവന്‍, തുടങ്ങി സംഗീതത്തിനു അനശ്വരതയിലേക്കുള്ള ചിറകുകള്‍ നല്‍കിയ മഹാപ്രഭാവന്മാര്‍ ഈ ലോകത്തിന്റെ ആസ്വദന ഗതികളെ വഴി തിരിച്ച് വിട്ടുകൊണ്ട് നവ പരീക്ഷണങ്ങള്‍ നല്‍കി സംഗീതത്തെ അതിന്റെ ഉത്തങ്ങസ്രിംഗതില്‍ എത്തിക്കയുണ്ടായി. കാലഘട്ടങ്ങളിലൂടെ സാഹചര്യങ്ങള്‍ക്കും,മാറുന്ന അഭിരുചികള്‍ക്കും അനുശ്രുതമായി പരിണമിച്ചു വന്ന കലയാണ്‌ സംഗീതം. അത്തരം പരിണാമ ദിശയില്‍ കാലാനുശ്രുതമായ പങ്ക് പ്രകടിപ്പിക്കുകയുണ്ടായ ഒരു സംഗീത സംഘമായിരുന്നു ബോണി എം.


ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഉടലെടുത്ത ഹിപ്പി സംസ്കാരവും, അതിനോടനുബന്ധിച്ചുള്ള ഡിസ്കോ സംസ്കാരവും ലോകവ്യാപകമായി യുവത്വത്തെ ഹരം കൊള്ളിക്കുകയുണ്ടായി. ചുണ്ടില്‍ എരിയുന്ന ചുരുട്ടും അലസമായ ജീവിതവും നൃത്തവും സെക്സുമെല്ലാം അക്കാലത്തെ ജീവിത ശൈലിയായി യുവാക്കള്‍ ഏറ്റെടുത്തിരുന്നു. ബോബ് മര്‍ലിയും, ബീറ്റില്‍സും, സംഗീതത്തിലൂടെ യുവാക്കളില്‍ മയക്കു മരുന്ന് കുത്തിവച്ചു. പ്രേമവും കാമവും വീഞ്ഞും ലഹരിയും സംഗീതവും നൃത്തവുമെല്ലാം ഇട കലര്‍ന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വെല്‍ ബോട്ടം കാലഘട്ടമായിരുന്നു അത്. അക്കാലത്താണ് കറുപ്പിലും വെളുപ്പിലും സങ്കരമായി വന്നു ലോകത്തെ മുഴുവന്‍ ഡിസ്കോ ഡാന്‍സര്‍മാര്‍ ആക്കി മാറ്റിയ ബോണി എം സംഘം മാസ്മരികമായി ഉദയം ചെയ്യുന്നത്. എഴുപതുകളുടെ ആരംഭം മുതല്‍ എണ്‍പതുകളുടെ ആദ്യ പകുതി വരെ ബോണി എം തങ്ങളുടെ സംഗീതം കൊണ്ട് ഭൂഖണ്ഡങ്ങളില്‍ ലഹരി മഴ പെയ്യിച്ചു.

"Ra Ra rasputin
Lover of the Russian Queen
Thera was a cat that really was gone
Ra Ra Rasputin
Russia's Greatest Love Machine
It was a shame how he carried on..." - എന്ന വിശ്വപ്രസിദ്ധമായ ഗാനം ബോണി എം ആല്‍ബം സീരീസുകളിലെ അനശ്വര സൃഷ്ടിയാണ്‌. അത്രയേറെ പോപ്പുലറായ ഒട്ടനവധി ഈണങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഒരു സംഗീത പ്രസ്ഥാനമായിരുന്നു ബോണി എം. ബോണിഎമ്മിന്റെ ചരിത്രം തുടങ്ങുന്നത്‌
പഴയ പച്ചിമ ജെര്‍മനിയില്‍ നിന്നാണ്‌. ഫ്രാന്‍ക് ഫാരിയന്‍ (1941 -) എന്ന ജെര്‍മന്‍
സംഗീത പ്രതിഭയാണ് ബോണി എം എന്ന ബാന്‍ഡ് രൂപീകരിക്കുന്നത്.
ഒരു അപ്രശസ്ത സംഗീതജ്ഞനായ ഫ്രാന്‍ക് ഫാരിയന്‍ 1975- ല്‍ ബേബി ഡു യൂ വാണാ ബംപ്‌ എന്ന തന്റെ ഗാനം ബോണി എം എന്ന പേരുമിട്ടു പുറത്തിറക്കിയപ്പോള്‍ അത് പല യൂറോപ്യന്‍ രാജ്യങ്ങളിലും അമ്പരപ്പിക്കുന്ന വിജയമായി മാറി. അതോടുകൂടി ഫാരിയന്‍ ബോണി എം എന്ന പേരില്‍ സംഗീത സംഘം ആരംഭിക്കുകയും, കൂടുതല്‍ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ബോണി എമ്മിന്റെ അണിയറയില്‍ ഒതുങ്ങി നിന്ന ഫാരിയന്‍ അരങ്ങ് അവതരണത്തിന് വേണ്ടി കണ്ടെടുത്തത് നാല് കരീബിയന്‍ ഗായകരെയായിരുന്നു. ലിസ് മിച്ചല്‍, മാര്‍സ്യാ ബാരറ്റ്‌ (ജമൈക്ക), മൈസീ വില്യംസ് (മോണ്ട് സെരാറ്റ്), ബോബി ഫാരല്‍ (ആരൂബ) എന്നിവരായിരുന്നു അവര്‍. മോഡലിംഗ് രംഗത്തെ കറുത്ത സുന്ദരിയായിരുന്നു മൈസീ വില്യംസ്. ഇടക്കാലത്ത് ഫെയ്ലോ ബോണിക്, ക്ലവുഡ്യാ ബാരി എന്നിവരും ബോണി എം അവതാരകര്‍ ആയി.

