
രണ്ടായിരത്തി പതിനൊന്ന് ജനുവരി ഇരുപത്തൊന്നാം തീയതി ജൂലിയന്‍ അസാഞ്ചെയേക്കുറിച്ച്
ആസാന്‍ജ് ഒരു പുപ്പുലി ! എന്ന പോസ്റ്റ് എഴുതി തുടങ്ങിയ ഒരു പടയോട്ടമാണിത്.
(പിന്നാലെ കല്ലുകളുമായി വായനക്കാരും...) അന്നു തന്നെ 2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ച്
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍... എന്നൊരു പോസ്റ്റും ബ്ലോഗിലിട്ടു. തുടക്ക കാലത്ത്, വല്ലപ്പോഴും ഒരോന്നൊക്കെ എഴുതണമെന്നാണ് കരുതിയത്. നമ്മളെഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുമെന്നോ, വായനക്കാരെ എങ്ങനെ വല വാശിപ്പിടിക്കുമെന്നോ ഒന്നും അറിവില്ലായിരുന്നു അന്ന്. പക്ഷേ, പിന്നീട് ആഴ്ച്ചയില്‍ മൂന്ന് പോസ്റ്റ് എന്നത് ഒരു കണക്കായിപ്പോയി. മൂന്നു പോസ്റ്റ് ഇടാന്‍ എത്ര കൂതറയാവാനും നമ്മളു റെഡിയാണെന്ന് ചുരുക്കം...
സാമൂഹിക വിപത്തുകള്‍ക്കും അനാചാര അഴിമതികള്‍ക്കും എതിരെ പോരാടുന്ന ബ്ലോഗെന്ന
നിലയ്ക്ക് ബ്ലോഗിന്റെ റേറ്റിങ് ഒന്നിനൊന്ന് കൂടിക്കൂടിവരുന്നത് നിങ്ങള്‍ വായനക്കാര്‍ക്കും
രോമാഞ്ചകരം ആണെന്നാണ് ഈയുള്ളവന്റെ വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗിന്റെ പോക്ക്കണ്ടാല്‍ ചമ്പക്കര കമലം തെങ്ങേല് വലിഞ്ഞ് കേറുന്നത് പോലുണ്ട്. കമലം തെങ്ങ് കേറുന്നത് കണ്ണിനു കാണാന്‍ കിട്ടുകേല. അത്ര സ്പീഡാണ്. പടാര്‍ ബ്ലോഗിന്റെ കുതിപ്പും അത്ര തന്നെ സ്പീഡിലാണ്..! വായനക്കാരുടെ വിചാരം ഇതു ചുമ്മാ രസത്തിന് വേണ്ടി തുടങ്ങിയബ്ലോഗാണെന്നാണ്. എന്നാല്‍ കേട്ടോളൂ .ഇത് ചുമ്മാ ഒരു തമാശിന് വേണ്ടി തുടങ്ങിയ ബ്ലോഗാണ്.
എന്നു കരുതി, അതിന്റേതായ ഒരു അഹങ്കാരമോ, അനാക്രാന്തമോ നമുക്കില്ല.
ഇത്രയും കാലത്തിനിടയ്ക്ക് മനസ്സിലായ ഒരു കാര്യം, കുറേപ്പേരൊക്കെ ഇതിലേ വന്ന് വായിച്ചിട്ട് പോകുന്നുണ്ട് എന്നതാണ്. കുറച്ച് പേരൊക്കെ കമന്റ് ഇടാറുമുണ്ട്. ഉള്ളത് പറയാമല്ലോ, ഇന്ന് വരെ
കമന്റിന്റെ എണ്ണം മുപ്പത് കടന്നിട്ടില്ല. ആരും കമന്റിടാന്‍ പോലും മടിക്കുന്നത്ര തരം താണ ബ്ലോഗാണിതെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും ചിലരൊക്കെ തികച്ചും ആത്മാര്‍ത്ഥമായിത്തന്നെ നമ്മുടെ എഴുത്തുകളെ അഭിനന്ദിക്കുമ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ തോന്നാറുണ്ട്. ആ സമയങ്ങളില്‍ ചിറാപ്പുഞ്ചിയിലൊക്കെ മഞ്ഞുവീഴ്ച്ച സാധാരണമാവും. ഒരിയ്ക്കല്‍ ലതിക സുഭാഷിന്റെ പ്രസിദ്ധീ. എന്ന ഒരു പോസ്റ്റിന് സാക്ഷാല്‍ ലതികാ സുഭാഷ് വന്ന് കമന്റ് ഇട്ടത്, വലിയൊരു കാര്യമായി ഈയുള്ളവന് കാണുന്നു. വി.എസ്. അച്യുതാനന്ദനേക്കുറിച്ചുള്ള പോസ്റ്റിന്, അച്യുതാനന്ദന് തന്നെ കമന്റിടുന്ന കാലം ഈ ബ്ലോഗിനത്ര വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്...
എന്തു തന്നെയായാലും ഈ ബ്ലോഗ് വായിക്കുന്ന, ഫോളോ ചെയ്യുന്ന, കമന്റിടുന്ന ഒരുപാട് പേരുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു. നിങ്ങളൊരോരുത്തരും നല്കുന്ന ഈ സ്നേഹ സഹകരണങ്ങള്‍ക്ക് ആയിരമായിരം നന്ദി അറിയിക്കട്ടെ. വായനക്കാരുടെ താല്‍പ്പര്യമാണ് ഈ ബ്ലോഗില്‍ നൂറു പോസ്റ്റ് തികയ്ക്കാനുള്ള ഊര്‍ജ്ജമായത്. ഈ നൂറാം നിറവിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ എല്ലാ വായനക്കാരേയും ക്ഷണിയ്ക്കുന്നു...
നൂറാമത്തെ ടമാര്‍ പടാര്‍:
വായനക്കാര്‍ക്കുള്ള നാരങ്ങാ മിട്ടായി ഫാക്സായി അയച്ചിട്ടുണ്ട്...
* ചിത്രത്തില്‍, ഈ പോസ്റ്റിന് തൊട്ടു മുന്‍പു വരെയുള്ള പോസ്റ്റുകളുടെ കൗണ്ടിങ്ങ് കാണിച്ചിരിക്കുന്നു.