1976 - ല്‍ ആദ്യ ബോണി എം ആല്‍ബം റിലീസായി. ഇതിലെ ഡാഡി കൂള്‍ അക്കാലത്തെ അട്ഭുത് ഹിറ്റായി. ബേബി ഡു യൂ വാണാ ബംപ്‌, സണ്ണി, ബോബ് മര്‍ലി (1974) പാടിയ നോ വുമണ്‍ നോ ക്രൈ
എന്നീ പ്രസിദ്ധ ഗാനങ്ങള്‍ ഡിസ്കോ ശൈലിയില്‍ അവതരിപ്പിക്കപ്പെട്ടു. ജെര്‍മന്‍ ടീവിയില്‍ ബോണി എം, ഡാഡി കൂള്‍ പാടിയതോടെ അവരുടെ ജൈത്രയാത്രയ്ക്കു തുടക്കമായി. 1978 - ല്‍ റിവേഴ്സ് ഓഫ് ബാബിലോണ്‍ വന്നു. കരീബിയന്‍ അടിമകളുടെ വിമോചനവുമായി ബന്ധപ്പെട്ട
ഒരുപാട് രാഷ്‌ട്രീയ മാനങ്ങള്‍ ഉള്ള ഗാനമായിരുന്നു ഇത്. ഒപ്പം തന്നെ കരീബിയന്‍ നേഴ്സറിപ്പാട്ടായ ബ്രൌണ്‍ ഗേള്‍ ഇന്‍ ദ റിങ്ങ് ഏറെ ജനപ്രീയമായി. അതോടെ ഈ ഗാനങ്ങളും പഴയ റാസ്പുട്ടിനും ചേര്‍ത്ത് നൈറ്റ് ഫ്ലൈറ്റ് ടൂ വീനസ് എന്ന ആല്‍ബം പുറത്തിറങ്ങി. ഏറ്റവും ചിലവഴിക്കപ്പെട്ട ബോണി എം ആല്‍ബവും ഇതാണ്. കരീബിയന്‍ സംഗീത ശൈലിക്ക് ആഗോള പ്രചാരം നല്‍കിയ ഹാരി ബെലഫോന്‍ടെ എന്ന അമേരിക്കന്‍ ഗായകന്‍ പാടിയ മേരീസ് ബോയ് ചൈല്‍ഡ് എന്ന ക്രിസ്മസ്‌ ഗാനം, ഡിസ്കോട്ടിക് രീതിയില്‍ അവതരിപ്പിച്ച ഗാനം ഏറെ പ്രശസ്തമായി. ഒട്ടനേകം ക്രിസ്മസ്‌ ഗാനങ്ങളും ബോണി എം എമ്മിന്റെതായി വന്നിട്ടുണ്ട്. ക്രിസ്മസും പഴയ നിയമവും എല്ലാം ഇടകലര്‍ന്നതു കൊണ്ടാവാം കേരളത്തിലും ബോണി എം വളരെ ജനപ്രീയമാവുകയും, ഇവിടുത്തെ സുവിശേഷകര്‍ക്കു പോലും ഇതിലെ ഗാനങ്ങള്‍ പ്രീയപ്പെട്ടതായി തീരുകയും ചെയ്തു. 1979 - ല്‍ ഓഷ്യന്‍സ് ഓഫ് ഫാന്റസി എന്ന ആല്‍ബം ഇറങ്ങി. എല്‍ ല്യൂട്ട്‌, ബഹാമാ, തുടങ്ങിയ ഗാനങ്ങള്‍ ഈ ആല്‍ബത്തിലെതാണ്‌. ചില്‍ഡ്രന്‍സ് ഓഫ് പാരഡൈസ് (1980), ദ മാജിക് ഓഫ് ബോണി എം (1980),
ജൂനൂനസ് (1981) തുടങ്ങിയ ആല്‍ബങ്ങളും റിലീസായി. അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ഫ്രാന്‍ക് ഫാരിയന്‍, ബോബി ഫാരലിനെ പുറത്താക്കിയ ശേഷമാണ് ടെന്‍ തവ്സന്‍ഡ് ലൈറ്റ് ഓഫ് ഇയെഴ്സ് (1984) എന്ന കാസറ്റ് പബ്ലീഷ് ചെയ്യുന്നത്. പക്ഷേ അതത്ര പ്രചാരം നേടിയില്ല. തുടര്‍ന്ന് ഫാരല്‍ വീണ്ടും ടീമിനൊപ്പം ചേരുകയും, അതേ വര്‍ഷം തന്നെ പുറത്തിറങ്ങുകയും ചെയ്ത കാലിമ്പോ ഡി ലൂണ'യിലൂടെ അവരുടെ പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി വീണ്ടും ഹിറ്റാക്കി മാറ്റുകയും ചെയ്തു.

പക്ഷേ ബോണി എം തകര്‍ന്നു തുടങ്ങുകയായിരുന്നു. ഐ ഡാന്‍സ് (1985) എന്ന പേരില്‍ ഫാരിയന്‍ ഒരു ആല്‍ബം കൂടി ഇറക്കിയെങ്കിലും അത് വലിയൊരു പരാജയമായിരുന്നു. അതോടെ ബോണി എം ടീം 1986-ല്‍ അവുദ്യോഗികമായി വേര്‍പിരിഞ്ഞു. 1988, 89 വര്‍ഷങ്ങളില്‍ അവര്‍ അവരുടെ പഴയ ഹിറ്റ് ഗാനങ്ങള്‍ റീമിക്സ് ചെയ്തു പുറത്തിറക്കി. ഗോള്‍ഡ്‌ (1993) എന്ന പേരില്‍ വന്ന ആല്‍ബമാണ്‌ ബോണി എം സീരീസിലെ അവസാന ആല്‍ബം. അതും റീമിക്സ് തന്നെ.

ഇപ്പോള്‍ ഫാരിയനും സംഘാംഗങ്ങളും ഒറ്റയ്ക്കും, ഇടയ്ക്കിടെ കൂട്ടായും പല സംഗീത സംഘങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ചിലപ്പോഴെങ്കിലും ബോണി എം എന്ന പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. പഴയ പാട്ടുകള്‍ പാടുന്നു. ഒരു കാലത്ത് ലോകം കീഴടക്കിയ ബോണി എം മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അനശ്വരമായിത്തന്നെ നില നില്‍ക്കുന്നു. വിവിധ സംസ്കാരങ്ങളും, നാടോടിക്കഥകളും, മിത്തുകളും, പഴമ്പുരാണങ്ങളും സമന്‍വയിപ്പിച്ച് കറുപ്പിന്റെയും, വെളുപ്പിന്റെയും മിശ്രണം ആവിഷ്ക്കരിച്ച ബോണിഎം ഒരു യുഗത്തിലെ ഏറ്റ്വും വിലയേറിയ
പ്രാധിനിത്യം വഹിച്ചവര്‍ എന്ന പേരിലും തങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്നു.




Related Articles
നിങ്ങള്‍ക്ക് അറിയുമോ നിക്കിനെ?
കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വരും. സിംഗം സിംഗിളാ താന്‍ വരും...

വ്യാഴാഴ്‌ച, മേയ് 05, 2011

ചില എയര്‍ മെയില്‍ ആധികള്‍

എന്‍റെ കരളിന്റെ കരളായ സെലീനയ്ക്ക്,
നിന്റെ ഷിബുച്ചായന്‍ എഴുതുന്ന കത്ത്‌.
പറയാന്‍ പോകുന്ന കാര്യങ്ങളുടെ സീരിയസ്സ് കൊണ്ട് ഞാനാകെ വറീഡ് ആണ്.

കത്തെഴുത്ത്
ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷന്‍ ആയെന്ന് അച്ചായനറിയാമെങ്കിലും ഇതൊക്കെ ഫോണില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടു മാത്രം ഇങ്ങനെയൊരു കത്തെഴുതിപ്പോവുകയാണ്.
സെലീനമോളേ ഞാനിത് നിന്നോട് എങ്ങെനെ അവതരിപ്പിക്കും?
കഴിഞ്ഞ ആഴ്ച്ചയാണ്‌ നാട്ടില്‍ നിന്നും ഒരു ഊമക്കത്ത്‌ എന്റെ കയ്യില്‍ വന്നു ചേര്‍ന്നത്.


സംഭവം ഊമക്കത്ത്‌ ആണെന്കിലും എഴുതിയവന്‍ ഊമയാകാന്‍ തരമില്ല. അതില്‍ നമ്മളെയും നമ്മുടെ കുടുംബ കാര്യങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയതില്‍ നിന്നും, എഴുതിയവന് നമ്മളെപ്പറ്റിയുള്ള മിക്കാവാറും കാര്യങ്ങളെല്ലാം അറിയാം എന്നും, ലേഖകന്‍ നമ്മുടെ പരിസരത്ത് തന്നെയുള്ള ആളാണെന്നും എനിക്ക് ബലമായ സംശയം ഉണ്ട്.എഴുതിയവന്‍ ഈ മൊബൈല്‍ കാലഘട്ടത്തില്‍ ഒരു മൊബൈല്‍ക്കോള്‍ ചെയ്താല്‍ പോരായിരുന്നില്ലേ എന്നൊരു പരിഭവം എനിക്കില്ലാതില്ല.


ഇത്രയും പറഞ്ഞത് ആമുഖമാണ്. എന്തിനും ഒരു ആമുഖം നല്ലതാണല്ലോ. ഇനി നേരേ കാര്യത്തിലേക്ക് കടക്കുകയാണ്. സത്യം പറഞ്ഞാല്‍ കത്ത്‌ വായിച്ചതോടെ അച്ചായന്‍ ആകെയങ്ങ് തകര്‍ന്നു പോയി. ഇപ്പോള്‍ ആറു ദിവസമായിട്ട് ഞാന്‍ ജോലിക്കും പോകുന്നില്ല ഒരു കോപ്പിനും പോകുന്നില്ല. റൂമിലിരുന്ന് ഒരേ വെള്ളമടിയാണ്‌. എനിക്കറിയേണ്ടത് ഈ
കേട്ടതെല്ലാം സത്യമാണോ എന്നാണ്.



കത്തിലെ ഒന്നാമത്തെ കാര്യം, നീ പ്രായം ചെന്ന എന്‍റെ അമ്മച്ചിയെ പള്ളും, പരത്തെറിയും പതിവായി പറയുന്നു എന്നതാണ്. അമ്മച്ചിയെ നീ തെറി വിളിക്കുന്നത് കാരണം തെറി വിളിയില്‍ നമ്മുടെ പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ്കാരിയായിരുന്ന തൊട്ടപ്പുറത്തെ നാരായണിയേടത്തിയെപ്പോലും നീ തോല്‍പ്പിച്ചു കളഞ്ഞു എന്നു കേട്ടു ഞാനാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സെലീനേ. ഇങ്ങനൊരു മാറ്റം നിനക്ക് എങ്ങനെ വന്നു കരളേ?
നമ്മുടെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ പത്തു വര്‍ഷമാകുന്നു. കല്യാണ ശേഷം രണ്ടു വര്‍ഷത്തോളം നമ്മള്‍ ഒരുമിച്ച് ഹണിമൂണ്‍ ആഘോഷിച്ചു. അത് കഴിഞ്ഞാണ് ഞാന്‍ ഗള്‍ഫിലേക്കു വരുന്നത്. ഇപ്പോള്‍ ഇവിടെ എട്ടു വര്‍ഷമായി. ഇതു വരെ എനിക്ക് നാട്ടിലേക്ക് ലീവിനു വരാന്‍ കഴിഞ്ഞില്ല. നിനക്കു വേണ്ടിയാണ് ഞാന്‍ നാട്ടിലേക്ക് ഒന്നു വരുകപോലും ചെയ്യാതെ ഇവിടെക്കിടന്നു കഷ്ട്ടപ്പെടുന്നത്. അറിയാമോ നിനക്ക്. ഇനിയിപ്പോ വരുന്ന ഡിസംബറില്‍ നാട്ടിലേക്ക് വന്നു അവിടെത്തന്നെ കൂടാം എന്നു ചിന്തിച്ചിരിക്കുകയുമാണ്‌. അന്ന് നമ്മള്‍ ഒരുമിച്ചുള്ള രണ്ടു വര്‍ഷങ്ങള്‍ നീ എത്ര പാവമായിരുന്നു?! വല്ലപ്പോഴുമൊക്കെ എന്നെ "ഡാഷ്' മോനേ എന്നും, പോയി "ഡാഷ്'ചെയ്യഡാ എന്നൊക്കെ പറഞ്ഞിരുന്നു എന്നല്ലാതെ നാരായണിയേടത്തിയെ തോല്‍പ്പിക്കാന്‍ മാത്രം തെറികള്‍ ഒന്നും നിനക്ക് അന്ന് അറിഞ്ഞു കൂടായിരുന്നു. അതു പോയിട്ട് ഇപ്പോ നീ എന്റമ്മച്ചിയെ തെറി പറയുന്നു. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുന്നു...നിനക്കറിയാമോ സെലീനേ, എന്‍റെ അപ്പച്ചന്‍ പോലും മരിക്കുന്നതു വരെ എന്റമ്മച്ചിയുടെ ദേഹത്ത് കൈ വച്ചിട്ടില്ല. മ്മച്ചി വല്ലപ്പോഴും ചിരവ കൊണ്ടും ചൂലു കൊണ്ടും അപ്പച്ചനിട്ട്
രണ്ടു കൊടുത്തെങ്കിലേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ പോയിട്ട് ഇപ്പോള്‍ മരുമകളുടെ ചവിട്ടും, ഇടിയും കൊള്ളേണ്ട ഗതികേടിലായി എന്റമ്മച്ചി. ഇതൊക്കെ വായിച്ചു എന്‍റെ അണ്ഡകടാഹം വരെ വിയര്‍ത്തു പോയിരിക്കുന്നു സെലീനേ.



ഊമക്കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന അടുത്ത കാര്യം അതിലും വിചിത്രമാണ്. എന്‍റെ ഒരേയൊരു പെങ്ങളെയും, അളിയനെയും നീ നമ്മുടെ വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല എന്നതാണ്. പെങ്ങളും, അളിയനും നിന്നോട് എന്തു ചെയ്തു? ഒരു ദിവസം വീട്ടിലേക്ക് വന്ന സാലിയെയും അളിയനെയും നീ സ്വീകരിച്ചത് പശുവിനു കൊടുക്കുന്ന കാടിവെള്ളം കോരി അവരുടെ മോന്തയ്ക്ക് ഒഴിച്ചു കൊണ്ടാണ് എന്നു വായിച്ചു ഞാന്‍ വീണ്ടും ഞെട്ടി. തെന്‍കാശിപ്പട്ടണത്തിലെ ദിലീപിനെപ്പോലെ കാടിയില്‍ കുളിച്ചു നില്‍ക്കുന്ന അളിയന്റെ അന്നേരത്തെ അവസ്ഥ എന്തായിരിക്കണം എന്നോര്‍ത്തപ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ്‌ കപ്പി. പശു കുടിക്കേണ്ടുന്ന പഴത്തൊലിയും, പിണ്ണാക്കും അളിയനും, പെങ്ങളും കൂടി കുടിക്കേണ്ടിവന്നത് എത്ര മാനക്കേടായി എന്നു ഓര്‍ത്ത് എനിക്ക് ഒരു സമാധാനവും ഇല്ല.പിന്നെ പശുവിനു നീ എന്തെടുത്തിട്ട് കൊടുത്തു? പശു പട്ടിണിയായിരുന്നോ? അളിയനും, പെങ്ങളും പിന്നെന്തു ചെയ്തു? ഇതൊന്നും കത്തില്‍ ഇല്ല.



അടുത്ത വെളിപ്പെടുത്തല്‍ ആണ് അതിലും ഭീകരം. നീ ഇഞ്ജിപ്പറമ്പിലെ കുര്യാക്കോസിന്റെ ഒപ്പം തേക്കടിക്ക് ടൂര്‍ പോയി എന്നതായിരുന്നു അത്. സത്യമാണോ സെലീനേ അത്? കുര്യാക്കോസ് പണ്ടേ സ്ത്രീ വിഷയത്തില്‍ വീക്ക് ആണ്. അവന്റെയൊപ്പം പോകാന്‍ മാത്രം അത്രയ്ക്ക് പോക്ക് അല്ലല്ലോ നീ. സെലീന അവന്റെ കീപ്പ് ആണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. അവനു നീയൊരു സൂപ്പ്‌ ആണത്രേ. കാര്യങ്ങളുടെ കിടപ്പ് വശം വെറും ചീപ്പ് ആണല്ലോ സെലീനേ? ഒപ്പം നീയും, അവനും ചേര്‍ന്നുള്ള ചില ബ്ലൂടൂത്ത് രംഗങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ടു പോലും. ഇതൊക്കെ കേട്ടു ഞാനാകെപ്പാടെ ഒരു വല്ലാത്ത അവസ്ഥയിലാണ്. ഇതൊക്കെ സത്യമാണോ സെലീനേ? ഇതെല്ലാം കൂടി എന്നെ വട്ടു പിടിപ്പിക്കുകയാണ്‌. ഞാനീ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിന്റെ കയ്യില്‍ നിന്നും വ്യക്തമായ ഉത്തരം എനിക്ക് വേണം. ഇതെല്ലാം വെറും കെട്ടുകഥകള്‍ ആണെന്നും, നിന്നെ വളയ്ക്കാന് ശ്രമിച്ചിട്ട് കിട്ടാഞ്ഞതിന്റെ വാശിക്ക് ഒരുത്തന്‍ എഴുതിക്കൂട്ടിയ മൂന്നാംകിട ഫ്രാഡ് നംബര്കള്‍ ആണെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്‍റെ സെലീന ഇപ്പോഴും പളുങ്കു പോലെ നിഷ്കളങ്കയാണ് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്...


എന്തു തന്നെയായാലും എത്രയും വേഗം നീ ഇതിനു മറുപടി പറയണം. മറുപടി
ഫോണിലൂടെ പറഞ്ഞാല്‍ മതി. കത്ത് കയ്യില്‍ കിട്ടിയാലുടന്‍ തന്നെ എന്നെ വിളിക്കണം. അതു വരെ ഞാന്‍ ഇവിടിരുന്ന് വെള്ളം അടിച്ചോളാം. ഇനി അഥവാ ഈ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍, ഞാന്‍ നാട്ടില്‍ വന്നാലുടന്‍ നമ്മുടെ ഡൈവോഴ്സ് നടക്കുന്നതായിരിക്കും.



സ്വന്തം
ഷിബുച്ചായന്‍
അല്‍ ഹുബ്മാബിദ് ലിമിറ്റഡ്
ദുബായ്‌ ജംഗ്ഷന്‍
ദുബായ്‌.



Related Articles
ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

തിങ്കളാഴ്‌ച, മേയ് 02, 2011

ഒബാമ കൊന്നു, ഒസാമയെ

ഇതൊരു ദുരന്ത ദിവസമാണ്‌. നമ്മുടെ എല്ലാമെല്ലാമായ അഭിവന്ദ്യ ഒസമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു. എന്തൊരു കരളലിയിക്കുന്ന വാര്‍ത്തയാണ്‌?
സത്യത്തില്‍ പ്രസ്തുത വാര്‍ത്ത കേട്ട നിമിഷം മുതല്‍ എനിക്കാണെങ്കില്‍ കരച്ചില്‍ അടക്കാനേ വയ്യ. വളരെയേറെ കരഞ്ഞു കൊണ്ടാണ് ഞാനീ പൊസ്റ്റ് എഴുതുന്നത്. എന്റെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി ഗൂഗില്‍ മാപ്പു വഴി ധാരാവി വരെ പൊയിരിക്കുന്നു. ഇതിന്റെ പാതി കണ്ണീര് മതിയായിരുന്നു ഇടുക്കി ഡാം നിറയാന്‍ .

സത്യത്തില്‍ എത്ര നല്ലൊരു തീവ്രവാദിയായിരുന്നു അദ്ദേഹം. ലാദന്‍ വാണരുളിയ നാളുകളില്‍ അഫ്ഗാനിസ്താനൊരു സ്വര്‍ഗമായിരുന്നു, സ്വര്‍ഗം. അവിടെ കള്ളവുമില്ല, ചതിവുമില്ല. എള്ളൂളമില്ല പൊളി വചനം. അത്തരം സിറ്റുവെഷനായിരുന്നു ആ രാജ്യത്ത്. എത്ര സമ്ബല്‍ സമൃദ്ധമായിരുന്നു ആ രാജ്യമന്ന്. എവിടെ നൊക്കിയാലും കുഴി ബോംബുകള്‍, റ്റൈം ബോംബുകള്‍, ഗുണ്ട്, തോക്ക്, പീരങ്കി, വെടി... എത്ര രസമായിരുന്നു അന്നൊക്കെ. മരിച്ചു കിടക്കുന്ന ഒരു മനുഷ്യനെ ചുമ്മാ അങ്ങ് പുകഴ്ത്തുകയാണെന്ന് വിചാരിക്കരുത്. സത്യത്തില്‍ ഇദ്ദേഹത്തിന്റെയൊക്കെ കാലത്ത് ജീവിക്കാന്‍ സാധിച്ചതാണ് നമ്മുടെയൊക്കെ ഒരു പുണ്യമെന്നു പറയുന്നത്. കുഴി ബോംബ് പൊട്ടി കുഞ്ഞുങ്ങള്‍ ചാകുന്നു, പെണ്ണുങ്ങളുടെ മൂക്ക് അറുത്തു മാറ്റുന്നു, ആരെടാ എന്നു ആരെങ്കിലും ചോദിച്ചാല്‍ എന്തെടാ എന്നു പറയുന്നതിനു പകരം നേരേ ചെന്ന് ഒരു ഷെല്ലങ്ങോട്ട് എടുത്ത് ഒറ്റ വിടീലാണ്. അന്നേരം ദാണ്ടേ കിടക്കുന്നു ആരെടാ എന്നു ചൊദിച്ചവന്‍ കരിക്കട്ടയായി. ചുരുക്കിപ്പറഞാല്‍ നല്ല അടിപൊളി ജോര്‍ ആയിരുന്നു ലാദന്‍
അങ്ങുന്നിന്റെ ഭരണകാലം.

അയല്‍ രാജ്യങ്ങളുമായി നല്ലൊരു ആത്മബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഇന്‍ഡ്യന്‍ പട്ടാളക്കാരെ വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്. ഇന്‍ഡ്യന്‍ പട്ടാളം പണിയൊന്നുമില്ലതെ ചുമ്മാ ബോറടിച്ചു ഇരിക്കുന്നു എന്നു മനസിലായ ഉടനെ എത്രയെത്ര തീവ്രവാദികളെയാണ് അദ്ദേഹം പാക്കിസ്താനിലൂടെ, ഇന്‍ഡ്യയിലേക്ക് നുഴഞ്ഞു കയറാന്‍ വിട്ടത്. നുഴഞ്ഞു കയറ്റം ആരംഭിച്ചുതോട നമ്മുടെ പട്ടാളക്കാര്‍ക്ക് പണിയുമായി, ബോറടിയും മാറി. ആ മഹാനുഭാവന്റെ വിശാലമായ കാഴ്ചപ്പാടും, സ്നേഹവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസുമൊക്കെയാണ് ഇതിലൂടെ വെളിവാകുന്നത്.
അതുപോലെ തന്നെ പരമ പ്രധാനമായ ഒന്നാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഓപ്പറേറഷന്‍ .
സത്യതില്‍ ഇത്രയും വല്യ രണ്ടു കെട്ടിടങ്ങള്‍ എങ്ങനെയാണ് ഒന്ന് പൊളിച്ചു കളയുക എന്നോര്‍ത്ത് ജോര്‍ജ് ബുഷ് അന്തം വിട്ട് നില്‍ക്കുമ്പോഴാണു ലാദന്‍ അങ്ങുന്ന് അത് വളരെ ഈസിയായി തകര്‍ത്തത്. ലോകത്തെ ഏറ്റവും വല്യ കെട്ടിടങ്ങളായിരുന്നു അത്. അതൊന്നു പൊളിക്കണമെങ്കില്‍ എത്രയെത്ര ബുള്‍ഡോസര്‍ വേണ്ടി വരും, എത്രയെത്ര ജെ സി ബി വേണ്ടി വരും.ഇതിന്റെയെല്ലാം വാടക എവിടുന്നെടുത്തിട്ട് കൊടുക്കും. ആകെ ടെന്‍ഷനടിച്ച് പ്രാന്തു പിടിച്ച ബുഷ് അദ്ദെഹത്തിനു വെറും ഒരു മണിക്കൂറിനുള്ളില്‍ പുഷ്പ്പം പോലെ കെട്ടിടം ഇടിച്ചു കൊടുത്തത് ലാദന്‍ അങ്ങുന്നാണ്. ബുള്‍ഡോസറും വേണ്ട ഒരു ഡൈനോസറും വേണ്ട എന്നു പറഞ്ഞു വെറും രണ്ടു പുഷ്പക വിമാനങ്ങള്‍ കൊണ്ടാണ് ആശാന്‍ പുഷ്പം പോലെ പണി തീര്‍ത്തത്. അതും അഞ്ജു പൈസ പോലും വാങ്ങാതെ,
തികച്ചും ഫ്രീയായി. അത്രയും നല്ല മനുഷ്യനായിരുന്നു ലാദന്‍ സാര്‍. പക്ഷേ എന്നിട്ടെന്തായി. എല്ലാ നല്ല മനുഷ്യര്ക്കും പറ്റാറുള്ളത് പോലെ ഒടുവില്‍ പാലു കുടിച്ചവന്മ്മാര്‍ തന്നെ തിരിഞു കൊത്തി. ഉദ്ദിഷ്ട കാര്യത്തിന് ലവലേശം ഉപകാരസ്മരണയില്ലാത്ത, ബുഷും കൂട്ടരും ലാദന്‍ സാറിനെ ചുമ്മാ അങ്ങ് വേട്ടയാടാന്‍ തുടങ്ങി.അതോടെ ഗത്യന്തരമില്ലാതെ
ലാദന്‍ സാര്‍ പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ പോയൊളിച്ചു. അവിടേം ലവന്‍മ്മാര് (അമേരിക്ക) പറന്നെത്തി.. പിന്നെ ജീവനും കൊണ്ട് തേരാപാരാ ഓട്ടമായിരുന്നു.
ഓട്ടോമന്‍ തുര്‍ക്കി പോലും ഇങ്ങനത്തെ ഒരു ഓട്ടം ഓടിക്കാണുകേല.
ഓടിയോടി അവസാനം അദ്ദേഹത്തിന്റെ വായില്‍ നിന്നും ഓഡിയോ ശബ്ദം പോലും പുറത്തു വരാതായി. അല്ലായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് അല്‍ ജസീറ ചാനലിലൂടെ " അമേരിക്കയെ താന്‍ വീണ്ടും സഹായിക്കുന്നുണ്ട്"എന്നു പറഞ്ഞേനെ. അങ്ങനെയങ്ങനെ നിരന്തരമായ ഓട്ടത്തിനിടയില്‍ മഹാനായ അദ്ദേഹം അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു.
ഒടുവില്‍ ഇപ്പൊ ഇങ്ങനെയുമായി. ആള് കൊല്ലപ്പെട്ടു. ക്രൂരന്മാരായ അമേരിക്കന്‍
പട്ടാളക്കാരാല്‍ നിഷ്കളങ്കനായ ലാദന്‍ സാര്‍ വധിക്കപ്പെട്ടു. ലോക സമാധാനം ജീവിത
വ്രതമായെടുത്ത ഒരു പാവം മനുഷ്യനെ പട്ടിയെ കൊല്ലുന്നത് പോലെ കൊന്നുകളഞ്ഞു അമേരിക്ക. ഇനി ഇവിടെ എന്തു സമാധാനം???

വാല്:-
മലയാളികളോട് ഒസാമ ബിന്‍ ലാദന് ഒരു പ്രത്യേക സ്നേഹമായിരുന്നു. ലാദന്‍ സാര്‍
ആകെപ്പാടെ ഒരേ ഒരു ദ്രോഹം മാത്രമേ നമ്മള്‍ മലയാളികളോട് ചെയ്തുള്ളു.
അത് മുന്‍പൊരിക്കല്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണ്ഡഹാറിലേക്ക്
തട്ടിക്കൊണ്ടുപോയതാണ്‌. ആ ഒരൊറ്റ സംഭവം കാരണമാണ്‌ മേജര്‍ രവി എന്ന സംവിധായകന്‍ കാണ്ഡഹാര്‍ എന്ന സിനിമ പിടിച്ചതും, അതു കണ്ട മലയാളികളുടെ കാശും,
ക്ഷമയും പോയതും. അല്ലാത്ത പക്ഷം മലയാളികളുടെ പൊന്നോമനപുത്രന്‍ ആയിരുന്നു ആ മഹാന്‍ . ലാദനെപ്പോലെ ഇത്രയും നല്ല പൊന്നുപോലത്തെ സ്വഭാവമുള്ള ഒരു മനുഷ്യന്‍
വേറെ ഇല്ലായിരുന്നു എന്നു തന്നെ പറയാം. മേജര്‍ രവി ഇങ്ങനെയൊരു സിനിമ
പിടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ലാദന്‍ സാര്‍ അന്ന് ആ വിമാനം ഹൈജാക്ക്
ചെയ്യുകയേ ഇല്ലായിരുന്നത്രേ...


Related Articles